ഭരണ – പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് യു എന്നിന്റെ രൂക്ഷ വിമര്‍ശം

Posted on: January 8, 2014 12:17 am | Last updated: January 8, 2014 at 12:17 am

യു എന്‍/ധാക്ക: ബംഗ്ലാദേശില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന ആക്രമണങ്ങളും പ്രക്ഷോഭങ്ങളും ഉടന്‍ അവസാനിപ്പിക്കണമെന്നും ഇരുവിഭാഗവും സമാധാന ചര്‍ച്ചക്ക് തയ്യാറാകണമെന്നും യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. സമാധാനപരമായ മാര്‍ഗത്തിലുടെ തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കാത്തതില്‍ ബംഗ്ലാദേശിലെ ഭരണ, പ്രതിപക്ഷ പാര്‍ട്ടികളെ മൂണ്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ഏറെ ഖേദകരമായ വാര്‍ത്തകളാണ് ബംഗ്ലാദേശില്‍ നിന്ന് കേട്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പിനെതിരെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി (ബി എന്‍ പി)യുടെ നേതൃത്വത്തില്‍ നടന്ന രാജ്യ വ്യാപകമായ പ്രക്ഷോഭത്തിനിടെ 160 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ബി എന്‍ പിയുടെ നേതൃത്വത്തിലുള്ള 18 പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ച തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ശേഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് നാലില്‍ മൂന്ന് ഭൂരിപക്ഷത്തിന് വിജയിച്ചിരുന്നു.
സമാധാന ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയുന്ന ലളിതമായ രാഷ്ട്രീയ വിഷയങ്ങളാണ് ബംഗ്ലാദേശിലുണ്ടായതെന്നും എന്നാല്‍, അത് കൂടുതല്‍ പര്‍വതീകരിച്ച് സംഘര്‍ഷാവസ്ഥയിലെത്തിയതിന് പിന്നില്‍ രാജ്യത്തെ ഭരണ- പ്രതിപക്ഷ കക്ഷികള്‍ക്കും തുല്യ പങ്കുണ്ടെന്ന് മൂണ്‍ വ്യക്തമാക്കി. ബംഗ്ലാദേശിന്റെ ജനാധിപത്യ പ്രക്രിയയെ സംരക്ഷിക്കുമെന്നും അക്രമരാഹിത്യത്തിലൂടെയും സമാധന ചര്‍ച്ചകളിലൂടെയും പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, തിരഞ്ഞെടുപ്പ് നടന്ന 147ല്‍ 104 സീറ്റുകളിലും പ്രതീക്ഷിച്ച പോലെ വിജയം നേടിയ ശേഖ് ഹസീനയുടെ പാര്‍ട്ടി മന്ത്രിസഭയുണ്ടാക്കുമെന്ന് വ്യക്തമാക്കി. 127 സീറ്റുകളില്‍ എതിരാളികള്‍ ഇല്ലാത്തതിനാല്‍ വോട്ടെടുപ്പ് നടന്നിരുന്നില്ല. ഇവിടെ നിന്നും അവാമി ലീഗ് സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളുടെ ഉപരോധവും ആക്രമണവും ശക്തമായതിനാല്‍ കേവലം ഇരുപത് ശതമാനത്തിന്റെ വോട്ടെടുപ്പ് മാത്രമാണ് നടന്നിരുന്നത്.
ഞായറാഴ്ചയായിരുന്നു വിവാദമായ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് രണ്ട് ദിവസത്തെ ദേശീയ ബന്ദിന് ആഹ്വാനം ചെയ്ത പ്രതിപക്ഷ പാര്‍ട്ടികള്‍ ഇരുനൂറോളം പോളിംഗ് സ്റ്റേഷനുകള്‍ അഗ്നിക്കിരയാക്കുകയും അക്രമിക്കുകയും ചെയ്തു. അതേസമയം, തീവ്രവാദികളും മൗലിക വാദികളുമായ ജമാഅത്തെ ഇസ്‌ലാമിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ പ്രതിപക്ഷം തയ്യാറായാല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തുമെന്നും പ്രക്ഷോഭം അവസാനിപ്പിച്ച് അവാമി ലീഗുമായി ധാരണയിലെത്താന്‍ ബി എന്‍ പി തയ്യാറാകണമെന്നും പ്രധാനമന്ത്രി ശേഖ് ഹസീന പറഞ്ഞു.
തിരഞ്ഞെടുപ്പ് നിഷ്പക്ഷ സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടത്തണമെന്നും പ്രധാനമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് നവംബര്‍ മുതല്‍ രാജ്യത്ത് പ്രക്ഷോഭവുമായി പ്രതിപക്ഷം രംഗത്തിറങ്ങിയിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പിന് നിഷ്പക്ഷ സര്‍ക്കാറിനെ ചുമതലപ്പെടുത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പ്രതിപക്ഷ നേതാവായ ഖാലിദ സിയയെ വീട്ടുതടങ്കലിന് സമാനമായ രീതിയില്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കിയതിന് പിന്നാലെയായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.