യൂറോപ്യന്‍ യൂനിയന്‍- ഇറാന്‍ ചര്‍ച്ച നാളെ

Posted on: January 8, 2014 12:01 am | Last updated: January 8, 2014 at 12:01 am

അങ്കാറ: ആണവ കരാര്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഇറാനും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും ജനീവയില്‍ രണ്ട് ദിവസത്തെ ചര്‍ച്ച നടത്തും. യൂറോപ്യന്‍ യൂനിയന്റെ മധ്യസ്ഥയായ ഹെല്‍ഗ സ്ചിമിഡുമായി വ്യാഴാഴ്ച ചര്‍ച്ച നടത്തുമെന്ന് ഇറാന്‍ വിദേശകാര്യ സഹമന്ത്രി അബ്ബാസ് അരാക്വചി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കഴിഞ്ഞ നവംബറില്‍ ജനീവയില്‍ ഇറാനുമായി അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി, റഷ്യ, ചൈന എന്നീ ലോകശക്തി രാജ്യങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ ആണവകരാര്‍ സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു. പകരം ഇറാന് എതിരായ ഉപരോധത്തില്‍ ഇളവ് വരുത്താനും തീരുമാനിച്ചിരുന്നു.
എന്നാല്‍, കരാര്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച സാങ്കേതിക വിഷയങ്ങളില്‍ യോജിപ്പിലെത്താന്‍ ഇറാനിലെ ആണവ വിദഗ്ധരും ലോകശക്തി രാജ്യങ്ങളും പിന്നീട് നിരവധി വട്ടം ചര്‍ച്ചകള്‍ നടത്തുകയുണ്ടായി.
ജനുവരി 20ന് കരാറിലെത്തത്തുമെന്ന് ഇറാനും ലോകശക്തി രാജ്യങ്ങളും സമ്മതിച്ചതായി നേരത്തേ ഇറാന്റെ മധ്യസ്ഥന്‍ പറഞ്ഞിരുന്നു. ഇറാന്റെ ആണവ സമ്പുഷ്ടീകരണം സൈനിക ലക്ഷ്യത്തിനുവേണ്ടിയുള്ളതാണെന്നാണ് പാശ്ചാത്യ രാജ്യങ്ങള്‍ ഭയക്കുന്നത്. എന്നാല്‍ ഊര്‍ജാവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ആണവോര്‍ജം നിര്‍മിക്കുന്നതെന്നാണ് ഇറാന്റെ നിലപാട്.