കാലവര്‍ഷക്കെടുതിയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഇതുവരെയും സഹായമെത്തിയില്ല

Posted on: January 7, 2014 6:02 pm | Last updated: January 7, 2014 at 6:02 pm

പാണത്തൂര്‍: കാലവര്‍ഷക്കെടുതിയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം ഇനിയുമെത്തിയില്ല. കഴിഞ്ഞ ഏപ്രില്‍ മുതല്‍ മലയോര മേഖലയില്‍ കെടുതിയില്‍ നിരവധി കര്‍ഷകര്‍ക്കാണ് കൃഷിനാശം സംഭവിച്ചത്. കാറ്റിലും മഴയിലും നിരവധി കര്‍ഷകരുടെ കൃഷികള്‍ നശിച്ചുപോയി. പലര്‍ക്കും അതു മൂലം വരുമാനത്തില്‍ കുറവ് വന്നത് പ്രയാസങ്ങള്‍ ഉണ്ടാക്കി. കൃഷി നാശം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നെങ്കിലും അത് ഇനിയും ലഭ്യമായിട്ടില്ല.
കളളാര്‍ പഞ്ചായത്തില്‍ കൃഷിനാശം സംഭവിച്ച 69 കര്‍ഷകര്‍ക്കായി 2,54,275 ലഭിക്കാനുളളത്. റബര്‍, കമുക്, തെങ്ങ്, വാഴ എന്നിവയാണ് ഏറ്റവും അധികം നശിച്ചത്.കൃഷി നാശത്തിന്റെ കണക്കുകള്‍ കൃത്യസമയത്തു തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കണക്കെടുപ്പ് നടത്തി നഷ്ടപരിഹാരത്തിനായി സമര്‍പ്പിച്ചെങ്കിലും കര്‍ഷകര്‍ക്ക് ലഭിക്കാന്‍ വേണ്ട നടപടികള്‍ ആരുടേയും ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. കൃഷി നാശം സംഭവിക്കുമ്പോള്‍ സ്ഥലം സന്ദര്‍ശിച്ച് പത്രത്തില്‍ പടം വരുത്താന്‍ മാത്രമുളള താത്പര്യമേ ജനപ്രതിനിധികള്‍ കാട്ടുന്നുളളുവെന്ന ആക്ഷേപവു മുണ്ട്.പിന്നീട് ഈ വിഷയ ത്തെക്കുറിച്ച് യാതൊരു നടപടികള്‍ക്കും അവര്‍ തയ്യാറാകുന്നില്ലെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു
പനത്തടി പഞ്ചായത്തില്‍ 16 ലക്ഷത്തോളം രൂപയാണ് ഇത്തരത്തില്‍ കര്‍ഷകര്‍ക്ക് ലഭിക്കാനുളളത്. 170 കര്‍ഷ കര്‍ക്കാണ് വന്‍തോതില്‍ കൃഷി നാശം സംഭവിച്ചത്. ഇതേസമയം സര്‍ക്കാര്‍ കണക്കനുസരിച്ചാണെങ്കില്‍ ചെറിയ തോതിലുളള നഷ്ടപരിഹാരമാണ് കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.
ടാപ്പ് ചെയ്യുന്ന മരം -300, ചെയ്യാത്തത്-200, കമുക്-150, തെങ്ങ്-700, കുലയ്ക്കാത്ത വാഴ-75, കുലച്ചത്-100, കശുമാവ്-150, കരുമുളക്-75 എന്ന തോതിലാണ് നഷ്ടപരിഹാരത്തുക ലഭിക്കുന്നത്. എന്നാല്‍ 2013 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള സമയത്തുണ്ടായ കൃഷിനാശത്തിന് നിലവിലുളള നഷ്ടപരിഹാരത്തുകയുടെ പത്തുശതമാനം അധികമായി നല്‍കുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നു. കര്‍ഷകരുടെ കാര്യത്തില്‍ പ്രഖ്യാപനത്തില്‍ മാത്രമായി കാര്യങ്ങളൊതുങ്ങുന്നതില്‍ അവര്‍ക്ക് നിരാശയുണ്ട്.