Connect with us

Palakkad

ഡോക്ടര്‍മാര്‍ കൂട്ടത്തോടെ അട്ടപ്പാടി വിടാന്‍ ഒരുങ്ങുന്നു

Published

|

Last Updated

പാലക്കാട്: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ടത്തോടെ അട്ടപ്പാടി വിടാന്‍ ഒരുങ്ങുന്നു. അട്ടപ്പാടി പാക്കേജിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച അധികവേതനം ലഭിക്കാത്തതും ദുര്‍ഘട ഗ്രാമീണ മേഖലയില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പി ജി പ്രവേശനത്തിന് സംവരണം ലഭിക്കാത്തതുമാണ് ഡോക്ടര്‍മാരെ ചുരമിറങ്ങാന്‍ പ്രേരിപ്പിക്കുന്നത്.
ശിശുമരണത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച അട്ടപ്പാടി പാക്കേജിലാണ് ഡോക്ടര്‍മാര്‍ക്ക് 20,000 രൂപ പ്രതിമാസം അധിക വേതനം നല്‍കുമെന്ന് പറഞ്ഞത്. മാത്രമല്ല ദുര്‍ഘട ഗ്രാമീണ മേഖലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പി ജി പ്രവേശത്തിന് സംവരണം അനുവദിക്കാമെന്നും ഉറപ്പും നല്‍കിയിരുന്നു. എട്ട് മാസം പിന്നിട്ടിട്ടും അധികവേതനം കിട്ടിയതുമില്ല. പിജി പ്രവേശകാര്യം സര്‍ക്കാര്‍ ഉറപ്പാക്കുന്നുമില്ല.
എന്‍ ആര്‍ എച്ച് എം ഡോക്ടര്‍മാര്‍ ഒഴികെ ഇതുവരെ ആര്‍ക്കും അധികവേതനം കൊടുത്തിട്ടില്ല. പി എസ് സി നിയമനം വഴിയും അഡ്‌ഹോക്കായും ഐ ടി ഡി പി ക്ലിനിക്കുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കാണ് വേതനം ലഭിക്കാത്തത്. അട്ടപ്പാടിയിലേക്ക് ഡോക്ടര്‍മാരെ ആകര്‍ഷിക്കാനാണ് പി ജി പ്രവേശം നല്‍കുമെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉറപ്പുകൊടുത്തത്. പുതിയ പി ജി പ്രവേശത്തിനുള്ള സമയമായിട്ടും ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പ്രോസ്‌പെക്ടസിന്റെ കരടിലും ഇക്കാര്യം മിണ്ടുന്നില്ല. അട്ടപ്പാടിയില്‍ ആകെയുള്ള 52 ഡോക്ടര്‍മാരില്‍ 40 പേരും പി ജി പ്രവേശം ആഗ്രഹിക്കുന്നവരാണ്. പ്രതിഷേധ സൂചകമായി എട്ടിന് ഒ പി ബഹിഷ്‌കരിച്ച് കോട്ടത്തറ ആശുപത്രിക്ക് മുന്നില്‍ ധര്‍ണ നടത്താനാണ് ഡോക്ടര്‍മാരുടെ തീരുമാനം.