Connect with us

Malappuram

ജനസമ്പര്‍ക്ക പരിപാടി; അപേക്ഷകളില്‍ തീരുമാനം 30 നകം

Published

|

Last Updated

മലപ്പുറം: മുഖ്യമന്ത്രി നവംബര്‍ നാലിന് ജില്ലയില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച പരാതികളില്‍ ഈമാസം 30 നകം അന്തിമ തിരുമാനമെടുക്കും.
അപേക്ഷകളില്‍ തുടര്‍ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് സമ്മേളന ഹാളില്‍ ജില്ലാ കലക്ടര്‍ കെ ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാതല ഉദ്യേഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കി. ജനസമ്പര്‍ക്ക പരിപാടിക്ക് മുന്‍പ് ലഭിച്ച അപേക്ഷകളില്‍ തീര്‍പ്പാക്കാന്‍ ബാക്കിയുള്ളവയില്‍ 14 നകം നടപടിയെടുത്ത് കലക്ടറേറ്റില്‍ ഓണ്‍ലൈനായി റിപ്പോര്‍ട്ട് നല്‍കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.
ജനസമ്പര്‍ക്ക പരിപാടിയുടെ ദിവസം ലഭിച്ച അപേക്ഷകള്‍ 22 നകം തീര്‍പ്പാക്കണം. മുഖ്യമന്ത്രി നേരിട്ട് സ്വീകരിച്ച് നടപടി നിര്‍ദേശിച്ചതും കൗണ്ടറില്‍ സ്വീകരിച്ചതുമായി 7,565 അപേക്ഷകളാണ് ഇത്തരത്തിലുള്ളത്. മുഖ്യമന്ത്രി നേരിട്ട് സ്വീകരിച്ചതിന് ശേഷം കൂടുതല്‍ അന്വേഷണത്തിനും സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നതിനുമായി നിര്‍ദേശിച്ച അപേക്ഷകള്‍ ഈമാസം 30 നകം തീര്‍പ്പാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. അപേക്ഷകള്‍ നിരസിക്കുകയാണെങ്കില്‍ വ്യക്തമായ കാരണം രേഖപ്പെടുത്തണം.
ജില്ലാതല ഉദ്യോഗസ്ഥര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ കലക്ടറേറ്റില്‍ വിശദമായി പരിശോധിച്ചതിന് ശേഷമാണ് അപേക്ഷകര്‍ക്ക് മറുപടി നല്‍കുക. പഞ്ചായത്ത്തല സ്‌ക്രീനിംഗ് കമ്മിറ്റികള്‍ അംഗീകരിച്ച ബി പി എല്‍ പട്ടിക നിലവില്‍ 77 പഞ്ചായത്തുകളാണ് കലക്ടറേറ്റില്‍ നല്‍കിയിട്ടുള്ളത്. പട്ടിക സമര്‍പ്പിക്കാത്ത പഞ്ചായത്തുകളും നഗരസഭകളും 15 നകം നിര്‍ബന്ധമായും നല്‍കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

Latest