Connect with us

Wayanad

എസ് കെ എം ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ദേശീയ അംഗീകാരം

Published

|

Last Updated

കല്‍പറ്റ: ഭോപ്പാലില്‍ നടന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ കല്‍പറ്റ എസ് കെ എം ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച പ്രബന്ധം അംഗീകാരം നേടി. മത്സരിച്ച 650 പ്രബന്ധങ്ങളില്‍ ആദ്യ 20ല്‍ ഇടം പിടിക്കാനും എ പ്ലസ് ഗ്രേഡ് നേടാനും വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞത് വന്‍നേട്ടമായി. ഇവര്‍ക്ക് ഒരു മാസം ഇന്ത്യയിലെ മികച്ച ലബോറട്ടറികളില്‍ പരിശീലനവും ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഫെലോഷിപ്പും ലഭിക്കും.
സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ വിദ്യാര്‍ഥികളായ സ്‌നേഹഗംഗ, കാവ്യ മനോഹര്‍, കാവ്യ രമേശ്, വിഷ്ണു, വൈഷ്ണവ് എന്നിവരാണ് സമ്മാനര്‍ഹരായ ടീം അംഗങ്ങള്‍. ബയോഗ്യാസ് പ്ലാന്റുകളുടെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കുക എന്നതായിരുന്നു ഗവേഷണ പ്രബന്ധം.
ഇതിനായി കാട്ടുപോത്തിന്റേ ചാണകത്തില്‍ നിന്നും ഉയര്‍ന്ന അളവില്‍ മീഥേല്‍ ഉല്‍പ്പാദിപ്പിക്കുന്ന ബാക്ടീരിയകളെ കണ്ടെത്തി ലബോറട്ടറിയില്‍ പ്രത്യേക രീതിയില്‍ വളര്‍ത്തിയെടുത്ത് ബയോഗ്യാസ് പ്ലാന്റുകളില്‍ നിക്ഷേപിച്ചു. ഇവയുടെ പ്രവര്‍ത്തനംമൂലം പ്ലാന്റിലെ മിഥേല്‍ ഉല്‍പ്പാദനം വര്‍ദ്ധിച്ചതായി കണ്ടെത്തി. പുതിയ കണ്ടുപിടുത്തം ബയോഗ്യാസ് പ്ലാന്റുകളുടെ ക്ഷമത 25 ശതമാനംവരെ വര്‍ധിക്കുന്നതിന് കാരണമാകുമെന്നും വിദ്യാര്‍ഥികള്‍ കണ്ടെത്തി.
കാടും അതിലെ ജൈവവൈവിധ്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യവും പ്രബന്ധത്തില്‍ വിവരിച്ചിട്ടുണ്ട്.
സ്‌കൂളിലെ അധ്യാപകനായ ശാലിന്റേയും എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിലെ ശാസ്ത്രജ്ഞന്‍ ജോസഫ് ജോണിന്റേയും നേതൃത്വത്തിലായിരുന്നു കുട്ടികളുടെ പഠന നിരീക്ഷണങ്ങള്‍.