കംഫര്‍ട്ട് സ്റ്റേഷന്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ പൂട്ടിച്ചു

Posted on: January 7, 2014 1:23 pm | Last updated: January 7, 2014 at 1:23 pm

കല്‍പറ്റ: കല്‍്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ കക്കൂസ് മാലിന്യം പുറത്തേക്കൊഴുക്കുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടപെട്ട് പൂട്ടിച്ചു. പിന്നീട് നഗരസഭാ അധികൃതരെത്തി അറ്റകുറ്റപ്പണികള്‍ നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചിടുകയാണെന്ന് കരാറുകാര്‍ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്നലെ രാവിലെയോടെയാണ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സാലി റാട്ടക്കൊല്ലിയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കംഫര്‍ട്ട് സ്റ്റേഷന്‍ അടപ്പിച്ചത്.
മാലിന്യം സമീപത്തെ അഴുക്കുചാലിലേക്ക് ഒഴുക്കുകയാണ് കംഫര്‍ട്ട് സ്റ്റേഷന്‍ കരാറെടുത്തവര്‍ ചെയ്യുന്നതെന്ന് പ്രദേശത്തെ വ്യാപാരികള്‍ ആരോപിച്ചിരുന്നു. മൂന്നുമാസം മുമ്പ് കംഫര്‍ട്ട് സ്റ്റേഷനിലെ കക്കൂസ് ടാങ്ക് മാറ്റി സിമന്റ് ടാങ്ക് സ്ഥാപിച്ചിരുന്നു. അന്ന് ടാങ്കിന്റെ പുറത്തേക്കുള്ള പൈപ്പ് അഴുക്കുചാലിലേക്ക് പോകുന്ന രീതിയില്‍ സ്ഥാപിക്കാനുള്ള ശ്രമം വ്യാപാരികള്‍ തടഞ്ഞിരുന്നു. എന്നാല്‍ രണ്ടാഴ്ച മുമ്പ് ടാങ്ക് നിറഞ്ഞ് പുറത്തേക്കൊഴുകിയപ്പോള്‍ രാത്രി സമയത്ത് മോട്ടോര്‍ ഉപയോഗിച്ച് ഓടയിലേക്ക് മാലിന്യം പമ്പുചെയ്തുമാറ്റുകയായിരുന്നു. പുതിയ ബസ് സ്റ്റാന്‍ഡ് നവീകരിക്കുന്നതിന്റെ ഭാഗമായി ബസുകള്‍ കയറുന്നതും ഇറങ്ങുന്നതും മറ്റൊരു വശത്തുകൂടിയാണെങ്കിലും സ്റ്റാന്‍ഡില്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള ഏക മാര്‍ഗം ഈ കംഫര്‍ട്ട് സ്റ്റേഷന്‍ മാത്രമായിരുന്നു. മാലിന്യം പൊട്ടിയൊലിക്കുന്നത് ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ ചുറ്റുപാടും മറച്ചുകെട്ടിയിടുകയാണ് കംഫര്‍ട്ട് സ്റ്റേഷന്‍ കരാറുകാര്‍ ചെയ്തിട്ടുള്ളത്. കടുത്ത ദുര്‍ഗന്ധം മൂലം കംഫര്‍ട്ട് സ്റ്റേഷന് സമീപത്തുകൂടി യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണെന്നും മാലിന്യം പൊട്ടിയൊഴുകുന്നതും മാലിന്യം ഓടയിലൊഴുക്കുന്നതും അവസാനിപ്പിച്ചില്ലെങ്കില്‍ മാരകമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നും സമീപവാസികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.