Connect with us

Wayanad

രോഗം പരത്തുന്ന ആശുപത്രി ഉപകരണങ്ങള്‍ കളിക്കോപ്പുകളായി വിപണിയില്‍

Published

|

Last Updated

മാനന്തവാടി: രോഗം പരത്തുന്ന ആശുപത്രി ഉപകരണങ്ങള്‍ രൂപമാറ്റം വരുത്തി കളിക്കോപ്പുകളായി വിപണിയില്‍ വില്‍പ്പന നടത്തുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന കത്തീറ്റര്‍ ട്യൂബാണ് രൂപ മാറ്റം വരുത്തി കുട്ടികള്‍ സാധാരണ ഗതിയില്‍ കളിക്കാനായി ഉപയോഗിക്കുന്ന കവണയില്‍ റബര്‍ ട്യൂബിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കത്തീറ്ററൈസേഷന്‍ പ്രക്രിയക്ക് ശേഷം ആശുപത്രികളില്‍ നിന്നും പുറം തള്ളപ്പെടുന്ന ഉപകരണമാണുത്.
മൂത്രാശയ സംബന്ധമായ രോഗമുള്ളവര്‍ക്കും അതീവ ഗുരുതരാവസ്ഥയിലുള്ളവര്‍ക്കും മറ്റും മലമൂത്ര വിസര്‍ജനം സുഗമമാക്കുന്നതിനായി കത്തീറ്റര്‍ ട്യൂബ് വിസര്‍ജനാവയവത്തില്‍ കൂടിയും മറ്റും കടത്തി വിടുകയും പോളിത്തീന്‍ ബാഗ് വഴി മൂത്രമടക്കമുള്ള ശരീര മാലിന്യങ്ങള്‍ ശേഖരിക്കുകയും ചെയ്യും. കൂടാതെ ഈ ട്യൂബ് വഴി മരുന്നുകള്‍ ശരീരത്തിലേക്ക് കയറ്റി വിടാനും ഉപയോഗിക്കാറുണ്ട്.
വിവിധ രോഗങ്ങളുമായി ബന്ധപ്പെട്ട ചികിത്സക്കായി ഉപയോഗിക്കുന്ന ഉപകരണമായതിനാല്‍ ഈ റബര്‍ ട്യൂബിനുള്ളില്‍ രോഗാണുക്കള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. കുട്ടികള്‍ തെറ്റാലി ഉപയോഗിക്കുന്നതിനിടെ പല തവണ ഇത് അശ്രദ്ധമായി കൈകാര്യം ചെയ്യുകയും ഈ ട്യൂബ് വാ കൊണ്ട് കടിച്ചു പിടിക്കുക പോലും ചെയ്യുന്നുണ്ട്. ഇത് കുട്ടികളില്‍ അതീവ ഗുരുതര രോഗങ്ങള്‍ സൃഷ്ടിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. ഇത്തരം തെറ്റാലികള്‍ ഭവിഷത്തുകള്‍ മനസിലാക്കാതെ ജില്ലയിലെ പെട്ടികടകളില്‍ പോലും സജീവമായി വില്‍പ്പന നടത്തുകയാണ്.
ആശുപത്രിയില്‍ നിന്നുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഇമേജ് എന്ന സംഘടനയാണ് പ്രവര്‍ത്തിക്കുന്നത്. ഈ മാലിന്യങ്ങള്‍ പാലക്കാട് കൊണ്ട് പോയി റീറൈക്കിള്‍ ചെയ്യുന്നു. എന്നാല്‍ ഉപയോഗിച്ച കത്തീറ്റര്‍ ട്യൂബ് എങ്ങനെയാണ് വിപണിയിലെത്തുന്നതെന്ന് ഇവര്‍ക്കും അറിവില്ല. മെഡിക്കല്‍ ഷോപ്പുകളിലും ആശുപത്രികളിലും 100 രൂപ മുതല്‍ 200 രുപവരെ ഒരു ട്യുബിന് വില വരുമ്പോള്‍ ഇത് ഉപയോഗിച്ച് ഉണ്ടാക്കുന്ന തെറ്റാലിക്ക് 25 രൂപയാണ് വില. അത് കൊണ്ട് തന്നെ ഒരിക്കലെങ്കിലും ഉപയോഗിച്ച ഈ ട്യൂബ് വളരെ വിലകുറച്ച് ലഭിക്കുന്നുണ്ടെന്നുള്ളതാണ് വാസ്തവം. ഇതിനെതിരെ അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടാകണമെന്നുള്ള ആവശ്യത്തിലാണ് പൊതു ജനങ്ങള്‍.

Latest