വയനാട് ജില്ലാ സഹകരണ ബേങ്ക്: ഗോപിനാഥനെ ഡയറക്ടര്‍ പദവിയില്‍ നിന്നു നീക്കി

Posted on: January 7, 2014 1:20 pm | Last updated: January 7, 2014 at 1:20 pm

കല്‍പറ്റ: യു ഡി എഫ് നിയന്ത്രണത്തിലുള്ള വയനാട് ജില്ലാ സഹകരണ ബേങ്ക് ഭരണസമിതിയില്‍നിന്നു ബത്തേരി താലൂക്ക് ഹൗസിങ് സഹകരണ സംഘം മുന്‍ പ്രസിഡന്റും ഡി സി സി ട്രഷററുമായ കെ കെ ഗോപിനാഥനെ നീക്കി. കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാ ബേങ്ക് ഭരണസമിതി യോഗം ഐകകണ്‌ഠ്യേനയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
കോണ്‍ഗ്രസിലെ എ വിഭാഗക്കാരനായ ഗോപിനാഥന്‍ ഹൗസിങ് സൊസൈറ്റി പ്രതിനിധി എന്ന നിലയിലാണ് ജില്ലാ ബേങ്ക് ഭരണസമിതിയിലെത്തിയത്. ഗോപിനാഥന്‍ പ്രസിഡന്റായ സൊസൈറ്റി ഭരണസമിതി കഴിഞ്ഞ ഒക്‌ടോബര് 11ന് ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ പിരിച്ചുവിട്ടിരുന്നു. ബത്തേരി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിലെ(ജനറല്‍) യൂനിറ്റ് ഇന്‍സ്‌പെക്ടറെ പാര്‍ട്ട് ടൈം അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കുകയുമുണ്ടായി. യഥാസമയം തിരഞ്ഞെടുപ്പ് നടത്താത്തതുമൂലം സൊസൈറ്റിയില്‍ ഉണ്ടായ താത്കാലിക ഭരണസ്തംഭനം ഒഴിവാക്കുന്നതിനായിരുന്നു ജോയിന്റ് രജിസ്ട്രാറുടെ നടപടി. 2013 ഓഗസ്റ്റ് 14 വരെയായിരുന്നു ഹൗസിങ് സൊസൈറ്റി ഭരണസമിതിയുടെ കാലാവധി.
ഭരണസമിതി പിരിച്ചുവിട്ടും പാര്‍ട്‌ടൈം അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചും ഉത്തരവായതോടെ ഹൗസിങ് സൊസൈറ്റി പ്രതിനിധി എന്ന നിലയില്‍ ജില്ലാ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലുള്ള പ്രാതിനിധ്യം ഗോപിനാഥന് നഷ്ടമായി.
എങ്കിലും ജില്ലാ ബേങ്ക് ഡയറക്ടര്‍ബോര്‍ഡ് യോഗങ്ങളില്‍ അദ്ദേഹം പങ്കെടുത്തുവരികയായിരുന്നു. ഇതിനിടെ, ഗോപിനാഥന്‍ ബേങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങളില്‍ പങ്കെടുക്കുന്നത് സഹകരണ ചട്ടത്തിന്റെ ലംഘനമാണെന്ന നിയമോപദേശം ജില്ലാ ബേങ്കിനു ലഭിച്ചു. കെ കെ ദണ്ഡപാണി അസോസിയേറ്റ് എന്ന സ്ഥാപനമാണ് ജില്ലാ ബേങ്കിനു നിയമോപദേശം നല്‍കിവരുന്നത്.
ജില്ലാ ബേങ്ക് ഡയറക്ടര്‍ സ്ഥാനം നിലനിര്‍ത്താന്‍ ഗോപിനാഥന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാന്‍ മാത്രമാണ് അനുമതി ലഭിച്ചത്. ഇതേത്തുടര്‍ന്ന് ജില്ലാ ബേങ്ക് അധികാരികള്‍ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു ദണ്ഡപാണി അസോസിയേറ്റിന്റെ നിയമോപദേശം. ഇതിനുശേഷം കഴിഞ്ഞ നവംബര്‍ അവസാനവാരം ചേര്‍ന്ന ജില്ലാ ബേങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കുന്നതിനു ഗോപിനാഥന് ബേങ്ക് ജനറല്‍ മാനേജര്‍ കത്ത് നല്‍കിയിരുന്നില്ല. എങ്കിലും ബാങ്കിലെത്തി യോഗഹാളില്‍ പ്രവേശിച്ച ഗോപിനാഥന്‍ മിനുട്‌സില്‍ ഒപ്പിടുന്നത് ബേങ്ക് പ്രസിഡന്റും കോണ്‍ഗ്രസിലെ ഐ വിഭാഗക്കാരനുമായ പി.പി. ബാലചന്ദ്രന്‍ തടയുകയുണ്ടായി. ഡി സി സി സീനിയര്‍ വൈസ് പ്രസിഡന്റും കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പുകാരനുമായ ഡയറക്ടര്‍ കെ സി നാണുവും ഗോപിനാഥന്‍ മിനുട്‌സില്‍ ഒപ്പിടുന്നത് എതിര്‍ത്തിരുന്നു.
അതിനിടെ, ബത്തേരി സഹകരണ അര്‍ബന്‍ ബേങ്കിലെ അനധികൃത നിയമനവും പ്രമോഷനുമായി ബന്ധപ്പെട്ട പരാതിയില്‍ സഹകരണ വകുപ്പ് വിശദാന്വേഷണം തുടങ്ങി. ബേങ്ക് വൈസ് ചെയര്‍മാന്‍ പദവിയില്‍നിന്നു അവിശ്വാസപ്രമേയത്തിലൂടെ പുറത്തായ കോണ്‍ഗ്രസ് സേവാദള്‍ ജില്ലാ ചെയര്‍മാന്‍ ആര്‍ പി ശിവദാസ്, ബത്തേരിയിലെ സഹകാരി മാങ്ങാട്ടുകുന്നേല്‍ ജോസ് എന്നിവര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. ശിവദാസ് നല്‍കിയ പരാതിയില്‍ സഹകരണ സംഘം രജിസ്ട്രാര്‍ കെ ഗോപാലകൃഷ്ണഭട്ട് ഉത്തരവിട്ടതനുസരിച്ച് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍(ഓഡിറ്റ്) കഴിഞ്ഞ ജൂലൈയില്‍ അന്വേഷണം നടത്തിയിരുന്നു. ബേങ്ക് ചെയര്‍മാനും ഡി സിസി മുന്‍ പ്രസിഡന്റുമായ പ്രൊഫ.കെ പി തോമസ് ഉള്‍പ്പെടെയുള്ളവരില്‍നിന്നു തെളിവെടുത്താണ് ജോയിന്റ് രജിസ്ട്രാര്‍ മേലധികാരിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബേങ്കില്‍ പട്ടികജാതി-വര്‍ഗക്കാര്‍ക്ക് സംവരണം ചെയ്ത പ്യൂണ്‍ തസ്തികയില്‍ ജനറല്‍ വിഭാഗത്തിനായി നടത്തിയ പരീക്ഷയിലെ റാങ്ക് ലിസ്റ്റില്‍നിന്നു നിയമനം നല്‍കിയതിലും മൂന്നു ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം അനുവദിച്ചതിലും ക്രമക്കേടുണ്ടെന്ന് വ്യക്തമാക്കുന്ന തായിരുന്നു ജോയിന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ട്. ഇതില്‍ നടപടി വൈകുന്ന പശ്ചാത്തലത്തിലാണ് മാങ്ങാട്ടുകുന്നേല്‍ ജോസിന്റെ പരാതി സഹകരണ സംഘം രജിസ്ട്രാര്‍ക്ക് ലഭിച്ചത്.
പരാതികളില്‍ വിശദാന്വേഷണത്തിനു കണ്ണൂര്‍ ജില്ലാ അസിസ്റ്റന്റ് രജിസ്ട്രാര്‍ രാമചന്ദ്രനെയാണ് സഹകരണ രജിസ്ട്രാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇദ്ദേഹം വൈകാതെ തെളിവെടുപ്പ് തുടങ്ങുമെന്നാണ് വിവരം.
ബേങ്കില്‍ ജനറല്‍ വിഭാഗത്തിലെ മുന്നു ഒഴിവുകളില്‍ നിയനത്തിനു അപേക്ഷ ക്ഷണിച്ച് പരീക്ഷയും കൂടിക്കാഴ്ചയും നടത്തി 2010 നവംബര്‍ 11ന് റാങ്ക് ലിസ്റ്റ് തയാറാക്കിയിരുന്നു. രണ്ട്
വര്‍ഷമാണ് ഈ ലിസ്റ്റിനു കാലാവധി നിശ്ചയിച്ചിരുന്നത്. 2012 ഓഗസ്റ്റ് 27ന് പുതിയ ഡയറക്ടര്‍ ബോര്‍ഡ് നിലവില്‍വരാനിരിക്കെ 2012 മാര്‍ച്ച് 22ന് മുന്‍ ഭരണസമിതി റാങ്ക് ലിസ്റ്റിന്റെ കാലാവധി ആറു മാസത്തേക്ക് നീട്ടിയിരുന്നു. ഈ ലിസ്റ്റിലെ പതിമുന്നാം റാങ്കുകാരനെ പട്ടികജാതി-വര്‍ഗ സംവരണ തസ്തികയില്‍ നിയമിച്ചതില്‍ വന്‍ അഴിമതിയുണ്ടെന്ന് ശിവദാസും ജോസും പരാതികളില്‍ ആരോപിക്കുന്നുണ്ട്.