അമേരിക്ക തണുത്ത് മരവിക്കുന്നു; താപനില -51 ഡിഗ്രി

Posted on: January 7, 2014 11:06 am | Last updated: January 8, 2014 at 12:48 am

us

വാഷിംഗ്ടണ്‍: അടുത്തകാലത്തനുഭവപ്പെട്ട ഏറ്റവും വലിയ മഞ്ഞുവീഴ്ചയില്‍ അമേരിക്ക തണുത്തുറയുന്നു. അമേരിക്കയുടെ മധ്യ, ഉത്തരഭാഗങ്ങളില്‍ താപനില പൂജിയത്തിനുതാഴെ 51 ഡിഗ്രി സെല്‍ഷ്യസിലെത്തി. 50ലേറെ സെന്റീമീറ്റര്‍ കട്ടിയില്‍ മഞ്ഞുവീഴുന്ന തണുപ്പില്‍ മരണപ്പെട്ടവരുടെ എണ്ണം 16 ആയി. 3700 വിമാന സര്‍വീസുകള്‍ റദ്ദാക്കി. അനേകം സര്‍വീസുകള്‍ മണിക്കൂറുകളോളം വൈകുകയാണ്. ഹിമക്കാറ്റും അമേരിക്കയിലെയും കാനഡയിലെയും ജനജീവിതം തടസ്സപ്പെടുത്തി.

ജനങ്ങളോട് വീടുവിട്ട് ഇറങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അമേരിക്കയിലെയും കാനഡയിലേയും ഭൂരിഭാഗം സ്‌കൂളുകളും ഓഫീസുകളും അടച്ചിട്ടിരിക്കുകയാണ്. ഇന്ധനം നിറക്കുന്ന ഉപരണങ്ങള്‍ മരവിച്ചത് കാരണം ഇന്ധനം നിറക്കാന്‍ കഴിയാതെ വിമാനങ്ങള്‍ പ്രതിസന്ധിയിലായി. 20 വര്‍ഷം മുമ്പ് 1994ലാണ് ഇതിനുമുമ്പ് അമേരിക്കയില്‍ ഇത്തരത്തിലുള്ള തണുപ്പ് അനുഭവപ്പെട്ടത്.