മര്‍ദനമേറ്റ് ഒമാനില്‍ കുടുങ്ങിയ യുവാവ് വ്യാഴാഴ്ച നാട്ടിലേക്കു തിരിക്കും

Posted on: January 7, 2014 6:00 am | Last updated: January 7, 2014 at 1:26 am

മസ്‌കത്ത്: സ്‌പോണ്‍സറുടെ ക്രൂര മര്‍ദനമേല്‍ക്കുകയും വന്‍ സാമ്പത്തിക ബാധ്യതകളാല്‍ വിഷമിക്കുകയും ചെയ്ത് മാനസികമായി തളര്‍ന്ന യുവാവ് ഇന്ത്യന്‍ എംബസിയുടെയും മാധ്യമ പ്രവര്‍ത്തന്റെയും സഹായത്തോടെ വ്യാഴാഴ്ച നാട്ടിലേക്കു തിരിക്കും. ഒന്നര വര്‍ഷത്തോളമായി തുടര്‍ന്ന അനിശ്ചിതാവസ്ഥക്കൊടുവിലാണ് കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശിയായ പ്രമോദ് നാട്ടിലേക്കു തിരിക്കുന്നത്.
നേരത്തെ ഒമാനിലുണ്ടായിരുന്ന പ്രമോദ് രണ്ടു വര്‍ഷം മുമ്പാണ് ബേങ്കില്‍ വെച്ച് പരിചയപ്പെട്ട ഒമാനിയുടെ സ്‌പോണ്‍സര്‍ഷിപ്പിലും പങ്കാളിത്തത്തോടെയും ചെറുകിട നിര്‍മാണ സ്ഥാപനം തുടങ്ങിയത്. 18,000 റിയാലോളം പലരില്‍നിന്നായി കടം വാങ്ങിയായിരുന്നു നിക്ഷേപം. സ്ഥാപനം വലിയ പ്രശ്‌നമില്ലാതെ മുന്നോട്ടു പോകുന്നതിനിടെ സ്‌പോണ്‍സറുടെ സ്വഭാവം മാറിത്തുടങ്ങുകയായിരുന്നു. പൂര്‍ത്തിയാക്കിയ ജോലികള്‍ക്കു ലഭിക്കേണ്ട തുകകള്‍ തൊഴില്‍ ദാതാക്കളില്‍നിന്നും പ്രമോദ് അറിയാതെ സ്‌പോണ്‍സര്‍ പിന്‍വലിച്ചു തുടങ്ങി. താന്‍ കടം കൊടുക്കാനുള്ളവര്‍ക്ക് പണം നല്‍കാനാകാതെയും സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലെത്തുകയും ചെയ്തത് അറിയിച്ചതോടെ സ്‌പോണ്‍സര്‍ പ്രമോദിന് എതിരാവുകയായിരുന്നു.
തര്‍ക്കം നിലനില്‍ക്കുന്നതിനിടെ 2012 മെയ് മാസത്തില്‍ പ്രമോദിനെ ബലമായി പിടിച്ചു കൊണ്ടുപോയി ബംഗാളി തൊഴിലാളികള്‍ തമാസിക്കുന്ന സ്ഥലത്തു വെച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. രണ്ടു ദിവസം ഇവിടെ ബന്ധനാവസ്ഥയിലായിരുന്നു. ഇവിടെനിന്നു രക്ഷപ്പെട്ട് അടുത്ത ദിവസം ഇന്ത്യന്‍ എംബസയില്‍ സഹായം തേടിയെത്തി. എന്നാല്‍ ഉടന്‍ ശരിയാകുമെന്ന പ്രതീക്ഷയില്‍ ആഴ്ചയില്‍ ഒന്നും രണ്ടും തവണ എംബസിയിലെത്തിയെങ്കിലും നീണ്ടു പോവുകയായിരുന്നു. ഇതിനിടെ വിസയം ലേബര്‍ കാര്‍ഡും കാലാവധി കഴിഞ്ഞു. ഇതോടെ നിയമവിരുദ്ധ താമസക്കാരനുമാമായി.
മുഖ്യമന്ത്രിയുള്‍പെടെ പലര്‍ക്കും പരാതി നല്‍കിയെങ്കിലും വേണ്ടത്ര ഫലമുണ്ടായില്ല. മാനസികമായി ആകെ തകരുകയായിരുന്നുവെന്ന് പ്രമോദ് പറഞ്ഞു. വീട്ടുകാര്‍ താന്‍ ജയിലിലാണെന്നാണ് കരുതിയത്. പറഞ്ഞുറപ്പിച്ച വിവാഹം മുടങ്ങിപ്പോയി. ആരെയും വിളിക്കാനോ ബന്ധപ്പെടാനോ കഴിയാത്ത സ്ഥിതിയായിരുന്നു. പലപ്പോഴും ജീവന്‍ അവസാനിപ്പിച്ചാലോ എന്നു കരുതി. എന്നാല്‍ സാമ്പത്തിക ബാധ്യത തീര്‍ക്കണമെന്ന താത്പര്യവും അച്ഛനെയും അമ്മയെയും കാണണമെന്ന മോഹവുമാണ് തുടരാന്‍ പ്രേരിപ്പിച്ചത്.
എംബസിയില്‍ വെച്ച് പരിചയപ്പെട്ട ടൈംസ് ഓഫ് ഒമാന്‍ ലേഖകന്‍ റജിമോനാണ് ഒടുവില്‍ സഹായത്തിനെത്തിയത്. അദ്ദേഹത്തിന്റെ ഇടപെടലിലൂടെ എംബസിയില്‍നിന്നും രേഖകള്‍ ശരിയാക്കി ലഭിച്ചു. ടിക്കറ്റും കിട്ടി. പിഴയൊടുക്കാനുള്ള സംഖ്യ ഒരു സ്വകാര്യ ജ്വല്ലറിയില്‍ നിന്നും ലഭിച്ചു. ഇനി ഗള്‍ഫിലേക്കില്ലെന്നും നാട്ടില്‍ ലോണെടുത്തോ മറ്റോ കടങ്ങള്‍ വീട്ടണമെന്നും അദ്ദേഹം പറഞ്ഞു.