ഒമാനില്‍ വളാഞ്ചേരി സ്വദേശിയുടെ മരണം കൊലപാതകമെന്ന് ഭാര്യാ സഹോദരന്‍

Posted on: January 7, 2014 6:00 am | Last updated: January 7, 2014 at 1:24 am

siraj-02-omn.pmdമസ്‌കത്ത്: ബര്‍കയില്‍ വളാഞ്ചേരി സ്വദേശി കഴുത്തു മുറിച്ചു മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം കൊലപാതകമാണെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഭാര്യാ സഹോദരന്‍ ഇന്ത്യന്‍ എംബസിക്കു പരാതി നല്‍കി. വളാഞ്ചേരി വലിയ കുന്ന് ഗുരനാഥത്തൊടി അനില്‍കുമാറിന്റെ മരണം ആത്മഹത്യയല്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി ഭാര്യാ സഹോദരന്‍ പ്രസാദ് കല്‍കുഴിയാണ് പരാതി നല്‍കിയത്.
സംതൃപ്തമായി കുടുംബ ജീവിതം നയിച്ചു വന്ന അനില്‍ കുമാറിന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യം നിലവിലുണ്ടായിരുന്നില്ല. പ്രതിമാസം കൃത്യമായി വീട്ടിലേക്കു ശമ്പളം അയച്ചു കൊടുക്കുകയും തന്റെ സഹോദരിയുമായും മക്കളുമായും നല്ല ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു. ഭര്‍ത്താവ് വിളിച്ചാല്‍ ഫോണെടുക്കുന്നില്ലെന്നും മറ്റൊരാളാണ് ഫോണെടുക്കുന്നതെന്നും അവിടെ ഒന്നു പോയി നോക്കണമെന്നും സഹോദരി ആവശ്യപ്പെട്ടിരുന്നതായി പ്രസാദ് പരാതിയില്‍ പറയുന്നു. അനില്‍കുമാര്‍ താമസിക്കുന്ന സ്ഥലത്ത് ചെന്ന് ഇവിടെയുള്ള ജോലിക്കാരില്‍നിന്നും ചില വിവരങ്ങള്‍ ശേഖരിച്ചിരുന്നു. മരണശേഷവും തന്റെ ഒമാനി തൊഴിലുടമയുടെ സഹായത്തോടെ സംഭവസ്ഥലത്ത് ചെന്ന് ശേഖരിച്ച വിവരങ്ങളില്‍ കൊലപാതകം സംബന്ധിച്ചുള്ള സംശയം ബലപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
കമ്പനിയില്‍ ഡ്രില്ലിംഗ് ഓപറേറ്ററായി ജോലി ചെയ്തിരുന്ന അനില്‍കുമാറിന്റെ മരണത്തില്‍ തീര്‍ച്ചയായും ദുരൂഹതയുണ്ടെന്നും അത് അന്വേഷിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നുമാണ് പ്രസാദ് എംബസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഡിസംബര്‍ 30നാണ് അനില്‍കുമാര്‍ (38) താമസസ്ഥലത്ത് കഴുത്തു മുറിച്ച് കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. ഇയാള്‍ സ്വയം കഴുത്തറുക്കുകയായിരുന്നുവെന്നാണ് കൂടെ താമസിക്കുന്നവര്‍ നല്‍കിയ മൊഴി. അനില്‍കുമാര്‍ രാത്രിയില്‍ കത്തിയെടുത്ത് ശരീരം മുറിക്കാന്‍ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് ഉണര്‍ന്ന കൂടെ താമസിച്ചിരുന്നയാള്‍ പേടിച്ച് പുറത്തേക്കോടുകയും സമീപവാസികളെയും സ്‌പോണ്‍സറെയും വിവരം അറിയിക്കുകയുമായിരുന്നുവെന്നാണ് അടുത്തു താമസിക്കുന്നവര്‍ പറഞ്ഞത്. തുടര്‍ന്ന് അടുത്തുള്ളവര്‍ വന്നു നോക്കുമ്പോഴേക്കും അനില്‍കുമാര്‍ വാതില്‍ ഉള്ളില്‍നിന്നും അടക്കുകയായിരുന്നു. പോലീസെത്തി തള്ളിത്തുറന്നു നോക്കിയപ്പോള്‍ ഇയാള്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. കൂടെ താമസിച്ചിരുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിനു ശേഷം വിട്ടച്ചു. വര്‍ഷങ്ങളായി ഒമാനിലുള്ള അനില്‍ കുമാര്‍ അഞ്ചു മാസം മുമ്പാണ് ബര്‍കയിലെ സ്വകാര്യ കമ്പനിയില്‍ ജോലിക്കു കയറിയത്. പരേതനായ ഉണ്ണികൃഷ്ണനാണ് പിതാവ്. മാതാവ്: ശാരദാമ്മ. ഭാര്യ: പ്രിയ. മക്കള്‍: കണ്ണന്‍ (അഞ്ച്), ആദിത്യ (രണ്ട്). അനില്‍ കുമാറിന്റെ മൃതദേഹം ഇപ്പോഴും ഇവിടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.