Connect with us

Articles

നല്ല മനസ്സും നല്ല ആഹാരവും

Published

|

Last Updated

നല്ല ശാരീരികാരോഗ്യത്തിന് നല്ല മനസ്സ് വേണം. എന്നാല്‍ നല്ല മനസ്സിന് നല്ല ഭക്ഷണം കൊണ്ടു ഗുണമുണ്ടോ? ആധുനിക പോഷണശാസ്ത്ര ഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്നത് ആഹാരവും മനസ്സും തമ്മിലുള്ള ആ സവിശേഷമായ ഇഴയടുപ്പത്തെക്കുറിച്ചാണ്. മനുഷ്യന്റെ ബുദ്ധിപരവും മാനസിക വുമായ വികാസത്തിന് ഭക്ഷണം അത്യാവശ്യമാണ്. ഭക്ഷണം കൊണ്ട് മനസ്സിനെ തളര്‍ത്താന്‍ കഴിയുന്നതുകൊണ്ടാണ് കുട്ടിയെ ശിക്ഷിക്കാനായി താത്കാലികമായെങ്കിലും മാതാവ് ഭക്ഷണം നിഷേധിക്കുന്നത്. ശിക്ഷിക്കാന്‍ മാത്രമല്ല, പ്രതിഫലമായും ഭക്ഷണം ഉപയോഗിക്കാറുണ്ട്. കുഞ്ഞിനോടുള്ള സ്‌നേഹാധിക്യത്താല്‍ വിഭവസമൃദ്ധമായ ആഹാരങ്ങള്‍ ഒരുക്കിക്കൊടുക്കുന്നത് അവന്റെ മനസ്സിനും ശരീരത്തിനും ഇണങ്ങാന്‍ വേണ്ടിയാണ്. ഇതറിഞ്ഞ് വളരുന്ന കുട്ടി ജീവിതാന്ത്യം വരെ ഭക്ഷണത്തില്‍ നിന്ന് സംതൃപ്തി കണ്ടെത്തുന്നു. സൗഹൃദ സമ്മേളനങ്ങളില്‍ ലഘുഭക്ഷണം വിളമ്പുന്നത് അന്തരീക്ഷത്തിന് അയവ് വരുത്തി ആശയവിനിമയം നടത്താനാണ്. മംഗള കര്‍മങ്ങളില്‍ വിഭവസമൃദ്ധമായ ആഹാരം ഉണ്ടാക്കുന്നു. ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നത് തന്നെ സമത്വത്തെ ഉണ്ടാക്കുന്നതാണ്.
താന്‍ കുടുങ്ങിയ പ്രശ്‌നത്തില്‍ ഉരുണ്ടുമറിഞ്ഞ് കരകയറാന്‍ കഴിയില്ലെന്നറിയുന്ന ചിലര്‍ രോഗികളാകാറുണ്ട്. മനസ്സിലെ പ്രശ്‌നം ശരീരത്തിന് കൈമാറുന്നു. രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നു. ശാരീരിക വേദന, ഛര്‍ദി, ശരീര തളര്‍ച്ച, ഉദരസംബന്ധമായ രോഗങ്ങള്‍, ദഹനപ്രശ്‌നം തുടങ്ങിയവ ചിലര്‍ക്ക് ഉണ്ടാകുന്നു. മാനസിക പ്രശ്‌നം മൂലം ശരിയായ രീതിയില്‍ ഭക്ഷണം കഴിക്കാന്‍ കഴിയാതെ വരികയോ രുചിയുള്ളവ ആവശ്യമില്ലാതാകുകയോ കഴിക്കുന്നത് തന്നെ കഴിക്കേണ്ട ക്രമത്തിലല്ലാതെയോ ആകുമ്പോള്‍ ദഹനം നടക്കാതെ വരുന്നു. അവ ശരീരത്തിന് ദോഷം വരുത്തുന്നു. ഇത്തരം രോഗങ്ങള്‍ ഉണ്ടാകാന്‍ കാരണം ഉപബോധ മനസ്സ് ശാരീരിക പ്രക്രിയയെ സ്വാധീനിക്കുക വഴി ഉണ്ടാകുന്ന രോഗലക്ഷണങ്ങളാണ്. നമ്മുടെ പൂര്‍വികരുടെ ഭക്ഷണത്തില്‍ വൈവിധ്യം കുറവായിരുന്നിരിക്കാം. എന്നാല്‍ കൃത്രിമഭക്ഷണങ്ങള്‍ക്കും പാനീയങ്ങള്‍ക്കും ഭക്ഷ്യവസ്തുക്കള്‍ക്കും പകരം ജൈവവളങ്ങളുപയോഗിച്ചു കൃഷി ചെയ്ത പ്രകൃതിദത്തമായ ആരോഗ്യഭക്ഷണം അവര്‍ക്ക് ഉള്‍ക്കരുത്ത് നല്‍കിയിരുന്നു.
ഓരോ നിമിഷവും തലച്ചോറിനു വേണ്ട ഗ്ലൂക്കോസ് ഭക്ഷണത്തില്‍ നിന്നു തന്നെ ലഭിക്കണം. കരളില്‍ സംഭരിച്ചിരിക്കുന്ന ഗ്ലൈക്കോജന്‍ നല്‍കുന്ന ഊര്‍ജത്തിന് പകരം ഭക്ഷണത്തില്‍ നിന്നുള്ള ഗ്ലൂക്കോസ് മാത്രമാണ് തലച്ചോര്‍ ഉപയോഗിക്കുന്നത്. വൈകാരികത നിയന്ത്രിക്കുന്ന ന്യറോട്രാന്‍സ്മിറ്ററുകളുടെ ഉത്പാദനത്തിന് പ്രോട്ടീനിലെ അവശ്യ അമ്ലങ്ങളായ ട്രിഫ്‌റ്റോഫാന്‍, റ്റൈറോസിന്‍, അലാനിന്‍ എന്നിവ വേണം. ഓരോ നിമിഷവും തലച്ചോറിനു വേണ്ട ഗ്ലൂക്കോസ് ഭക്ഷണത്തില്‍ നിന്നു തന്നെ ലഭിക്കണം. കരളില്‍ സംഭരിച്ചിരിക്കുന്ന ഗ്ലൈക്കോജന്‍ നല്‍കുന്ന ഊര്‍ജത്തിന് പകരം ഭക്ഷണത്തില്‍ നിന്നുള്ള ഗ്ലൂക്കോസ് മാത്രമാണു തലച്ചോര്‍ ഉപയോഗിക്കുന്നത്. വൈകാരികത നിയന്ത്രിക്കുന്ന ന്യറോട്രാന്‍സ്മിറ്ററുകളുടെ ഉത്പാദനത്തിന് പ്രോട്ടീനിലെ അവശ്യഅമ്ലങ്ങളായ ട്രിഫ്‌റ്റോഫാന്‍, റ്റൈറോസിന്‍, അലാനിന്‍ എന്നിവ വേണം.
നമ്മുടെ കുടുംബങ്ങളില്‍ നല്‍കുന്ന പ്രഭാത ഭക്ഷണം പലപ്പോഴും സമീകൃതമല്ല. റൊട്ടിയും വെണ്ണയും ടി വിയില്‍ കാണുന്ന പലതരം ഭക്ഷ്യവസ്തുക്കളും അവശ്യപോഷകങ്ങള്‍ക്കു പകരം ധാരാളം ഊര്‍ജവും കൊഴുപ്പും മധുരവും നല്‍കുന്നു. ഇവര്‍ സ്‌കൂളിലും ജോലിസ്ഥലത്തും എത്തി കുറച്ചുകഴിയുമ്പോള്‍ പെട്ടെന്നു ക്ഷീണിക്കുകയും ചെറിയകാര്യങ്ങള്‍ക്കു പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. സഹപാഠികളെയും സഹപ്രവര്‍ത്തകരെയും ഉപദ്രവിക്കുന്ന തരം വാര്‍ത്തകളും അപൂര്‍വമല്ലല്ലോ.
പ്രഭാതഭക്ഷണത്തില്‍ അന്നജത്തോടൊപ്പം പയറുവര്‍ഗങ്ങള്‍ അല്ലെങ്കില്‍, മുട്ട, പാല്‍, മാംസം ഇവയിലേതെങ്കിലും ഉള്‍പ്പെടുത്തണം. റൊട്ടിയും വെണ്ണയും ജാമും ശീതളപാനീയങ്ങളും കഴിക്കുന്നയാളുകളില്‍ ന്യൂറോട്രാന്‍സ്മിറ്ററുകള്‍ കുറവായിരിക്കും. ജീവകങ്ങളായ ഫോളിക് ആസിഡ്, ബി6, ബി12, ബി1, ജീവകം സി എന്നിവയും കൂടി ഉണ്ടെങ്കിലേ ന്യൂറോട്രാന്‍സ്മിറ്ററുകളുടെ ഉത്പാദനം സുഗമമാകൂ. ലവണമായ സിങ്ക് നല്ല ഉറക്കം നല്‍കുന്നു.
നല്ല ഉറക്കത്തിനാവശ്യമായ മെലാറ്റോണിന്‍ എന്ന ഹോര്‍മോണ്‍, ബദാം, വാള്‍നട്ട്‌സ്, അണ്ടിപ്പരിപ്പ്, ഓട്ട്‌സ് എന്നിവയില്‍ ധാരാളം ഉണ്ട്. തലച്ചോറിന്റെ കൂട്ടുകാര്‍ എന്നാണിവരെ വിശേഷിപ്പിക്കുന്നത്. ആന്റിഓക്‌സിഡന്റുകള്‍ എന്നറിയപ്പെടുന്ന ജീവക്കറികളില്‍ നിന്നാണ് സുലഭമായി ലഭിക്കുന്നത്. പച്ചക്കറികള്‍ ഇഷ്ടപ്പെടാത്ത കുഞ്ഞുങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന രൂപത്തിലും രുചിയിലും നല്‍കണം. അര കിലോ മുതല്‍ മുക്കാല്‍ കിലോ വരെ പഴങ്ങളും പച്ചക്കറികളും ഇലക്കറികളും കഴിച്ചു ശീലിക്കുന്ന ഒരാള്‍ക്കു ശാരീരിക മാനസികാരോഗ്യം എളുപ്പം കൈവരിക്കാം.
പൊട്ടാസ്യം എന്ന ലവണത്തിന്റെ അഭാവം എപ്പോഴും ജിജ്ഞാസ, മനസ്സിന്റെ താളം തെറ്റല്‍, പേശികളുടെ ബലഹീനത, പേശികളുടെ തരിപ്പ് എന്നിവ ഉണ്ടാക്കുന്നു. ഏത്തപ്പഴം പൊട്ടാസ്യത്തിന്റെ നല്ല ഉറവിടമാണ്. മഗ്നീഷ്യത്തിന്റെ കുറവ് ഡിപ്രഷന്‍, വെറുതെ പൊട്ടിത്തെറിക്കല്‍, കൈകാലുകളില്‍ വിറയല്‍, രക്തസമ്മര്‍ദം എന്നിവക്കു കാരണമാകുന്നു. മഗ്നീഷ്യത്തിന്റെ ഉറവിടങ്ങള്‍ തക്കാളി, ഉരുളക്കിഴങ്ങ്, മത്സ്യം, മാംസം, ഏത്തപ്പഴം, പഴവര്‍ഗങ്ങള്‍ എന്നിവയാണ്. പഴസത്തുകള്‍ക്കു പകരം പഴങ്ങള്‍ നിത്യാഹാരത്തില്‍ ഉള്‍പ്പെടുത്തണം. ശീതളപാനീയങ്ങളിലും പല കൃത്രിമ പഴസത്തുക്കളിലും പഴത്തിന്റെ അംശം പോലും അടങ്ങിയിരിക്കില്ല. തലച്ചോറിന്റെ 60 ശതമാനം പ്രത്യേക തരം കൊഴുപ്പായ ഒമേഗ-3 യും ഒമേഗ-5ഉം ആണ്. വൈകാരികഭാവങ്ങളെ ക്രമീകരിക്കുന്ന ന്യൂറോട്രാന്‍സ്മിറ്ററുകളെ ഉത്പാദിപ്പിക്കാന്‍ ഇവ അത്യാവശ്യമാണ്. ബി ജീവകമായ ഫോളിക് ആസിഡ് കലര്‍ന്ന ഇലക്കറികള്‍ അവശ്യം ഭക്ഷണത്തില്‍ ഉണ്ടായിരിക്കണം. മിശ്രിത പാചക എണ്ണകള്‍ ഉപയോഗിക്കുന്നതും നല്ലതാണ്.
ഇറച്ചി, മുട്ട, നെയ്യ്, പാല്‍, പറോട്ട, മധുരപലഹാരങ്ങള്‍, ഐസ്‌ക്രീം, ശീതളപാനീയങ്ങള്‍ എന്നിവ ആഹാരത്തില്‍ കുറക്കുക. പകരം നാരുകളടങ്ങിയ ധാന്യങ്ങള്‍, പല നിറങ്ങളിലുള്ള പച്ചക്കറികള്‍, പഴങ്ങള്‍, മുഴുധാന്യങ്ങള്‍, ധാരാളം ജലം ഇവ ഉള്‍പ്പെടുത്തുക. നാരുകളടങ്ങിയ കോംപ്ലക്‌സ് ധാന്യങ്ങള്‍ സെറാറ്റോണിന്റെ ഉത്പാദനത്തെ സഹായിക്കുന്നു. ബി ജീവകമായ തയാമിന്‍ മുഴുധാന്യങ്ങളുടെ തവിടിലാണുള്ളത്. മൈദയിലും മൈദവിഭവങ്ങളിലും ഇതില്ല. തയാമിന്റെ അഭാവത്തില്‍ നാഡീകോശങ്ങളുടെ ആരോഗ്യം ക്ഷയിക്കുകയും മാനസിക വിഭ്രാന്തി ഉണ്ടാകുകയും ചെയ്യുന്നു. പെട്ടെന്നു ദേഷ്യം വരുക, പൊട്ടിത്തെറിക്കുക, വിഷാദരോഗ ലക്ഷണങ്ങള്‍ കാണിക്കുക എന്നിവ തയാമിന്റെ അഭാവത്തെ സൂചിപ്പിക്കുന്നു.
അസറ്റൈല്‍ കോളിന്‍ എന്ന രാസവസ്തു മനസ്സിനു സന്തോഷം പകരുന്നു. എപ്പോഴും അസ്വസ്ഥരായിരിക്കുന്നവരില്‍ കോളിന്റെ കുറവ് പ്രബലമായി കാണുന്നു. കോളിനാണ് അസറ്റൈല്‍ കോളിന്‍ ഉത്പാദിപ്പിക്കുന്നത്. മുഴു ധാന്യം, ഗോതമ്പുമാവ്, സോയാബീന്‍സ്, യീസ്റ്റ് എന്നിവയില്‍ കോളിന്‍ ധാരാളം അടങ്ങിയിരിക്കുന്നു. മാംസ്യാംശമായ റ്റൈറോസിന്‍, അഡ്രിനാലിന്‍, നോണ്‍ അഡ്രിനാലിന്‍ എന്നീ ഹോര്‍മോണുകളുടെ ഉത്പാദനത്തെ സഹായിക്കുന്നു. ഇതിന്റെ അഭാവത്തില്‍ വിഷാദരോഗലക്ഷണങ്ങളുണ്ടാകുന്നു. ധാന്യങ്ങളുടെ കൂടെ എപ്പോഴും പയറുവര്‍ഗങ്ങള്‍, പാല്‍, മുട്ട ഇവയിലേതെങ്കിലും പ്രഭാതഭക്ഷണത്തില്‍ വേണം.
ഇന്നു നാം കൂടുതല്‍ കഴിക്കുന്ന ജങ്ക് ഭക്ഷണം പോഷണദൗര്‍ലഭ്യം ഉണ്ടാക്കുകയും ക്രമേണ മാനസിക അസ്വസ്ഥതകള്‍ക്കു കാരണമാകുകയും ചെയ്യുന്നുവെന്ന് വിവിധ പഠനങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്.കുഞ്ഞുങ്ങള്‍ക്കു മധുരം എത്ര കുറച്ചു നല്‍കുന്നുവോ അത്രയും നന്ന്.എപ്പോഴും ഇവ നല്‍കുമ്പോള്‍ തലച്ചോറിന് ആവശ്യമില്ലാത്ത ഉത്തേജനം ഉണ്ടാകും. അതു കുറക്കുമ്പോള്‍ അക്രമാസക്തഭാവവും ഉണ്ടാകാം. കൗമാരക്കാരുടെ പൊട്ടിത്തെറിക്ക,് ഒരു പരിധിവരെ, പേസ്ട്രി, കുക്കീസ്, ക്രീം ചേര്‍ത്ത ബര്‍ഗേര്‍സ്, പോഷണമില്ലാത്ത കോളകള്‍, ശീതളപാനീയങ്ങള്‍ എന്നിവ ഉണ്ടാക്കുന്ന പോഷണവൈകല്യങ്ങളും കാരണമാകുന്നു. തലച്ചോറിന് ഒരു കുളിര്‍മ നല്‍കുന്ന കൊഴുപ്പായ ഒമേഗാ-3 ഈ ഭക്ഷ്യവസ്തുക്കളിലൊന്നുമില്ല. പഞ്ചസാര, ചായ, കോഫി, മദ്യം, പൊരിച്ച മാംസ്യാഹാരങ്ങള്‍, ശീതളപാനീയങ്ങള്‍, കൊഴുപ്പും മൈദയും ചേര്‍ത്തുണ്ടാക്കുന്ന വിഭവങ്ങള്‍, ജങ്ക് ഫുഡ്, ബേക്കറി സാധനങ്ങള്‍ (വനസ്പതി, മൈദ ചേര്‍ന്നവ)ദഹിക്കുവാന്‍ പ്രയാസമുള്ള ഭക്ഷണങ്ങള്‍, ഉപ്പും രാസവസ്തുക്കളും ചേര്‍ത്തു സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവയാണ് മാനസിക സമ്മര്‍ദം കൂട്ടുന്ന ഭക്ഷണങ്ങള്‍. വയറ് നിറച്ചു ഭക്ഷണം കഴിക്കാതെ എപ്പോഴും വയറിന്റെ മൂന്നിലൊന്നു ഭാഗം കഴിക്കുക.
ചില പോഷക ഘടകങ്ങള്‍ക്ക് മാനസികാരോഗ്യവുമായി പ്രത്യേക ബന്ധമുണ്ട്. മാനസിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ വളര്‍ച്ചക്കും വികാസത്തിനും പ്രോട്ടീന്‍ അത്യാവശ്യമാണ്. പയര്‍, പരിപ്പ്, മാംസം, മത്സ്യം, പാല്‍, മുട്ട, തൈര് എന്നീ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ പ്രോട്ടീന്‍ ധാരാളമുണ്ട്. ഈ ഭക്ഷണപദാര്‍ഥങ്ങള്‍ ഗര്‍ഭിണിയായ സ്ത്രീയുടെ ആഹാരത്തില്‍ കുറവാണെങ്കില്‍ ശിശുവിന്റെ തലച്ചോറിന്റെ വളര്‍ച്ചയെ ബാധിക്കും. ജനിച്ച് അഞ്ച് വയസ്സ് വരെയുള്ള സമയത്ത് പ്രോട്ടീന്‍ ലഭിച്ചില്ലെങ്കില്‍ തലച്ചോറിന്റെ വികാസം പൂര്‍ണതയില്‍ എത്തില്ല. ഈ സമയത്ത് ലഭിക്കേണ്ടിയിരുന്ന പ്രോട്ടീനിന്റെ അളവ് പിന്നീടുള്ള വര്‍ഷങ്ങളില്‍ നികത്താന്‍ സാധ്യമല്ലത്രേ.
പ്രോട്ടീനിന് പുറമെ “ജീവകം ബി”യില്‍ ഉള്‍പ്പെടുന്ന തയാമീന്‍, നയാസീന്‍ എന്നീ ജീവകങ്ങള്‍ക്കും മാനസികാരോഗ്യവുമായി അഭേദ്യ ബന്ധമുണ്ട്. സന്തുലിതമായ ഒരു മാനസികാവസ്ഥ നിലനിര്‍ത്താനും ഉണ്ടാക്കാനും ഇത് സഹായിക്കുന്നു. ഇവയുടെ അഭാവം വിഷാദാത്മകത, ദേഷ്യം, മറവി, ഈര്‍ഷ്യ എന്നിവ ഉണ്ടാക്കുന്നതായി ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. വിഷാദം, ദേഷ്യം, വെറുപ്പ് എന്നീ നിഷേധാത്മക വികാരങ്ങള്‍ മാറ്റിനിര്‍ത്തി മനക്കരുത്തും പ്രസന്നതയും ആത്മവിശ്വാസവും നല്‍കാന്‍ ജീവകം “ബി”ക്ക് സാധിക്കുന്നു. ഈ ജീവകങ്ങള്‍ തവിട് കളയാത്ത ധാന്യങ്ങള്‍, പയറ് വര്‍ഗങ്ങള്‍, കപ്പലണ്ടി, കശുവണ്ടി, മാംസം എന്നിവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അയഡിന്‍ എന്ന ലവണത്തിന്റെ ന്യൂനത കൊണ്ട് കുട്ടികളില്‍ ബുദ്ധിമാന്ദ്യം ഉണ്ടാകുന്നു. ഇത് കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതാണ്. ഗര്‍ഭവതികളായ സ്ത്രീകളുടെ ആഹാരത്തില്‍ ശരിയായ രീതിയില്‍ അയഡിന്‍ അടങ്ങിയിട്ടില്ലെങ്കില്‍ ജനിക്കുന്ന കുട്ടികള്‍ മന്ദബുദ്ധികളാകാനുള്ള സാധ്യതയുണ്ട്. അയഡിന്‍ ചേര്‍ന്ന കറിയുപ്പ് കഴിക്കുന്നതിലൂടെ ഈ സാധ്യതകളെ ഇല്ലായ്മ ചെയ്യാം.
ആഹാരശുദ്ധിയില്‍ മനഃശുദ്ധി ഉണ്ടാകുന്നു. മനഃശുദ്ധി കൊണ്ട് ഓര്‍മശക്തി വര്‍ധിക്കുന്നു. പഴങ്ങള്‍, പാല്‍, ശുചിത്വമുള്ളതും മനസിനിഷ്ടമായവരൊന്നിച്ചും കഴിക്കുന്ന ആഹാരം എന്നിവ മനസ്സിന് ഗുണം ചെയ്യുന്നവയാണ്.

 

Latest