കേരളം ഇനിയും സഞ്ചാര സൗഹൃദമായിട്ടില്ല

Posted on: January 7, 2014 6:00 am | Last updated: January 7, 2014 at 8:09 am

ksrtc-bus-service-to-punalur-via-tenmalaകേരളത്തില്‍ എവിടെയും മലയാളം അറിയാത്തവര്‍ക്ക് ബസ്സില്‍ യാത്ര ചെയ്യാനും റോഡിലൂടെ വഴി മനസ്സിലാക്കി നിശ്ചിത സ്ഥലത്ത് എത്തിച്ചേരാനും വലിയ ബുദ്ധിമുട്ടാണ്. ബസ്സുകളില്‍ ബോര്‍ഡുകള്‍ മിക്കവാറും മലയാളത്തിലാണെഴുതിയിരിക്കുന്നത്. അവ തന്നെ, പകല്‍ സമയത്ത് പോലും ബോര്‍ഡുകള്‍ വ്യക്തമായി വായിക്കാന്‍ സാധിക്കുന്നില്ല. വൈകുന്നേരമായാല്‍ വായിച്ചെടുക്കുക എന്നത് പറയുകയും വേണ്ട. ഇത് നമ്മുടെ സ്ഥിതി. ഇങ്ങനെയെങ്കില്‍ അന്യദേശക്കാരുടെ അവസ്ഥ എന്തായിരിക്കും? ഇന്ന് അന്യ സംസ്ഥാന തൊഴിലാളികളോ വിദേശീയരോ എത്തിച്ചേരാത്ത നഗരങ്ങളോ ഗ്രാമങ്ങളോ കേരളത്തില്‍ ഇല്ല. ഇവര്‍ യാത്ര ചെയ്യുമ്പോഴുള്ള ദുരിതം മനസ്സിലാക്കാവുന്നതേയുള്ളൂ.

ഇന്ത്യയിലെ മറ്റു നഗരങ്ങളില്‍ സ്ഥല ബോര്‍ഡുകള്‍ പ്രദേശിക ഭാഷയില്‍ എഴുതി വെച്ചിട്ടുണ്ടെങ്കിലും ബസ്സുകള്‍ക്കും സ്ഥലനാമങ്ങള്‍ക്കും നമ്പര്‍ ഉള്ളത് കൊണ്ട് ബസ്സുകള്‍ കണ്ടുപടിക്കാനും ഭയമില്ലാതെ നിശ്ചിത സ്ഥലങ്ങളില്‍ എത്തിച്ചേരാനും സ്തീകളുള്‍പ്പെടെ വിദേശീയര്‍ക്കും തദ്ദേശീയര്‍ക്കും സാധിക്കുന്നു. കേരളത്തിലെ പട്ടണങ്ങളില്‍ ചിലതില്‍ ബസ്സുകള്‍ക്ക് ഒരേ നിറം ആയതിനാലും വ്യക്തമായി സ്ഥലനാമങ്ങള്‍ എഴുതാത്തതിനാലും ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ പേരുകള്‍ ഇല്ലാത്തതിനാലും ഇതര ദേശക്കാര്‍ ബുദ്ധിമുട്ടുകയാണ്. മലയാളത്തോടൊപ്പം അന്യ ഭാഷകളിലും സ്ഥലപ്പേരുകള്‍ എഴുതി പ്രദര്‍ശിപ്പിക്കാന്‍ ബസ്സുകള്‍ തയ്യാറാകണം. സ്ഥലങ്ങള്‍ക്ക് നമ്പര്‍ നല്‍കുന്ന രീതിയും അവലംബിക്കേണ്ടതുണ്ട്. ഈ നമ്പറുകള്‍ ബസ് സ്റ്റോപ്പുകളില്‍ സ്ഥലനാമത്തോടൊപ്പം പ്രദര്‍ശിപ്പിച്ചാല്‍ വിനോദ സഞ്ചാരികള്‍ക്കും അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും വളരെ സഹായകമാകും.
ചില കാര്യങ്ങളില്‍ മലയാളി നല്ലവനാണെങ്കിലും സിവിക് സെന്‍സ്, സാമാന്യ മര്യാദ എന്നിവയില്‍ കുറച്ച് പിറകിലാണ്. ഹൈവേകളില്‍ സ്ഥലനാമങ്ങളും ദൂരവും രേഖപ്പെടുത്തുന്ന ബോര്‍ഡുകളില്‍ എഴുത്തുകള്‍ വായിക്കാനാകാത്ത വിധം നേതാക്കളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സമ്മേളനങ്ങളുടെയും പോസ്റ്ററുകള്‍ പതിക്കുന്നതും കാണാം. ഈ സ്ഥലനാമ സൂചകങ്ങള്‍ മറക്കുന്നത് കേരളത്തിലങ്ങോളമിങ്ങോളം റോഡുകളില്‍ സാധാരണമാണ്. ഏറ്റവും സാക്ഷരരാണെങ്കിലും ബോര്‍ഡുകളില്‍ ദീര്‍ഘദൂര യാത്രക്കാരെ വഴി തെറ്റിക്കുന്നവരുമുണ്ട്.
ഇത്തരം ബോര്‍ഡുകള്‍ പലയിടത്തും മലയാളത്തില്‍ മാത്രമാണ്. കൂടുതല്‍ അന്യ സംസ്ഥാന സന്ദര്‍ശകര്‍ വരുന്ന സാഹചര്യത്തില്‍ ഇടക്കിടെയെങ്കിലും തെന്നിന്ത്യന്‍ ഭാഷകളില്‍ സ്ഥലനാമം രേഖപ്പെടുത്തുന്നത് സംസ്ഥാനത്തിന്റെ സംസ്‌കാരത്തില്‍ മറ്റുള്ളവര്‍ക്ക് മതിപ്പുണ്ടാക്കുന്നതിന് കാരണമാകുന്നു. റോഡുകളില്‍ കൃത്യമായ സ്ഥലനാമങ്ങളും ദൂരവും മലയാളത്തോടൊപ്പം വിവിധ ഭാഷകളില്‍ നല്‍കുന്നത് യാത്ര സുഖകരമാക്കാന്‍ നല്ലതാണ്. ഇത്തരം ബോര്‍ഡുകളില്‍ പോസ്റ്ററുകള്‍ പതിക്കുന്നത് എല്ലാവരും ഒഴിവാക്കണം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സംസ്ഥാനം കാണാനും ഇവിടുത്തെ പച്ചപ്പ് ആസ്വദിക്കാനും വിനോദ സഞ്ചാരികള്‍ വരുന്നതും നമുക്ക് അഭിമാനം നല്‍കുന്ന സംഗതിയാണ്. എന്നാല്‍ ഇവിടെ എത്തിയാല്‍ മാന്യമായ സംസ്‌കാരവും കാഴ്ചയുമായിരിക്കണം അവരെ വരവേല്‍ക്കേണ്ടത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും അര്‍ധ നഗ്ന ചിത്രങ്ങള്‍ റോഡിനരികിലെ പരസ്യ ബോര്‍ഡുകളില്‍ നല്‍കുന്നത് തടയണം. ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റാന്‍ ഇത് കാരണമാകുമെന്നതില്‍ തര്‍ക്കമില്ല. ഇത് റോഡപകടങ്ങള്‍ വര്‍ധിക്കുന്നതിനും ഇടവരുത്തുന്നുണ്ട്. ഇന്ന് കേരളത്തിന്റെ ശാപമായി മാറിയിരിക്കുന്നത് ഫഌക്‌സ് ബോര്‍ഡുകളുടെ അതിപ്രസരമാണ്. സ്ഥലനാമ ബോര്‍ഡുകള്‍ മറച്ചുകൊണ്ട് രാഷ്ട്രീയ പ്രമാണിമാരുടെയും രാഷ്ട്രീയ ജാഥകളുടെയും സ്വീകരണങ്ങളുടെയും വിശദീകരണ യോഗങ്ങളുടെയും ബോര്‍ഡുകള്‍ കാല്‍നട യാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും ശല്യമായി ആഴ്ചകള്‍ക്ക് മുമ്പ് തന്നെ പൊതു സ്ഥലങ്ങളില്‍ സ്ഥാനം പിടിക്കുന്നു. പരിപാടി കഴിഞ്ഞാലും മാസങ്ങളോളം പൊതു ശല്യമായി ഇത്തരം ബോര്‍ഡുകള്‍ പൊതു സ്ഥലങ്ങളില്‍ വഴിമുടക്കിയായി ഇരിക്കുന്നതു കാണാം.
പരിപാടി കഴിഞ്ഞാലെങ്കിലും പാര്‍ട്ടികളും നേതാക്കളും തങ്ങളുടെ ബോര്‍ഡുകള്‍ ജനങ്ങള്‍ക്ക് ശല്യമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. പൊതുപ്രവര്‍ത്തനം നടത്താതെ ഫഌക്‌സ് ബോര്‍ഡിലൂടെ ജനങ്ങളുടെ ഹൃദയങ്ങളില്‍ ഇടം നേടാമെന്ന് കരുതുന്ന നേതാക്കള്‍ വിഡ്ഢികളാണ്.
വഴിയോര തണല്‍ മരങ്ങള്‍ യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാണ്. എന്നാല്‍, അതിനെ ആസിഡ് ഒഴിച്ചും രാത്രി കാലങ്ങളില്‍ മുറിച്ചുമാറ്റിയും ഒഴിവാക്കുന്ന സാമൂഹികദ്രോഹികള്‍ കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. 2013 ഡിസംബര്‍ രണ്ടിന് കേരള ഹൈക്കോടതി, തണല്‍ മരങ്ങളില്‍ ആണിയടിച്ചും അല്ലാതെയും പ്രദര്‍ശിപ്പിക്കുന്ന പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ടിരുന്നു. തണല്‍ മരങ്ങളുടെ ശാഖകള്‍ മുറിച്ചും മറ്റും നശിപ്പിക്കുന്നവര്‍ക്ക് താക്കീതാണ് ഈ വിധി.
വഴിയോരങ്ങളില്‍ വൃത്തിയുള്ള ടോയ്‌ലറ്റുകളും സൗജന്യ കുടിവെള്ള ടാപ്പുകളും സ്ഥാപിക്കുന്നത് സഞ്ചാരികള്‍ക്ക് സഹായകമാകും. പ്രധാന സ്ഥലങ്ങളില്‍ സഞ്ചാരികള്‍ക്കുള്ള ഹെല്‍പ്പ് ഡെസ്‌കുകള്‍ സ്ഥാപിക്കണം. വിശേഷാവസരങ്ങളില്‍ വഴിയാത്രക്കാര്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ സ്ഥാപിക്കണം.
തിരക്കുപിടിച്ച നഗരങ്ങളിലൂടെയുള്ള യാത്രകള്‍ ഒഴിവാക്കാന്‍ ബൈപ്പാസുകളുടെ നിര്‍മാണം ത്വരിതപ്പെടുത്തണം. കോഴിക്കോട്, കണ്ണൂര്‍, കൊല്ലം, ആലപ്പുഴ ബൈപ്പാസുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. റോഡുകളില്‍ ശാസ്ത്രീയമായി ഹംപുകള്‍ ഉണ്ടാകണം. അതില്‍ റിഫഌക്ടറോട് കൂടിയ സീബ്രാ ലൈന്‍ വരക്കുകയും വേണം. റോഡ് തടസ്സം സൃഷ്ടിച്ചുള്ള ഒട്ടോ, ടാക്‌സി കാര്‍ പാര്‍ക്കിംഗ് ഒഴിവാക്കണം. കൂടുതല്‍ റെയില്‍വേ മേല്‍പ്പാലങ്ങള്‍, നഗരങ്ങളില്‍ ഫ്‌ളൈ ഒാവറുകള്‍, ടൂറിസം കൗണ്ടറുകള്‍, സഞ്ചാരയോഗ്യമായ റോഡുകള്‍, നഗരവൃക്ഷവത്കരണം, നടപ്പാതകള്‍, സൈക്കിള്‍ വീഥികള്‍ എന്നിവയെല്ലാം സഞ്ചാര സൗഹൃദ പദ്ധതികളായി നടപ്പാക്കണം. ടൂറിസം പോലീസിന്റെ പ്രവര്‍ത്തനം നഗരങ്ങളിലെങ്കിലും ഊര്‍ജിതമാക്കണം. കേരളം സഞ്ചാര സൗഹൃദമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.