Connect with us

Editorial

ഇന്ത്യ കൂടുതല്‍ ഉയരങ്ങളിലേക്ക്

Published

|

Last Updated

ഇന്ത്യക്ക് ഏറെ അഭിമാനിക്കാവുന്ന നേട്ടമാണ് ജി എസ് എല്‍ വി-ഡി 5 ന്റെ വിജയകരമായ വിക്ഷേപണം. 20 വര്‍ഷം നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ സ്വന്തമായി നിര്‍മിച്ച ക്രയോജനിക് എന്‍ജിന്റെ സഹായത്തോടെ വാര്‍ത്താ വിനിമയ ഉപഗ്രഹം ഭ്രമണപഥത്തിത്തെിച്ചുവെന്നത് മാത്രമല്ല കാരണം; ബഹിരാകാശ ഗവേഷണരംഗത്തെ ഇന്ത്യയുടെ കുതിപ്പിന് തടയിടാന്‍ ശ്രമിച്ച ശാക്തിക രാജ്യങ്ങളോട് മധുരതരമായി പകരം വീട്ടാന്‍ സാധിച്ചുവെന്നതു കൂടിയാണ്. ക്രയോജനിക് ഇന്ധനമുപയോഗിച്ചുള്ള റോക്കറ്റ് വിക്ഷേപണത്തിന് ഇന്ത്യ 1990കളുടെ തുടക്കത്തില്‍ ശ്രമം ആരംഭിച്ചതാണ്. അന്ന് രാജ്യം ഈ വിദ്യ സ്വായത്തമാക്കിയിട്ടില്ലാത്തതിനാല്‍ സോവിയറ്റ് യൂനിയനോട് സഹകരണം തേടുകയും ക്രയോജനിക് വിദ്യ ഇന്ത്യക്ക് നല്‍കാനുള്ള കരാറില്‍ 1991ല്‍ അവര്‍ ഒപ്പിടുകയുമുണ്ടായി. ഇന്ത്യയുടെ ശാസ്ത്ര, സാങ്കേതിക രംഗത്തെ വളര്‍ച്ചയെ കടുത്ത നീരസത്തോടെ നോക്കിക്കാണുന്ന അമേരിക്ക അതിന് ഉടക്ക് വെച്ചു. ക്രയോജനിക് വിദ്യ കൈമാറിയാല്‍, മിസൈല്‍ ആയുധ വികസനത്തിനായി ഇന്ത്യ ദുരുപയോഗം ചെയ്യുമെന്ന് തെറ്റിദ്ധരിപ്പിച്ചു റഷ്യയെ കരാറില്‍ നിന്ന് യു എസ് പിന്തിരിപ്പിച്ചു. അതൊരു വെല്ലുവിളിയായി ഏറ്റെടുത്ത രാജ്യത്തെ ബഹിരാകാശ ഗവേഷകരുടെ പ്രയത്‌നങ്ങളാണിപ്പോള്‍ ഫലം കണ്ടത്. ഇതോടെ ക്രയോജനിക് എന്‍ജിന്‍ സാങ്കേതിക വിദ്യ സ്വായത്തമാക്കിയവയുടെ പട്ടികയില്‍ ആറാമതായി ഇന്ത്യ ഇടംപിടിച്ചു. അമേരിക്ക, റഷ്യ, ചൈന, ജപ്പാന്‍, ഫ്രാന്‍സ് എന്നിവയാണ് നേരത്തെ പട്ടികയുലുണ്ടായിരുന്നത്.
വാര്‍ത്താവിനിമയ രംഗത്ത് പ്രത്യേകിച്ചും ടെലിവിദ്യാഭ്യാസ, മെഡിസിന്‍ മേഖലകളില്‍ വന്‍ കുതിച്ചു ചാട്ടത്തിനു രാജ്യത്തെ പ്രാപ്തമാക്കുന്ന ജി സാറ്റ് 14 ഉപഗ്രഹവുമായാണ് ജി എസ് എല്‍ വി-ഡി 5 വാനിലേക്ക് കുതിച്ചത്. കാലാവധി പൂര്‍ത്തിയാക്കുന്ന എജ്യുസാറ്റ് ഉപഗ്രഹത്തിന് പകരമായാണ് ഇത് വിക്ഷേപിച്ചത്. അത്യാധുനിക സംവിധാനങ്ങളുള്ള ട്രാന്‍സ്രപോന്‍ഡറുകള്‍ ഘടിപ്പിച്ച 415 ടണ്‍ ഭാരമുള്ള ഈ ഉപഗ്രഹത്തിന് രാജ്യത്തെ ആശയ വിനിമയ സംവിധാങ്ങളെയെല്ലാം സംയോജിപ്പിക്കാനാകും. പന്ത്രണ്ട് വര്‍ഷമാണ് ഇതിന്റെ കാലാവധി.
1963 നവംബര്‍ 21ന് തുമ്പയിലെ ഒരു പള്ളിമുറ്റത്തു നിന്നു അമേരിക്കന്‍ നിര്‍മിത സൗന്‍ഡിംഗ് റോക്കറ്റായ നീക്ക് അപ്പാഷെ പറന്നുയര്‍ന്നതോടെയാണ് ഇന്ത്യയുടെ ബഹികാരാകാശ ഗവേഷണ ഉപഗ്രഹ വിക്ഷേപണത്തിന് തുടക്കം. കാലാവസ്ഥാ നിരീക്ഷണം, ഭൗമ നിരീക്ഷണം, ആശയ വിനിമയം എന്നീ മേഖലകളിലൂന്നിയുള്ള ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ വളര്‍ച്ച പിന്നീട് അതിവേഗത്തിലായിരുന്നു. 1967 നവംബര്‍ 20ന് ഇന്ത്യന്‍ നിര്‍മിത റോക്കറ്റായ രോഹിണി 75, 1 വിക്ഷേപിച്ചു. 1969 ആഗസ്റ്റില്‍ വിക്രം സാരാഭായിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രവും 1971ല്‍ ശ്രീഹരിക്കോട്ടയിലെ പുതിയ ബഹിരാകാശ ഗവേഷണ കേന്ദ്രവും സ്ഥാപിതമായി. 1980ല്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ഇന്ത്യയുടെ രണ്ടാമത്തെ കൃത്രിമോപഗ്രഹമായ രോഹിണിയുമായി എസ് എല്‍ വി3 കുതിച്ചുയന്നതോടെയാണ് ഉപഗ്രഹ വിക്ഷേപണത്തില്‍ സ്വയംപര്യാപ്തത നേടുന്ന ഏഴാമത്തെ രാജ്യമായി ഇന്ത്യ മാറിയത്. ഇപ്പോള്‍ ഭൂമിയുടെ ആകര്‍ഷണ പരിധിക്കു പുറത്തു ചന്ദ്രന്റെയും ചൊവ്വയുടെയും ഭ്രമണപഥങ്ങളിലേക്കു പര്യവേക്ഷണ വാഹനങ്ങളെത്തിക്കാനുള്ള കരുത്ത് രാജ്യത്തിന് കൈവന്നിട്ടുണ്ട്.
ക്രയോജനിക് വിദ്യ വികസിപ്പിച്ചെടുത്തതോടെ ഉപഗ്രഹ വിക്ഷേപണത്തിനുള്ള ചെലവ് ഗണ്യമായി കുറക്കാനും സാധിക്കും. നേരത്തെ നമ്മുട ഉപഗ്രഹങ്ങള്‍ റഷ്യയുടെ ക്രയോജനിക് എന്‍ജിനുകളുടെ സഹായത്തോടെ വിക്ഷേപിച്ചിരുന്നപ്പോള്‍ വന്‍ തുകയാണ് വിക്ഷേപണക്കൂലിയായി നല്‍കിയിരുന്നത്. രാജ്യം സ്വയം വികസിപ്പിച്ചെടുത്ത ക്രയോജനിക് വിദ്യയില്‍ ഇപ്പോള്‍ വിക്ഷേപണത്തിന് ചെലവായത് 365 കോടി രൂപയാണ്. ഐ എസ് ആര്‍ ഒ ഗവേഷകനായിരുന്ന നമ്പി നാരായണന്‍ അഭിപ്രായപ്പെട്ടതു പോലെ, അമേരിക്കയുടെ ഇടങ്കോല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ വാര്‍ത്താവിനിമയം, വിദ്യാഭ്യാസം, കൃഷി, തൊഴില്‍, വിവരസാങ്കേതിക വിദ്യ, മെഡിസിന്‍ തുടങ്ങിയ മേഖലകളില്‍ രാജ്യം വികസിത രാജ്യങ്ങള്‍ക്കൊപ്പമെത്തുമായിരുന്നു. പ്രതിസന്ധികളില്‍ തളരാതെ തികഞ്ഞ ആത്മവിശ്വാസത്തോടെ ഗവേഷണ രംഗത്ത് ഉറച്ചുനിന്നു രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ ബഹിരാകാശ ഗവേഷകരോട് കടപ്പെട്ടിരിക്കുന്നു ഇന്ത്യന്‍ ജനത.