2013ല്‍ വാഹന അപകടങ്ങള്‍ കുറഞ്ഞു

Posted on: January 6, 2014 11:24 pm | Last updated: January 6, 2014 at 11:24 pm

accidentതിരുവനന്തപുരം: സംസ്ഥനത്ത് 2013ല്‍ വാഹന അപകട നിരക്ക് കുറഞ്ഞതായി സ്‌റ്റേറ്റ് െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍. 2010 ഒഴിച്ചുനിര്‍ത്തിയാല്‍ കഴിഞ്ഞ പതിമൂന്ന് വര്‍ഷത്തിനിടെയുള്ള കാലയളവിലെ ഏറ്റവും കുറഞ്ഞ അപകട നിരക്കാണിത്. 2010 ല്‍ 35,082 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2013 ല്‍ 35116 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2013 ല്‍ 4149 മരണവും 35116 അപകടങ്ങളും ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 4286 ജീവനുകള്‍ പൊലിഞ്ഞ 2012 നെ അപേക്ഷിച്ചു 2013 വിട പറയുമ്പോള്‍ 137 ജീവന്‍ രക്ഷപ്പെടുത്താന്‍ നമുക്കായി. 2013 ല്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ഉണ്ടായത് മാര്‍ച്ച് മാസത്തിലാണ്. 421. അതേ സമയം 273 മരണങ്ങളുമായി ഒക്ടോബര്‍ മാസം ഏറ്റവും കുറഞ്ഞ മരണ നിരക്കുള്ള മാസമായി മാറി.
538 പേരുടെ മരണവുമായി തിരുവനന്തപുരം ജില്ല ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച ജില്ലയായി മാറിയപ്പോള്‍ തൊട്ടുപിന്നില്‍ 486 മരണവുമായി എറണാകുളം 422 മരണവുമായി കൊല്ലവും നില്‍ക്കുന്നു. 55 പേരുടെ മരണവുമായി വയനാടാണ് ഏറ്റവും കുറവ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ല.
മോട്ടോര്‍ വാഹന വകുപ്പിന്റെയും കേരള പോലീസിന്റെയും ശക്തമായ നടപടികളിലൂടെയാണ് അപകട നിരക്ക് കുറക്കാന്‍ കഴിഞ്ഞതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു.
വേഗപ്പൂട്ട് ഘടിപ്പിച്ചതും ചേര്‍ത്തല മുതല്‍ മണ്ണുത്തി വരെയുള്ള ഹൈവേയില്‍ ക്യാമറ സ്ഥാപിച്ചതും ഹെല്‍മറ്റ് നിയമം കര്‍ക്കശമാക്കിയതുമുള്‍പ്പെടെയുള്ള കാര്യങ്ങളാണ് അപകടം കുറയാന്‍ കാരണമായത്.