Connect with us

Kerala

സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ കേരളം പിന്നോട്ട്‌

Published

|

Last Updated

അരീക്കോട്:പേരുകേട്ട കേരള വിദ്യാഭ്യാസ മോഡല്‍ അസ്തമിക്കുന്നു. സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് കേരളം പിന്നോട്ടെന്ന് സര്‍വേ. ഡി ഐ എസ് ഇ (ഡിസ്ട്രിക്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എജ്യൂക്കേഷന്‍) അടിസ്ഥാനമാക്കി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയവും നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് എജ്യുക്കേഷനല്‍ പ്ലാനിംഗ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷനും സംയുക്തമായി തയ്യാറാക്കിയ കോമ്പോസിറ്റ് എജ്യുക്കേഷന്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സ് (ഇ ഡി ഐ) പ്രകാരം പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് കേരളം പതിനാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലക്ഷദ്വീപാണ് ഒന്നാം സ്ഥാനത്തുള്ളത്. കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാടിന് നാലാം സ്ഥാനവും കര്‍ണാടകത്തിന് അഞ്ചാം സ്ഥാനവുമുണ്ട്. 2011- 12ല്‍ കേരളം ഏഴാം സ്ഥാനത്തായിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും വലിയ തകര്‍ച്ച നേരിട്ടത് കേരളത്തിനാണ്. 2010-11ല്‍ ലോവര്‍ പ്രൈമറി തലത്തില്‍ ആറാം സ്ഥാനത്തുണ്ടായിരുന്ന കേരളം 2012-13ല്‍ ഇരുപതാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. അപ്പര്‍ പ്രൈമറി തലത്തില്‍ പതിമൂന്നാം സ്ഥാനത്തുണ്ടായിരുന്നത് പതിനേഴാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.
ഇന്ത്യയിലെ 662 ജില്ലകളിലായി 1.43 ദശലക്ഷം സ്‌കൂളുകളില്‍ നിന്ന് ഡി ഐ എസ് ഇ പ്രകാരം ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സ്‌കൂള്‍ പ്രവേശം, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, യോഗ്യതയും പരിശീലനവുമുള്ള അധ്യാപകര്‍, അനന്തരഫലം എന്നീ നാല് മേഖലകളിലായി 24 സൂചകങ്ങള്‍ ഉപയോഗിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
എല്‍ പി തലത്തില്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ ഏറ്റവും കുറവ് പ്രവേശനം നടന്നിട്ടുള്ളത് കേരളത്തിലാണ്. പ്രവേശന സൂചകം എല്‍ പി തലത്തില്‍ 35-ാം സ്ഥാനത്തും അപ്പര്‍ പ്രൈമറിയില്‍ 29-ാം സ്ഥാനത്തുമാണ്. 2011 -12ല്‍ ആറാം സ്ഥാനത്തുണ്ടായിരുന്ന അടിസ്ഥാന സൗകര്യ സൂചകം (ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍ഡക്‌സ്) 2012-13ല്‍ എട്ടാം സ്ഥാനമായി താഴ്ന്നു. പതിനഞ്ചാം സ്ഥാനത്തുണ്ടായിരുന്ന അനന്തരഫല സൂചകം (ഔട്ട്കം ഇന്‍ഡക്‌സ്) 32-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. ടീച്ചര്‍ ഇന്‍ഡക്‌സില്‍ കേരളം മൂന്നാം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. യു പി തലത്തില്‍ പ്രവേശന കാര്യത്തില്‍ മുന്‍ വര്‍ഷമുണ്ടായിരുന്ന 29-ാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ അടിസ്ഥാനസൗകര്യ സൂചകം എട്ടാം സ്ഥാനത്തു നിന്ന് 11-ാം സ്ഥാനത്തേക്ക് താഴ്ന്നു. ടീച്ചര്‍ ഇന്‍ഡക്‌സ് നാലില്‍ നിന്ന് മൂന്നായും അനന്തരഫല സൂചകം 27ല്‍ നിന്ന് 26 ആയും ഉയര്‍ന്നിട്ടുണ്ട്.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്‍ പി തലത്തില്‍ ഇരുനൂറും യു പി തലത്തില്‍ 220ഉം പ്രവൃത്തി ദിനങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. എന്നാല്‍, സര്‍വേ പ്രകാരം കേരളത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷവും നിശ്ചിത പ്രവൃത്തി ദിനങ്ങള്‍ ലഭ്യമായിട്ടില്ല. 97.44 ശതമാനം എല്‍ പി സ്‌കൂളുകളിലും 99.49 ശതമാനം യു പി സ്‌കൂളുകളിലും ഇരുനൂറില്‍ താഴെ മാത്രമാണ് പ്രവൃത്തിദിനങ്ങള്‍ കിട്ടിയത്. മേഘാലയയും നാഗാലാന്‍ഡുമാണ് ഇക്കാര്യത്തില്‍ കേരളത്തിനു പിന്നിലുള്ളത്. ഹര്‍ത്താലുകളാണ് പ്രവൃത്തിദിനങ്ങള്‍ കിട്ടാതിരിക്കാന്‍ കാരണമെന്നാണ് പറയുന്നത്. മുമ്പെങ്ങുമില്ലാത്ത വിധം ഫണ്ട് ചെലവഴിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് കേരളം പിന്നാക്കം പോകാനുണ്ടായതിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. ഇ ഡി ഐ ഇത്രയധികം താഴാനുണ്ടായ സാഹചര്യം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സീമാറ്റ് കേരളയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.