ബംഗ്ലാദേശ്: അവാമി ലീഗിന് ‘പ്രതീക്ഷിച്ച’ വിജയം

Posted on: January 6, 2014 10:49 pm | Last updated: January 6, 2014 at 10:49 pm

shaik haseenaധാക്ക: ബംഗ്ലാദേശില്‍ പ്രതിപക്ഷം പൂര്‍ണമായും ബഹിഷ്‌കരിച്ച പൊതുതിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചതു പോലെ പ്രധാനമന്ത്രി ശേഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗിന് വിജയം. വ്യാപകമായ ആക്രമണങ്ങള്‍ക്കും ഏറ്റുമുട്ടലിനും ഇടയാക്കിയ തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ ഭരണപക്ഷ പാര്‍ട്ടി വിജയിച്ചതായി ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആകെയുള്ള മൂന്നൂറ് സീറ്റുകളില്‍ 147 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. മറ്റിടങ്ങളില്‍ ഏകപക്ഷീയമായി അവാമി ലീഗിന്റെ സ്ഥാനാര്‍ഥി വിജയിച്ചു. 147ല്‍ 105 സീറ്റിലും അവാമി ലീഗ് സ്ഥാനാര്‍ഥികള്‍ വിജയിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ബി എന്‍ പിയുടെ ബഹിഷ്‌കരണ പ്രഖ്യാപനത്തിന്റെയും രാജ്യ വ്യാപകമായ ആക്രമണങ്ങളുടെയും പശ്ചാത്തലത്തില്‍ ഇരുപത് ശതമാനം പോളിംഗ് മാത്രമാണ് നടന്നതെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. 2008ല്‍ ഏഴുപത് ശതമാനമായിരുന്നു പോളിംഗ്.
ബി എന്‍ പിയുടെ നേതൃത്വത്തിലുള്ള 18 പാര്‍ട്ടികളടങ്ങിയ പ്രതിപക്ഷ സഖ്യം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതിനെ തുടര്‍ന്ന് വ്യാപക ആക്രമണങ്ങളാണ് രണ്ട് ദിവസത്തിനിടെ രാജ്യത്ത് അരങ്ങേറിയത്. ആക്രമണങ്ങളിലും ഏറ്റുമുട്ടലുകളിലുമായി നാല് ദിവസത്തിനിടെ അമ്പതിലധികമാളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഫലപ്രഖ്യാപനം വന്നതിന് പിന്നാലെ അവാമി ലീഗിന്റെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ വ്യാപക ആക്രമണങ്ങള്‍ നടന്നതായി പോലീസ് മേധാവികള്‍ അറിയിച്ചു. അവാമി ലീഗിന്റെ യുവ നേതാവിനെ പ്രക്ഷോഭകര്‍ വധിച്ചു. അവാമി ലീഗിന്റെ പ്രവര്‍ത്തകരെയും അനുഭാവികളെയും ക്രൂരമായി മര്‍ദിക്കുന്നതിന്റെ ചിത്രങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ടു.
അതിനിടെ, പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഖ് ഹസീന പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും പ്രക്ഷോഭകര്‍ക്കും ശക്തമായ മുന്നറിയിപ്പ് നല്‍കി. ആക്രമണങ്ങളില്‍ നിന്നും കലാപങ്ങളില്‍ നിന്നും പാര്‍ട്ടികള്‍ വിട്ടുനിന്നില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഹസീന മുന്നറിയിപ്പ് നല്‍കി. തിരഞ്ഞെടുപ്പിന് മുമ്പ് ചര്‍ച്ചകള്‍ക്കായി നിരവധി തവണ പ്രതിപക്ഷ നേതാക്കളെ സമീപിച്ചിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. നിയമപരമായി താന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും പ്രതിപക്ഷ പ്രക്ഷോഭത്തെ ശക്തമായി തന്നെ നേരിടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിഷ്പക്ഷ സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്ന 1991 മുതലുള്ള ചട്ടം 2010ല്‍ അവാമി ലീഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. എന്നാല്‍, ഇത് അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല. പ്രധാനമന്ത്രി ശേഖ് ഹസീന രാജിവെച്ചതിന് ശേഷമേ തിരഞ്ഞെടുപ്പ് നടത്താകൂവെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ തള്ളിയതോടെയാണ് അക്രമാസക്ത പ്രക്ഷോഭം ആരംഭിച്ചത്.