യാത്രാ വിലക്ക്: മുശര്‍റഫിന്റെ ഹരജി തള്ളി

Posted on: January 6, 2014 10:46 pm | Last updated: January 6, 2014 at 10:46 pm

Pervez Musharrafഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുശര്‍റഫ് രാജ്യം വിട്ട് പോകാനുള്ള സാധ്യത ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പാക് കോടതി തള്ളി. എന്നാല്‍ കോടതിയുടെ അനുമതിയില്ലാതെ രാജ്യത്തിന് പുറത്തേക്ക് മുശര്‍റഫിന് യാത്ര ചെയ്യാനാകില്ലെന്ന് ഹരജി പരിഗണിച്ച ഇസ്‌ലാമാബാദ് ഹൈക്കോടതി വ്യക്തമാക്കി. മുശര്‍റഫിനെതിരായ രാജ്യദ്രോഹക്കുറ്റം വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയുടെ അധികാര പരിധിയില്‍ ഇടപെടാനാകില്ലെന്നും ജസ്റ്റിസ് ശൗക്കത്ത് അസീസ് പറഞ്ഞു.
ലാല്‍ മസ്ജിദിലെ ശുഹാദ ഫൗണ്ടേഷനാണ് രാജ്യത്ത് മുശര്‍റഫിന്റെ സാന്നിധ്യം ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയത്. 2007 ല്‍ ഇസ്‌ലാമാബാദില്‍ നടന്ന സൈനിക നടപടിക്കിടെ മരിച്ചവരുമായി ബന്ധപ്പെട്ടവര്‍ ചേര്‍ന്ന് രൂപം നല്‍കിയ ഫൗണ്ടേഷനിലെ പ്രതിനിധികളാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ പ്രത്യേക കോടതിയില്‍ വിചാരണക്കായി മുശര്‍റഫ് ഇന്നലെ ഹാജരായിരുന്നില്ല.