പ്രവാസി സ്‌കൂള്‍ കുട്ടികളില്‍ 90 ശതമാനവും സ്വയം ചികിത്സിക്കുന്നതായി പഠനം

Posted on: January 6, 2014 6:21 pm | Last updated: January 6, 2014 at 6:21 pm

unhappy studentഅബുദാബി: യു എ ഇയില്‍ താമസിക്കുന്ന പ്രവാസി സ്‌കൂള്‍ കുട്ടികളില്‍ 90 ശതമാനവും രോഗങ്ങള്‍ക്ക് സ്വന്തമായി ചികിത്സ നടത്തുന്നതായി പഠനം. ഈ പ്രവണത അമിതമായ മരുന്ന് ഉപയോഗത്തിലേക്കും മരുന്നുകള്‍ക്ക് അടിപ്പെടുന്നതിലേക്കും കുട്ടികളെ നയിക്കുന്നതായും പഠനം വ്യക്തമാക്കുന്നു.
ഇത്തരം പ്രവണത കുട്ടികളെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്കാണ് നയിക്കുന്നത്. രക്ഷിതാക്കളുടെ മരുന്നു പെട്ടിയില്‍ നിന്നാണ് കുട്ടികള്‍ക്ക് ഇവ ലഭിക്കുന്നത്. ചില കുട്ടികള്‍ അനധികൃതമായ മാര്‍ഗത്തിലൂടെ മരുന്ന് കൈവശപ്പെടുത്തുന്നുമുണ്ട്. ചിലര്‍ ഫാര്‍മസിയില്‍ നിന്നു പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെയാണ് ആന്റിബയോട്ടിക്‌സ് ഉള്‍പ്പെടെയുള്ളവ കരസ്ഥമാക്കുന്നതെന്നും ഉള്‍പ്പെടെയുള്ള ഞെട്ടിക്കുന്ന കാര്യങ്ങളാണ് സര്‍വേയില്‍ വെളിപ്പെട്ടിരിക്കുന്നത്.
സ്വദേശി സ്‌കൂള്‍ കുട്ടികളെ ഒഴിവാക്കിയാണ് ഇത്തരം ഒരു പഠനമെങ്കിലും അവരും രോഗങ്ങള്‍ക്ക് സ്വന്തമായി ചികിത്സ നടത്താറുണ്ടെന്ന് പഠനത്തില്‍ പങ്കാളിയായ ബുര്‍ജീല്‍ ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോ. ലത ബാലകൃഷ്ണ ബൊറൂഡെ വ്യക്തമാക്കി. കുട്ടികള്‍ക്കിടയില്‍ സ്വയം ചികിത്സയെന്ന പ്രവണതക്കെതിരെ ബോധവത്ക്കരണം നടത്തുന്നതില്‍ ഫാര്‍മസിസ്റ്റുകളെയും ഉള്‍പ്പെടുത്തണം. കുട്ടികള്‍ക്ക് ഒരു കാരണവശാലും പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ഫാര്‍മസിസ്റ്റുകള്‍ മരുന്ന് നല്‍കരുതെന്നും അവര്‍ അഭ്യര്‍ഥിച്ചു.
ആരോഗ്യ മന്ത്രാലയം ഇത്തരം കാര്യങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കണം. സ്വയം ചികിത്സിക്കുന്നതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് കുട്ടികളെയും മുതിര്‍ന്നവരെയും ബോധവത്ക്കരിക്കാനുള്ള ശ്രമവും മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.
സ്വയം ചികിത്സ നടത്തുന്ന സ്‌കൂള്‍ കുട്ടികളുടെ എണ്ണം മൊത്തം കുട്ടികളുടെ 90 ശതമാനം വരുമെന്നത് കടുത്ത ആശങ്ക ഉളവാക്കുന്ന കാര്യമാണെന്ന് അജ്മാനിലെ ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ അസി. പ്രഫ. ഡോ. സയിദ് ഷഹനാസ് അഭിപ്രായപ്പെട്ടു. ചെറിയ രോഗങ്ങള്‍ക്ക് മുതിര്‍ന്നവര്‍ സ്വയം മരുന്ന് വാങ്ങി കഴിക്കുന്നതിനെ കുറ്റം പറയാന്‍ കഴിയില്ലെങ്കിലും കുട്ടികളില്‍ ഇത്തരം പ്രവണത കണ്ടുവരുന്നത് ആശാവഹമല്ല. ഞങ്ങള്‍ ഡോക്ടര്‍മാര്‍ മുതിര്‍ന്നവരോടു പോലും സ്വയം ചികിത്സിക്കരുതെന്നാണ് ഉപദേശിക്കാറ്. കുട്ടികള്‍ മുറി അറിവുമായി മരുന്നുകളെ സമീപിക്കുന്നത് അപകടകരമാണ്. പല മരുന്നുകളും ഓവര്‍ ഡോസായി കുട്ടികളുടെ ശരീരത്തില്‍ എത്തിയാല്‍ മരണം ഉള്‍പ്പെടെയുള്ളവയിലേക്ക് നയിച്ചേക്കാം.
ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളാണ് കൂടുതലായി രോഗങ്ങള്‍ക്ക് സ്വയം ചികിത്സ നടത്തുന്നത്. തലവേദന, പനിപോലുള്ള അസുഖങ്ങള്‍, അവയുടെ ലക്ഷണങ്ങള്‍ തുടങ്ങിയവക്കാണ് കുട്ടികളില്‍ ബഹുഭൂരിപക്ഷവും സ്വയം ചികിത്സ നടത്തുന്നത്.
നാലു സ്വകാര്യ വിദ്യാലയങ്ങളിലെ ഒമ്പതാം തരം മുതല്‍ 12ാം തരം വരെയുള്ള കുട്ടികള്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. സര്‍വേയോട് പ്രതികരിച്ച കുട്ടികളില്‍ നല്ലൊരു ശതമാനവും 16നും 17നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. 58.6 ശതമാനവും 13 വയസിന് ശേഷം സ്വയം ചികിത്സ നടത്തിവരുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. 32.5 ശതമാനം 10നും 13നും ഇടയില്‍ സ്വയം ചികിത്സ ആരംഭിച്ചതായി പ്രതികരിച്ചിട്ടുണ്ട്. 8.9 ശതാമനം കുട്ടികള്‍ ഏഴു വയസിനും 10 വയസിനും ഇടയില്‍ സ്വയം ചികിത്സ നടത്തുന്നു.
54 ശതമാനം കുട്ടികള്‍ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ ഫാര്‍മസികളില്‍ നിന്നു കരസ്ഥമാക്കി ഉപയോഗിക്കുന്നതായി സമ്മതിച്ചതായും പഠനത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളായ ഡോ. ഷെഹനാസ് വെളിപ്പെടുത്തി. ആന്റിബയോട്ടിക്കുകള്‍ കൂടുതലായി ഉപയോഗിക്കുന്നത് ശരീരത്തില്‍ ഇവയെ പ്രതിരോധിക്കുന്ന മാരകമായ അവസ്ഥ സൃഷ്ടിച്ചേക്കാം. ഇത്തരം അവസ്ഥ നേരിടുന്നവരില്‍ അസുഖങ്ങള്‍ വന്നാലും ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമാകില്ലെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.