Connect with us

Gulf

തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ഒമാനില്‍ പ്രത്യേക സമിതി

Published

|

Last Updated

മസ്‌കത്ത്: രാജ്യത്തെ അവശ്യ സേവന മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആവശ്യങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതി രൂപവത്കരിക്കാന്‍ മാന്‍പവര്‍ മന്ത്രാലയം തീരുമാനിച്ചു.
അവശ്യ സേവന മേഖലയില്‍ സമരങ്ങള്‍ക്കു നിരോധനമേര്‍പെടുത്തിയ സാഹചര്യത്തിലാണ് ജീവനക്കാരുടെ ആവശ്യങ്ങള്‍ പരിശോധിക്കുന്നതിനും പരിഹരിക്കുന്നതിനും പ്രത്യേക സമിതി രൂപവത്കരിക്കുന്നതു സംബന്ധിച്ച് മാനവ വിഭവ വകുപ്പു മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്‌രി ഉത്തരവിറക്കിയത്.
എണ്ണ കമ്പനികള്‍, റിഫൈനറികള്‍, തുറമുഖങ്ങള്‍, എയര്‍പോര്‍ട്ടുകള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കാണ് പണിമുടക്ക് നിരോധനമേര്‍പെടുത്തിയിരിക്കുന്നത്. പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് രൂപവത്കരിക്കുന്ന സമിതിയുടെ ചെയര്‍മാന്‍ മന്ത്രാലയം തൊഴിലാളികാര്യ അണ്ടര്‍ സെക്രട്ടറിയായിരിക്കും. ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡെപ്യൂട്ടി ചെയര്‍മാന്‍, ഫെഡറേഷന്‍ ഓഫ് ദി ജനറല്‍ ട്രേഡ് യൂനിയന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍, ആവശ്യം ഉന്നയിക്കുന്ന ജീവനക്കാരുടെ പ്രിതനിധികള്‍ എന്നിവരായിരിക്കും സമിതിയിലെ അംഗങ്ങള്‍.
ഓരോ മേഖലയിലെയും തൊഴില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അനുയോജ്യരായ അംഗങ്ങളെ സമിതിക്ക് ഉള്‍പെടുത്താം. എന്നാല്‍ ഇവര്‍ക്ക് വോട്ടവകാശം ഉണ്ടായിരിക്കില്ല. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ലേബര്‍ കെയര്‍ സിന്‍ഡിക്കേറ്റ് ഓര്‍ഗനൈസേഷന്‍സ് ഡയറക്ടര്‍ക്കാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നു.
ചര്‍ച്ചകളില്‍ ഉയര്‍ന്നു വരുന്ന അഭിപ്രായങ്ങളും പഠന റിപ്പോര്‍ട്ടും സമതി റിപ്പോര്‍ട്ട് ചെയ്യണം. രാജ്യത്തെ തൊഴില്‍ നിയമം അനുസരിച്ച് ജീവനക്കാരുടെ ആവശ്യങ്ങള്‍ പരിശോധിക്കുന്നതിനും തീരുമാനം നിര്‍ദേശിക്കുന്നതിനുമാണ് സമിതി. സംഘടിതമായ വിലപേശല്‍, സമരം, കമ്പനി അടച്ചു പൂട്ടല്‍ എന്നിവ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.

Latest