Connect with us

Gulf

ഒമാനില്‍ അപകടത്തില്‍ മരിച്ച രണ്ടു കുട്ടികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Published

|

Last Updated

മസ്‌കത്ത്: ഇബ്രക്കു സമീപം കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ മരിച്ച മൂന്നു കുട്ടികളില്‍ രണ്ടു പേരുടെ മൃതദേഹം ഇന്നു നാട്ടിലേക്കു കൊണ്ടുപോകും. കോഴിക്കോട് വള്ളിക്കുന്ന് സ്വദേശികളായ സുനില്‍ കുമാര്‍, ശ്രീജ ദമ്പതികളുടെ മക്കളായ വേദ സുനില്‍ (11), വൈഭവ് സുനില്‍ (മൂന്ന്) എന്നിവരുടെ മൃതദേഹമാണ് ഇന്ന് രാവിലെ 9.30നുള്ള ഒമാന്‍ എയര്‍ വിമാനത്തില്‍ കൊണ്ടു പോവുക. വൈകുന്നേരം വള്ളിക്കുന്നിലെ സുനിലിന്റെ തറവാടു വീടായ ശ്രീശാന്തില്‍ സംസ്‌കരിക്കും.
അപകടത്തില്‍ സാരമല്ലാത്ത പരുക്കേറ്റ സുനില്‍ കുമാറും ഭാര്യ ശ്രീജയും ദുബൈയില്‍നിന്നെത്തിയ സുനിലിന്റെ സഹോദരന്‍ അനിലും മൃതദേഹങ്ങള്‍ക്കൊപ്പം നാട്ടിലേക്കു തിരിക്കും. സുനിലും ശ്രീജയും വെള്ളിയാഴ്ച തന്നെ ആശുപത്രി വിട്ടിരുന്നു. അതിനിടെ അപകടത്തില്‍ മരിച്ച മറ്റൊരു കുട്ടിയായ ഒന്നര വയസുള്ള ലീ നായരുടെ മൃതദേഹം സമദ് അല്‍ ശാന്‍ ആശുപത്രി മോര്‍ച്ചറിയില്‍ തുടരുകയാണ്. സുനിലും സംഘവും സഞ്ചരിച്ചരുന്ന വാഹനത്തിലുണ്ടായിരുന്ന യു കെ മലയാളി ഗോപു നായരുടെ മകനാണ് ലീ നായര്‍. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഗോപു നായരും ഭാര്യ അദുവും ഖൗല ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിച്ചു. ഗോപു നായരെ ഇന്നലെ വാര്‍ഡിലേക്കു മാറ്റി. അദു തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്. രേഖകള്‍ ശരിയാക്കി ഇവരുടെ കുഞ്ഞിന്റെ മൃതദേഹം ഒമാനില്‍ തന്നെ സംസ്‌കരിക്കാനുള്ള ഒരുക്കത്തിലാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.
അപകടത്തില്‍ പെട്ട വാഹനത്തിലുണ്ടായിരുന്ന ഗോപു നായരുടെ സഹോദരനും മസ്‌കത്തില്‍ സുനിലിന്റെ അയല്‍വാസിയുമായ ദീപു നായരും ആശുപത്രി വിട്ടു. ഇയാളുടെ പരുക്കും സാരമല്ലായിരുന്നു. ദീപു നായരുടെ മകള്‍ ദിയക്കും പരുക്കേറ്റില്ലായിരുന്നു. ഇവര്‍ ഒമ്പതു പേരാണ് കാറിലുണ്ടായിരുന്നത്. ദീപുവിന്റെ മകന് സുഖമില്ലാതിരുന്നതിനാല്‍ ഈ കുഞ്ഞും ഭാര്യയും യാത്രയില്‍ ഇവര്‍ക്കൊപ്പം ഇല്ലായിരുന്നു. യു കെയില്‍നിന്നും ദീപുവിന്റെ അടുത്തെത്തിയ ഗോപു നായരും കുടുംബവും മരുഭൂമിയിലെ സഞ്ചാരത്തിനായാണ് ഇബ്രയിലെത്തിയത്. ഇവിടെ വെച്ചായിരുന്നു അപകടം. കുട്ടികള്‍ അപകടസ്ഥലത്തു വെച്ചും ആശുപത്രിയിലേക്കുള്ള വഴിയേയുമാണ് മരിച്ചത്. ഗോപുവിനും ഭാര്യ അദുവിനുമാണ് ഗുരുതരമായി പരുക്കേറ്റത്.