Connect with us

Gulf

സ്‌കൂള്‍ ബി ഒ ഡി തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം

Published

|

Last Updated

മസ്‌കത്ത്: ഇന്ത്യന്‍ സ്‌കൂള്‍സ് ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയകളിലൂടെ രക്ഷിതാക്കളുമായി സംവദിക്കാനും ആശയം പങ്കു വെക്കാനും നിയന്ത്രണം. മറ്റു പരസ്യപ്രാചാരങ്ങള്‍ക്ക് കനത്ത വിലക്കുള്ള സാഹചര്യത്തില്‍ സ്ഥാനാര്‍ഥികളുടെയും രക്ഷിതാക്കളുടെയും നിരന്തരമായ സമ്മര്‍ദത്തെത്തുടര്‍ന്നാണ് ഇന്നലെ ചേര്‍ന്ന ഇലക്ഷന്‍ കമ്മീഷന്‍ യോഗം സോഷ്യല്‍ മീഡിയകളിലെ ചര്‍ച്ചകള്‍ പരിധി ലംഘിക്കപ്പെടരുതെന്ന നിര്‍ദേശമാണ് മുന്നോട്ടു വെച്ചത്. എന്നാല്‍ സമ്പൂര്‍ണ നിരോധം ഏര്‍പെടുത്തില്ല. ഇന്ന് സ്ഥാനാര്‍ഥികളുമായി ഇതു സംബന്ധിച്ച് കമ്മീഷന്‍ ചര്‍ച്ച നടത്തും.
അതിനിടെ സ്ഥാനാര്‍ഥികളുടെ വിവരങ്ങളടങ്ങിയ പട്ടിക ഇന്നലെ പ്രസിദ്ധപ്പെടുത്തി. തിരഞ്ഞെടുപ്പു കമ്മീഷന്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയ പട്ടിക മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചു. സ്‌കൂളിലെ മുഴുവന്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികളുടെ കൈവശം സ്ഥാനാര്‍ഥികളുടെ ചിത്രങ്ങളും വിവരങ്ങളും അടങ്ങുന്ന പട്ടിക കൊടുത്തു വിടുന്നുണ്ടെന്ന് ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസില്‍നിന്നും അറിയിച്ചു. പതിനൊന്നു പേരാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചിരുന്നത്. ഇതില്‍ രണ്ടു പേര്‍ പിന്മാറിയതോടെ ഒമ്പതു പേര്‍ അവശേഷിക്കുന്നു. ഇതില്‍ അഞ്ചു പേര്‍ മലയാളികളാണ്. ടൈംസ് ഓഫ് ഒമാന്‍ ലേഖകന്‍ റജിമോന്‍, കേരള വിംഗ് കോ കണ്‍വീനര്‍ വില്‍സണ്‍ ജോര്‍ജ്, മസ്‌കത്ത് ഹയര്‍ കോളജ് ഓഫ് ടെക്‌നോളജി അധ്യാപകന്‍ മുഹമ്മദ് ബഷീര്‍ എന്നിവരാണ് സ്ഥാനാര്‍ഥികളിലെ പ്രമുഖര്‍. വിദ്യാഭ്യാസ, സാമൂഹിക പ്രവര്‍ത്തന രംഗത്തെ പരിചയവും അക്കാദമിക് യോഗ്യതകളും മലയാളികളായ ഈ സ്ഥാനാര്‍ഥികള്‍ക്ക് വിജയ സാധ്യത വര്‍ധിപ്പിക്കുന്നു. ട്രാന്‍സ്‌പോര്‍ട്ട് രംഗത്തു പ്രവര്‍ത്തിക്കുന്ന രാജീവ്, ഒമാന്‍ അറബ് ബേങ്ക് പ്രൊഡക്ട് മാനേജര്‍ സൂരജ് കുമാര്‍ എന്നിവരാണ് മറ്റു മലയാളികള്‍.
നിലവിലെ ബോര്‍ഡ് അംഗം അരുള്‍ മൈക്കിളാണ് സ്ഥാനാര്‍ഥികളിലെ മറ്റൊരു പ്രമുഖന്‍. ഇയാള്‍ തമിഴ്‌നാട് സ്വദേശിയാണ്. തമിഴ്‌നാട്ടുകാരനായ അറുമുഖം പഴനി ജ്ഞാന ശേഖരന്‍, ബോറ സമുദായക്കാരനായ ജസര്‍ മുഹമ്മദ്, കര്‍ണാടകക്കാരനായ ശത്രുസുധന്‍ ശ്രീവാസ്തവ എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍. സ്ഥാനാര്‍ഥികളുടെ വിദ്യാഭ്യാസ യോഗ്യത, ജോലി, പൊതു പ്രവര്‍ത്തന രംഗത്തെ പരിചയം, അംഗീകാരങ്ങള്‍, പ്രസ്താനവ എന്നിവ സഹിതമാണ് സ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
ഒമാനിലെ നിയമങ്ങള്‍ക്കും അച്ചടക്കങ്ങള്‍ക്കുമനിസരിച്ച് പരസ്യ പ്രചാരണങ്ങള്‍ക്ക് നിയന്ത്രണമേര്‍പെടുത്തിയ തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയകളിലൂടെ ആശയ സംവേദനത്തിന് നിയന്ത്രിത അനുമതി നല്‍കിയ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനത്തെ സ്ഥാനാര്‍ഥികളും സ്‌കൂള്‍ വിഷയങ്ങളില്‍ ഇടപെടുന്ന പൊതു പ്രവര്‍ത്തകരും സ്വാഗതം ചെയ്തു. ഇന്ത്യന്‍ സ്‌കൂളുകളുടെ പുരോഗതിയും വിദ്യാഭ്യാസ മികവും ലക്ഷ്യമാക്കി ആശയപരമായ ചര്‍ച്ചകള്‍ക്കും രക്ഷിതാക്കളുടെ പ്രതികരണങ്ങള്‍ക്കും തിരഞ്ഞെടുപ്പു സമയത്ത് അവസരമൊരുങ്ങുന്നത് ഗുണപരമായ മാറ്റം സൃഷ്ടിക്കുമെന്നും സ്ഥാനാര്‍ഥികള്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ അറിയിക്കാമെന്നതു പോലെ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സ്ഥാനാര്‍ഥികളുമായി സംവദിക്കാനും സോഷ്യല്‍ മീഡിയ സഹായകമാകും. ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളുമായി ബന്ധപ്പെട്ട് ഗുണപരമായ ചര്‍ച്ച നടക്കുന്നതിന് സോഷ്യല്‍ മീഡിയ ഇടപെടല്‍ സഹായിക്കുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. സോഷ്യല്‍ മീഡിയ ഉപയോഗത്തിലെ നിബന്ധനകള്‍ അറിയിക്കുന്നതിനാണ് ഇന്ന് ഇലക്ഷന്‍ കമ്മീഷന്‍ സ്ഥാനാര്‍ഥികളുടെ യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.

Latest