Connect with us

Wayanad

ബാണാസുര ഡാം ടൂറിസ്റ്റ് കേന്ദ്രം അസൗകര്യങ്ങള്‍ക്ക് നടുവില്‍; പ്രവേശന ഫീസും വര്‍ധിപ്പിച്ചു

Published

|

Last Updated

പടിഞ്ഞാറത്തറ: ബാണാസുര ഡാം ടൂറിസ്റ്റ് കേന്ദ്രത്തില്‍ അസൗകര്യങ്ങള്‍കൊണ്ട് വീര്‍പ്പ് മുട്ടുമ്പോഴും പ്രവേശന ഫീസില്‍ വര്‍ധനവ്. 15 രൂപയുണ്ടായിരുന്ന പ്രവേശന ഫീസാണ് ഇപ്പോള്‍ 20 രൂപയാക്കി വര്‍ധിപ്പിച്ചത്. വിനോദസഞ്ചാരികള്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ യാതൊരു നടപടിയുമില്ലാതെയാണ് പ്രവേശന ഫീസ് വര്‍ധിപ്പിച്ചിരിക്കുന്നത്.
ജനുവരി ഒന്നുമുതലാണ് പ്രവേശനഫീസില്‍ വര്‍ധനവ് വുരുത്തിയത്. പത്തു ദിവസത്തെ ക്രിസ്തുമസ് അവധി ദിനങ്ങളില്‍ മാത്രം കെ.എസ്.ഇ.ബിക്ക് കീഴിലുള്ള ഹൈഡല്‍ ടൂറിസ്റ്റ് കേന്ദ്രത്തിന് ലഭിച്ചവരുമാനം കാല്‍കോടിയോളം രൂപയാണ്. എന്നാല്‍ വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിച്ചിട്ടും യാതൊരുവിധ വികസനപ്രവര്‍ത്തനങ്ങളും കേന്ദ്രത്തിലൊരുക്കിയിട്ടില്ല.
കഴിഞ്ഞ ജൂണ്‍മാസം മുതലാണ് പ്രവേശനകവാടം താല്‍ക്കാലികമായി പഴയ പ്രവേശന കവാടത്തിലേക്ക് മാറ്റിയത്. പുതിയ പ്രവേശന കവാടത്തില്‍ അറ്റകുറ്റപ്പണി നടത്താനെന്ന പേരിലായിരുന്നു കവാടം മാറ്റിയത്. എന്നാല്‍ ആറുമാസമായിട്ടും യാതൊരു പണിയും ഇതുവരെ നടത്തിയിട്ടില്ല. നിലവിലുള്ള പ്രവേശന കവാടത്തിലും റോഡിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതുകാരണം പന്തിപ്പൊയില്‍ റോഡില്‍ ഗതാഗത തടസ്സം നിത്യസംഭവമായിരിക്കുകയാണ്. ടിക്കറ്റ് കൗണ്ടറിലെ സൗകര്യമില്ലായ്മയും ടോയ്‌ലറ്റുകളുടെ അഭാവവും ഇവിടെയെത്തുന്ന വിനോദസഞ്ചാരികളെ ഏറെ ദുരിതത്തിലാക്കുന്നതായി പരാതിയുണ്ട്. ടൂറിസ്റ്റ് കേന്ദ്രത്തില്‍ പുതുതായി തുടങ്ങുമെന്ന് അറിയിച്ച ഫൈവ് ഡി തിയേറ്ററടക്കമുള്ളവക്ക് ഇതുവരെയും കെ.എസ്.ഇ.ബി.യുടെ അനുമതി ലഭിച്ചിട്ടില്ല. വര്‍ഷംതോറും കോടികള്‍വരുമാനം ലഭിക്കുമ്പോഴും കേന്ദ്രത്തിന്റെ വികസനത്തിനായി അധികൃതരൊന്നും ചെയ്യുന്നില്ലെന്നതാണ് വസ്തുത.
നടപ്പാതകളില്‍ ടൈല്‍വിരിക്കുന്നതും കുട്ടികളുടെ പാര്‍ക്കില്‍ പുതിയ ഗെയിറ്റുകള്‍ ആരംഭിക്കുന്നതും യാത്രക്കാര്‍ക്ക് ആവശ്യത്തിന് ബോട്ട് സര്‍വ്വീസ് ഒരുക്കുന്നതുമെല്ലാം കടലാസില്‍ തന്നെ ഒതുങ്ങിനില്‍ക്കുകയാണ്. ഹൈഡല്‍ ടൂറിസ്റ്റ് കേന്ദ്രത്തിന് കീഴിലുള്ള ആറോളം കേന്ദ്രങ്ങളില്‍ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രമാണ് വയനാട്ടിലേത്. എന്നാല്‍ ഇതില്‍ നിന്നും ലഭിക്കുന്ന ലാഭം മറ്റുള്ളവയുടെ നഷ്ടം നികത്താനുപയോഗിക്കുന്നതല്ലാതെ വരുമാനം വര്‍ധിപ്പിക്കാനും വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ ആകര്‍ഷണ ഇനങ്ങള്‍ ഒരുക്കാനും ഉപയോഗിക്കുന്നില്ല. ഇതിനിടെ കുതിരസവാരിയും ഐസ്‌ക്രീം പാര്‍ലറും അനുവദിച്ചതിലടക്കം ബോര്‍ഡ് ഡയറക്ടര്‍ക്കെതിരെ വ്യാപകമായ അഴിമതിയാരോപണവും വിവിധ കോണുകളില്‍ നിന്നുമുയര്‍ന്നിട്ടുണ്ട്.

 

Latest