വയനാടിനു മുതല്‍ക്കൂട്ടായി കാര്‍ഷിക ജൈവവൈവിധ്യകേന്ദ്രത്തിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍

Posted on: January 6, 2014 1:03 pm | Last updated: January 6, 2014 at 1:03 pm

കല്‍പറ്റ: ഡോ.എം എസ് സ്വാമിനാഥന്‍ ഫൗണ്ടേഷനു കീഴില്‍ കല്‍പറ്റയ്ക്ക് സമീപം പുത്തൂര്‍വയലില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക ജൈവവൈവിധ്യകേന്ദ്രത്തില്‍ ഡിസംബര്‍ 27ന് കൃഷിമന്ത്രി കെ പി മോഹനന്‍ ഉദ്ഘാടനം ചെയ്ത ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വയനാടിന്റെ മറ്റൊരു മുതല്‍ക്കൂട്ട്. അപൂര്‍വവും സ്ഥാ നീയവും വംശനാശഭീഷണി നേരിടുന്നതുമായ ജൈവസമ്പത്തിന്റെ സമൃദ്ധിയാണ് ഉദ്യാനത്തിന്റെ സവിശേഷത. പൂത്തൂര്‍വയലില്‍ ഗവേഷണനിലയത്തിന്റെ കൈശത്തിലുള്ള 43 ഏക്കറില്‍ 20 ഏക്കറാണ് ബൊട്ടാണിക്കല്‍ ഗാര്‍ഡനുവേണ്ടി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ലണ്ടനിലെ ബൊട്ടാണിക് ഗാര്‍ഡന്‍ കണ്‍സര്‍വേഷന്‍ ഇന്റര്‍നാഷണലിന്റെയും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെയും അംഗീകാരം പുത്തൂര്‍വയലില്‍ മണിക്കുന്നു മലവാരത്തുള്ള ഉദ്യോനത്തിനുണ്ട്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുവദിച്ച 40 ലക്ഷം രൂപയാണ് ഉദ്യാനനിര്‍മിതിയുടെ ആദ്യഘട്ടത്തില്‍ വിനിയോഗിച്ചത്.
2033 സസ്യജനുസുകള്‍ ഉള്‍പ്പെടുന്നതാണ് ഉദ്യാനം. ഇതില്‍ 512 ജനുസുകള്‍ സ്ഥാനീയവും 579 ജനുസുകള്‍ വംശനാശഭീഷണി നേരിടുന്നതുമാണെന്ന് ജൈവവൈവിധ്യകേന്ദ്രം മേധാവി ഡോ.എന്‍.അനില്‍കുമാര്‍ പറഞ്ഞു. സുസ്ഥിര കാര്‍ഷിക വികസനവും പോഷകാഹാര വ്യാപന പരിപാടിയും ത്വരിതപ്പെടുത്താന്‍ ഗാര്‍ഡന്‍ ഉതകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചെറുതും വലുതുമായ 17 മേഖലകളായാണ് ഉദ്യാനത്തിന്റെ രൂപകല്‍പന. ഇതില്‍ 17 കിഴങ്ങുവര്‍ഗങ്ങളും 12 പയര്‍ വര്‍ഗങ്ങളും 300 ഓളം വന്യ ഭക്ഷ്യ ജനുസുകളും ഉള്‍പ്പെടുന്ന ‘ജെംപ്ലാസം പ്ലോട്ട്’ പുത്തൂര്‍വയല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ മാത്രം പ്രത്യേകതയാണ്. ഏകദേശം എട്ട് ഏക്കറില്‍ വംശനാശം നേരിടുന്ന വനവൃക്ഷങ്ങളും മറ്റു ചെടികളുമാണ് നട്ടുവളര്‍ത്തുന്നത്. ക്രമേണ ഈ ഭാഗം പ്രകൃതിദത്തവനത്തിനു സമാനമാകും. മരവള്ളിച്ചെടികള്‍, പന്നല്‍ച്ചെടികള്‍, ഓര്‍ക്കിഡുകള്‍, പയര്‍വര്‍ഗച്ചെടികള്‍, കള്ളിച്ചെടികള്‍, ജാതിവര്‍ഗ സസ്യങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, ഔഷധച്ചെടികള്‍, വന്യഭക്ഷ്യ സസ്യങ്ങള്‍, അലങ്കാരച്ചെടികള്‍ , ഓര്‍ക്കിഡുകള്‍ എന്നിവയ്ക്ക് ഉദ്യാനത്തില്‍ പ്രത്യേകം മേഖലകളുണ്ട്. ചിത്രശലഭോദ്യാനം, മാതൃകാ കൃഷിത്തോട്ടം, നഴ്‌സറി,ജലസസ്യശേഖരം, മുളങ്കാട് എന്നിവയും ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ ഭാഗമാണ്. ജലസസ്യങ്ങള്‍ വളര്‍ത്തുന്നതിനായി ഉദ്യോനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറുകുളങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. നാടന്‍ മത്സ്യ ഇനങ്ങളുടെ ബ്രീഡിങ് സെന്റര്‍ ഉദ്യാനത്തില്‍ സ്ഥാപിക്കാനിരിക്കയാണ്. ഭക്ഷ്യയോഗ്യമായ 50ല്‍പരം ഇനം നാടന്‍ മത്സ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് വയനാട്ടിലെ ശുദ്ധജലസമ്പത്ത്. ഇതില്‍ അഞ്ച് ഇനങ്ങളുടെ ബ്രീഡിങ്ങാണ് ഉദ്യാനത്തില്‍ നാഷണല്‍ ബ്യൂറോ ഓഫ് ഫിഷ് ജനിറ്റിക്‌സ് റിസോഴ്‌സസിന്റെ സഹായത്തോടെ ആസൂത്രണം ചെയ്തിരിക്കുന്നത്. നാടന്‍ മത്സ്യ ഇനങ്ങളുടെ വംശവര്‍ധവും പ്രാചാരവുമാണ് ലക്ഷ്യം.
പശ്ചിമഘട്ടത്തില്‍ മാത്രം 120 ഓളം ഇനം ഓര്‍ക്കിഡുകള്‍ ഉണ്ട്. ഇവയില്‍ മണ്ണിലും മരങ്ങളില്‍ പറ്റിപ്പിടിച്ചും വളരുന്ന ഇങ്ങളാണ് ഉദ്യാനത്തില്‍. വയനാട്ടില്‍ കാണപ്പെടുന്ന 40ല്‍പരം ഇനം മരവള്ളിച്ചെടികളില്‍ എല്ലാംതന്നെ ഉദ്യാനത്തിന്റെ ഭാഗമാണ്. പൂര്‍ണമായം വികസിപ്പിക്കുമ്പോള്‍ 26 ഇനം മുളകള്‍ ഉള്‍പ്പെടുന്നതായിരിക്കും മുളങ്കാട്. 150 ഓളം ഇനങ്ങളാണ് ഉദ്യാനത്തില്‍ പന്നല്‍സസ്യങ്ങള്‍ക്കായുള്ള ഭാഗത്ത് വളര്‍ത്തുക. ചിത്രശലഭങ്ങളെ ആകര്‍ഷിക്കുന്നതിനു ആതിഥേയ സസ്യങ്ങള്‍ വന്‍തോതില്‍ നട്ടുവളര്‍ത്തിയിട്ടുണ്ട്. ഓരോ ഇനം ശലഭങ്ങള്‍ക്കും ജീവിക്കാനും വംശവര്‍ധന നടത്താനും ഉതകുന്ന വിധത്തിലാണ് ശലഭോദ്യാനത്തിന്റെ രൂപകല്‍പന. ഇന്ത്യയില്‍ വലിപ്പത്തില്‍ ഒന്നാം സ്ഥാനത്തുള്ള ഗരുഡശലഭത്തെ ആകര്‍ഷിക്കുന്നതിനു ഉദ്യാനത്തില്‍ ആതിഥേയ സസ്യം എന്ന നിലയില്‍ കുടുക്കമുല്ലി നട്ടുപിടിപ്പിട്ടുണ്ട്. 63 ഇനം പക്ഷികളുടെ സാന്നിധ്യം പുത്തൂര്‍വയലില്‍ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.
വെസ്റ്റേണ്‍ഘട്ട് എന്‍ഡമിക് പ്ലാന്റ്‌സ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, കാട്ടില്‍ പോകാതെതന്നെ കാടിനെ പരിചയപ്പെടാന്‍ കുട്ടികള്‍ക്ക് സൗകര്യം ഒരുക്കുന്ന ‘വനമേഖല’ എന്നിവയും ഉദ്യാനത്തില്‍ ഉണ്ടാകും. ഉദ്യാനത്തില്‍ ജനുവരി ഒന്നു മുതല്‍ പരിമിതമായ തോതില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ജൈവ വൈവിധ്യകേന്ദ്രം മേധാവി പറഞ്ഞു. സസ്യശാസ്ത്ര പഠനത്തിലും ഗവേഷണത്തിലും ഏര്‍പ്പെടുന്നവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഉദ്യാനത്തിന്റെ ചില മേഖലകളില്‍ പ്രവേശനത്തിനു ഫീസ് ഈടാക്കാന്‍ ആലോചനയുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ പൂര്‍ണ അര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാകുന്നതോടെ സാമൂഹിക കാര്‍ഷിക ജൈവവൈവിധ്യകേന്ദ്രം പശ്ചിമഘട്ട സ്ഥാനീയ സസ്യവിജ്ഞാന കേന്ദ്രമായി പരിണമിക്കുമെന്ന് ഡോ.അനില്‍കുമാര്‍ പറഞ്ഞു.