കായികതാരങ്ങള്‍ക്ക് എം പിയുടെ ഇടപെടല്‍ ആശ്വാസമായി

Posted on: January 6, 2014 1:00 pm | Last updated: January 6, 2014 at 1:00 pm

പാലക്കാട്: ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ റാഞ്ചിയിലേക്ക് പുറപ്പെട്ട കേരളാ ടീമിന്റെ യാത്രാ പ്രശ്‌നത്തിന് എം പിയുടെ ഇടപെടലിലൂടെ പരിഹാരമായി. ഞായറാഴ്ച രാവിലെ എറണാകുളത്തുനിന്നും ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസില്‍ തിങ്ങി നിറഞ്ഞ ജനറല്‍ കംപാര്‍ട്‌മെന്റില്‍ യാത്രതിരിച്ച കായിക താരങ്ങള്‍ക്ക് ഇരിക്കാന്‍പോലും സ്ഥലമുണ്ടായിരുന്നില്ലത്രെ.
പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടയുടനെ എം ബി രാജേഷ് എം പി ഇടപെടുകയും ഷൊര്‍ണൂര്‍ എത്തുമ്പോഴേക്കും റെയില്‍വേ പ്രത്യേകം കോച്ച് അനുവദിക്കുകയും ചെയ്തു. എറണാകുളത്തുനിന്ന് കുട്ടികള്‍ യാത്രതിരിച്ചശേഷം നടത്തിയ ഇടപെടലൂടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്. 142 കായികതാരങ്ങളില്‍ 22 പേര്‍ക്ക് മാത്രമാണ് ട്രെയിനില്‍ റിസര്‍വേഷന്‍ ഉണ്ടായിരുന്നത്. മറ്റുള്ള 120 പേരും ജനറല്‍ കംപാര്‍ട്‌മെന്റില്‍ തിരക്കിക്കയറുകയായിരുന്നു. സംസ്ഥാനത്തിന്റെ സുവര്‍ണ പ്രതീക്ഷകളായ കായികതാരങ്ങളുടെ ദുരിതയാത്രയുടെ വിവരം അറിഞ്ഞയുടന്‍ എം പി പാലക്കാട് റെയില്‍വേ ഡിവിഷന്‍ മാനേജര്‍ പിയൂഷ് അഗര്‍വാളിനോട് ഫോണില്‍ ബന്ധപ്പെട്ടു. അനുകൂലമായി പ്രതികരിച്ച റെയില്‍വേ അധികൃതര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെടുകയും കോച്ച് അനുവദിക്കുകയും ചെയ്തതായി എം ബി രാജേഷ് പറഞ്ഞു.
പെട്ടന്നുള്ള ക്രമീകരണമായതിനാല്‍ സിറ്റിംഗ് കോച്ചാണ് അനുവദിക്കാനായത്. പിന്നീട്, കായിക താരങ്ങളുടെ ലഗേജും മറ്റും മാറ്റുന്നതിന്റെ അസൗകര്യം കണക്കിലെടുത്ത് സിറ്റിംഗ് കോച്ച് ട്രെയിനിന്റെ ഏറ്റവും പിന്നില്‍ ഘടിപ്പിച്ച് ജനറല്‍ കോച്ചാക്കി മാറ്റുകയും കായികതാരങ്ങള്‍ സഞ്ചരിച്ച കോച്ച് പ്രത്യേക കോച്ചാക്കി മാറ്റുകയും ചെയ്തു. ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കായികതാരങ്ങളുടെ സൗകര്യം വിലയിരുത്താനെത്തിയ എം ബി രാജേഷിനെ കായികതാരങ്ങളും കായികാധ്യാപകരും തോളിലേറ്റി നടന്നാണ് ആഹ്ലാദം പ്രകടിപ്പിച്ചത്. ദേശീയ മീറ്റില്‍ പങ്കെടുക്കുന്ന എല്ലാ താരങ്ങള്‍ക്കും ആശംസ നേര്‍ന്നാണ് രാജേഷ് മടങ്ങിയത്. അത്‌ലറ്റുകള്‍ സഞ്ചരിക്കുന്ന കോച്ചില്‍ ഭക്ഷണവും വെള്ളവും ഉറപ്പാക്കാനും എം പി റെയില്‍വേയുമായി ധാരണയാക്കി. എ ഡി ആര്‍ എം മോഹന്‍ മേനോന്‍, സീനിയര്‍ ഡി സി എം ധനഞ്ജയന്‍ തുടങ്ങിയ റെയില്‍വേ ഉദ്യോഗസ്ഥരും രാജേഷിനോടൊപ്പം ഉണ്ടായിരുന്നു.