ഗവര്‍ണറുടെ നയപ്രഖ്യാപനം: നന്ദിപ്രമേയ ചര്‍ച്ച ഇന്ന് മുതല്‍

Posted on: January 6, 2014 6:00 am | Last updated: January 6, 2014 at 10:10 am

niyamasabha_3_3തിരുവനന്തപുരം: ഗവര്‍ണര്‍ നിഖില്‍കുമാര്‍ നടത്തിയ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. കോണ്‍ഗ്രസ് നിയമസഭാകക്ഷി സെക്രട്ടറിയായ ബെന്നി ബെഹ്‌നാനാണ് നന്ദിപ്രമേയം അവതരിപ്പിക്കുക. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന നന്ദിപ്രമേയ ചര്‍ച്ച രാഷ്ട്രീയ വിഷയങ്ങള്‍ക്ക് വഴിമാറുമെന്നുറപ്പ്. ദേശീയ രാഷ്ട്രീയം മുതല്‍ സംസ്ഥാനത്തെ ആനുകാലിക സംഭവവികാസങ്ങള്‍ വരെ ചര്‍ച്ചയില്‍ ഉയരും. പ്രതിപക്ഷം സഭാനടപടികള്‍ സ്തംഭിപ്പിക്കുന്നതിനേക്കാള്‍ കാര്യങ്ങള്‍ പോകില്ലെന്നാണ് സൂചന.
പാചക വാതകത്തിനും പെട്രോള്‍, ഡീസല്‍ ഉത്പന്നങ്ങളുടെയും വിലവര്‍ധന ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും. ജനങ്ങളെ ബാധിക്കുന്ന വിഷയമെന്ന നിലയിലാണ് ആദ്യ ദിവസം തന്നെ വിലക്കയറ്റം ആയുധമാക്കുന്നത്. സോളാര്‍ തട്ടിപ്പിനെ ചൊല്ലി കഴിഞ്ഞ സമ്മേളനം കലുഷിതമായി നേരത്തെ പിരിഞ്ഞതാണെങ്കിലും ഈ വിഷയം പ്രതിപക്ഷം ഉപേക്ഷിച്ച മട്ടാണ്. എന്നാലും ചര്‍ച്ചയില്‍ ഇക്കാര്യം എടുത്തിടുമെന്നതില്‍ തര്‍ക്കമില്ല. സലീം രാജിന്റെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളും സഭയില്‍ ഉന്നയിക്കപ്പെടും.
രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശത്തിലൂടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിച്ചതിന്റെ ആത്മവിശ്വാസം സര്‍ക്കാറിനുണ്ടെങ്കിലും മുന്നണിയിലെ ചെറുകക്ഷികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി തലവേദനയാണ്. കേരളാ കോണ്‍ഗ്രസ് ബിയും ജെ എസ് എസുമാണ് അസംതൃപ്തരായി യു ഡി എഫില്‍ കഴിയുന്നത്. മുഖ്യമന്ത്രിയാകാന്‍ എല്‍ ഡി എഫ് ക്ഷണിച്ചെന്ന ഗൗരിയമ്മയുടെ വെളിപ്പെടുത്തലും വലിയ ചര്‍ച്ചക്ക് വിഷയീഭവിക്കുമെന്നുറപ്പ്.
ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെ കോണ്‍ഗ്രസില്‍ നിന്നുയര്‍ന്ന എതിര്‍പ്പ് സഭയിലും പ്രതിഫലിക്കും. ജോര്‍ജിന്റെ വിപ്പ് അംഗീകരിക്കില്ലെന്ന മുന്‍ നിലപാട് ഈ സമ്മേളനത്തിലും തുടരുമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ എം എല്‍ എമാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. കോണ്‍ഗ്രസിന്റെ വിപ്പ് ടി എന്‍ പ്രതാപനായിരിക്കും നല്‍കുക.
വിലക്കയറ്റത്തിന് പുറമെ കെ എസ് ആര്‍ ടി സി പ്രതിസന്ധി, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, ബസ്ചാര്‍ജ് വര്‍ധന തുടങ്ങിയ വിഷയങ്ങളെല്ലാം നന്ദിപ്രമേയ ചര്‍ച്ചയില്‍ ഉന്നയിക്കപ്പെടും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി ഇ എഫ് എല്‍ നിയമം റദ്ദാക്കണമെന്ന് ശിപാര്‍ശ നല്‍കിയതും വലിയ ചര്‍ച്ചക്ക് വിഷയമാകും. ഈ നിര്‍ദേശത്തിനെതിരെ കോണ്‍ഗ്രസില്‍ നിന്ന് തന്നെ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. മൂന്ന് ദിവസത്തെ നന്ദിപ്രമേയ ചര്‍ച്ച നടത്തി പാസാക്കിക്കഴിഞ്ഞാല്‍ പിന്നെ നീണ്ട ഇടവേളയാണ്. 20നാണ് പിന്നീട് സമ്മേളനം ചേരുന്നത്.