യന്ത്രസഹായ കയറ്റിറക്ക് വാണിജ്യ ആവശ്യത്തിന് മാത്രമാക്കണമെന്ന് ശിപാര്‍ശ

Posted on: January 6, 2014 1:30 am | Last updated: January 6, 2014 at 10:05 am

തിരുവനന്തപുരം: വാണിജ്യാവശ്യത്തിന് കൊണ്ടുവരുന്ന മണ്ണ്, മണല്‍, മെറ്റല്‍, ഗ്രാവല്‍, കരിങ്കല്ല് എന്നിവ മാത്രം ടിപ്പര്‍ ലോറിയില്‍ യന്ത്രസഹായത്താല്‍ അണ്‍ലോഡ് ചെയ്യാന്‍ അനുവദിക്കാന്‍ പാടുള്ളൂവെന്ന് ചുമട്ട് തൊഴില്‍ മേഖലയിലെ തൊഴില്‍ നഷ്ടം പഠിക്കാന്‍ നിയോഗിച്ച വര്‍ക്കല കഹാര്‍ സമിതി ശിപാര്‍ശ. മറ്റുള്ളവയെല്ലാം കയറ്റിറക്കുന്നതിനുള്ള അവകാശം ചുമട്ടുതൊഴിലാളികള്‍ക്ക് നല്‍കണം. അനുവദിക്കുന്ന ജോലികള്‍ നിര്‍ബന്ധമായും ചുമട്ടുതൊഴിലാളികള്‍ ചെയ്യേണ്ടതും ടിപ്പര്‍ മുതലായ യന്ത്രവത്കരണത്തിലൂടെ ജോലി ചെയ്യാതെ കൂലി വാങ്ങാന്‍ പാടില്ലെന്നും സമിതി സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു. സമിതി ശിപാര്‍ശകള്‍ പഠിച്ച് വേണ്ട നടപടികള്‍ എത്രയും വേഗം കൈക്കൊള്ളുമെന്ന് റിപ്പോര്‍ട്ട് സ്വീകരിച്ച ശേഷം തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു.
ഭാരമുള്ളതും ചുമട്ടുതൊഴിലാളികള്‍ക്ക് നേരിട്ട് ഇറക്കാന്‍ വയ്യാത്തവ, ക്രൈന്‍ മുതലായ യന്ത്രസഹായത്താല്‍ സാധനങ്ങള്‍ ഇറക്കുന്ന സംഭവങ്ങളില്‍ ചുമട്ടുതൊഴിലാളികള്‍ക്ക് തൊഴില്‍ ക്ലൈം ഉണ്ടായിരിക്കില്ല. ഉടമ ആവശ്യപ്പെടുന്നപക്ഷം അവരെ നിയോഗിക്കേണ്ടതും അവര്‍ക്ക് നിശ്ചിത കൂലി നിശ്ചയിക്കേണ്ടതുമാണ്. സമാനസ്വഭാവമുള്ള ജോലികളില്‍ തൊഴിലാളികളുടെ സേവനം നിയോഗിക്കാവുന്നതും ആയതിന് ഒരു കേന്ദ്രീകൃത കൂലിസമ്പ്രദായം സര്‍ക്കാര്‍ നിശ്ചയിക്കണം.
സെയില്‍സ് വാനില്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ ഇറക്കുന്നത് സംബന്ധിച്ച് ലീഗല്‍ മെട്രോളജി നിയമത്തിലെ പാക്കേജ് കമ്മോഡിറ്റീസ് ചട്ടം 2011-ല്‍ സൂചിപ്പിച്ചിരിക്കുന്നത് പ്രകാരം റീട്ടെയില്‍ വ്യാപാരത്തിനുവേണ്ടി നിശ്ചയിച്ചിരിക്കുന്ന 25 കിലോ/25 ലിറ്റര്‍ വരെ വരുന്ന പാക്കേജുകള്‍/പെട്ടികള്‍ വാഹനത്തില്‍ നിന്ന് ഇറക്കാന്‍ വിതരണ വ്യാപാരികള്‍ക്കോ അവരുടെ തൊഴിലാളികള്‍ക്കോ അവകാശമുണ്ടായിരിക്കും. എന്നാല്‍ അപ്രകാരമല്ലാത്ത ഉത്പന്നങ്ങള്‍, നിര്‍മാതാക്കളില്‍ നിന്ന് നേരിട്ട് വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തുന്ന ഉത്പന്നങ്ങള്‍ എന്നിവക്ക് അംഗീകൃത ചുമട്ടുതൊഴിലാളികള്‍ക്ക് ഇറക്കാന്‍ അവകാശം ഉണ്ടാകും. ജില്ലാതല കൂലി ഏകീകരണം നടത്തി രണ്ട് വര്‍ഷത്തിലൊരിക്കല്‍ കൂലി പുതുക്കി നിശ്ചയിക്കണം.
സ്‌കാറ്റേഡ് വിഭാഗം തൊഴിലാളികള്‍ക്കും ഒരു തൊഴില്‍ ക്രമീകരണം കൊണ്ടുവരിക, സ്‌കാറ്റേഡ് വിഭാഗം തൊഴിലാളികളുടെ തൊഴില്‍ ക്രമീകരണം ഉറപ്പാക്കുന്നതിന് ക്ഷേമപദ്ധതികള്‍ ആകര്‍ഷകമാക്കുന്നതിനുവേണ്ടി ഗവ. ബോര്‍ഡിന് ആവശ്യമായ ധനസഹായം ലഭ്യമാക്കുക, ക്ഷേമബോര്‍ഡിന്റെ സ്‌കാറ്റേഡ് വിഭാഗം ക്ഷേമപദ്ധതിയില്‍ അംഗത്വം എടുപ്പിക്കുക, ആറ് മാസത്തിനകം ബോര്‍ഡില്‍ ഏതെങ്കിലും ക്ഷേമപദ്ധതിയില്‍ അംഗമല്ലാത്തവരുടെ കാര്‍ഡ് റദ്ദ് ചെയ്യുക, ഗുരുതരമായ അച്ചടക്കലംഘനം, നോക്കുകൂലി വാങ്ങല്‍ എന്നീ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെ കാര്‍ഡ് സസ്‌പെന്‍ഡ് ചെയ്യുക, ഗുരുതരമായ സാഹചര്യത്തില്‍ കാര്‍ഡ് റദ്ദ് ചെയ്യുക തുടങ്ങി പതിനൊന്നോളം ശിപാര്‍ശകളാണ് സമിതി നല്‍കിയത്.
സമിതിയില്‍ ചെയര്‍മാന്‍ വര്‍ക്കല കഹാര്‍ എം എല്‍ എക്ക് പുറമെ കാട്ടാക്കട ശശി (സി ഐ ടി യു), കെ ഇന്ദുശേഖരന്‍ നായര്‍ (എ ഐ ടി യു സി), ജി മാഹീന്‍ അബൂബക്കര്‍ (എസ് ടി യു), അമ്പലത്തറ ശ്രീധരന്‍ നായര്‍ (യു ടി യു സി), എസ് മനോഹരന്‍ (എച്ച് എം എസ്), കെ ചന്ദ്രബാബു (യു ടി യു സി-ബി), പി ജയപ്രകാശ് (ബി എം എസ്), പൂങ്കോട് ബാലു (കെ ടി യു സി-എം) എന്നിവര്‍ അംഗങ്ങളായിരുന്നു. അഡീ. ലേബര്‍ കമ്മീഷണര്‍ വി എല്‍ അനില്‍കുമാര്‍ സമിതി കണ്‍വീനറായിരുന്നു.