ഗോവയിലെ കെട്ടിട അപകടം: മരണം 15 ആയി

Posted on: January 6, 2014 7:41 am | Last updated: January 6, 2014 at 7:41 am

goaപനാജി: ഗോവയിലെ കാനകോണ നഗരത്തില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. ഇന്നലെ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി ലഭിച്ചു. 20 പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.
കെട്ടിട നിര്‍മാതാവിനും കരാറുകാരനും വേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അപകടത്തില്‍ ഇരയായവര്‍ക്കുള്ള നഷ്ടപരിഹാരം ഇന്ന് പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങളുടെ വന്‍ കൂമ്പാരങ്ങള്‍ക്കിടയില്‍ ജീവനോടെ ആളുകള്‍ അവശേഷിക്കാനുള്ള സാധ്യത വിരളമാണ്. ഗോവന്‍ അഗ്നിശമന സേനാംഗങ്ങള്‍ക്കൊപ്പം സൈന്യവും രക്ഷാപ്രവര്‍ത്തന രംഗത്തുണ്ട്. നേരത്തെ ചിലരുടെ ശബ്ദം കേട്ടുവെന്നും ഈ ഭാഗം കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയപ്പോള്‍ രണ്ട് പേരെ രക്ഷിക്കാനായെന്നും ഒരു ദൃക്‌സാക്ഷി പറഞ്ഞു.
കെട്ടിട നിര്‍മാതാവ് വിശ്വാസ് ദേശായിക്കും കരാറുകാരന്‍ ജയ്ദീപ് സൈഗാളിനും എതിരെ കേസെടുത്ത് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. നവി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് റിയല്‍റ്റേഴ്‌സ ആന്‍ഡ് ഡെവലപ്പേഴ്‌സ് ആണ് കെട്ടിടം നിര്‍മിക്കുന്നത്.