Connect with us

National

ഇന്ത്യ ക്രയോ ക്ലബില്‍

Published

|

Last Updated

ശ്രീഹരിക്കോട്ട (ആന്ധ്രാപ്രദേശ്): പുതുവര്‍ഷ സമ്മാനമായി ക്രയോജനിക് റോക്കറ്റ് ക്ലബില്‍ ഇന്ത്യയും. തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ച ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹനമായ ജി എസ് എല്‍ വി- ഡി 5 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് കുതിച്ചുയര്‍ന്ന ജി എസ് എല്‍ വി- ഡി 5 വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്- 14നെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ചു. ഇതോടെ ക്രയോജനിക് എന്‍ജിന്‍ ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആറാമതായി ഇന്ത്യ ഇടം പിടിച്ചു. യു എസ്, റഷ്യ, ജപ്പാന്‍, ചൈന, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ഇതിന് മുമ്പ് ക്രയോജനിക് സാങ്കേതിക വിദ്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത രാജ്യങ്ങള്‍.
ശനിയാഴ്ച രാവിലെ 11.18ന് ആരംഭിച്ച ഇരുപത്തൊമ്പത് മണിക്കൂര്‍ നീണ്ടുനിന്ന കൗണ്ട്ഡൗണിനൊടുവില്‍ ഇന്നലെ വൈകീട്ട് 4.18നാണ് വിക്ഷേപണം നടത്തിയത്. തുടര്‍ച്ചയായി രണ്ട് തവണ പരാജയമേറ്റുവാങ്ങിയ ശേഷമാണ് ഐ എസ് ആര്‍ ഒ വിജയം കണ്ടത്. ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയ ജി എസ് എല്‍ വി ഉപയോഗിച്ച് ജിസാറ്റ്- 14 ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കാന്‍ സാധിച്ചത് ഐ എസ് ആര്‍ ഒക്ക് വലിയ ആശ്വാസമായിട്ടുണ്ട്. ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാറ്റിവെച്ച വിക്ഷേപണമാണ് ഇത്തവണ ലക്ഷ്യം കണ്ടത്. ജി എസ് എല്‍ വി റോക്കറ്റ് ഉപയോഗിച്ച് ഇതിന് മുമ്പ് ഏഴ് തവണ നടത്തിയ പരീക്ഷണങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് വിജയം കണ്ടത്. ഒന്ന് ഭാഗികമായി മാത്രം വിജയിച്ചു.
2010 ഏപ്രില്‍ പത്തിനും അതേ വര്‍ഷം ഡിസംബറിലും നടത്തിയ വിക്ഷേപണങ്ങള്‍ പരാജയപ്പെട്ടിരുന്നു. തദ്ദേശീയമായി നിര്‍മിച്ച ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചായിരുന്നു ആദ്യ വിക്ഷേപണം. റഷ്യന്‍ നിര്‍മിത ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചാണ് ഡിസംബറില്‍ വിക്ഷേപണം നടത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ നടത്തേണ്ടിയിരുന്ന ജി എസ് എല്‍ വി- ഡി 5 ന്റെ വിക്ഷേപണം അവസാന നിമിഷം നിര്‍ത്തിവെച്ചിരുന്നു. ക്രയോജനിക് എന്‍ജിനില്‍ ഇന്ധനം നിറക്കുമ്പോള്‍ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ദൗത്യം ആരംഭിക്കാന്‍ 1.40 മണിക്കൂര്‍ ശേഷിക്കെയാണ് കൗണ്ട്ഡൗണ്‍ നിര്‍ത്തിവെച്ചത്.
റഷ്യന്‍ നിര്‍മിത ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചാണ് ഇന്ത്യ ഇതുവരെ വിജയകരമായി നടത്തിയിട്ടുള്ള ജി എസ് എല്‍ വി വിക്ഷേപണങ്ങള്‍. ഭൂഖണ്ഡാന്തര മിസൈല്‍ വിക്ഷേപണത്തിന് ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയേക്കുമെന്ന വിലയിരുത്തലില്‍ ഇവ ഇന്ത്യക്ക് നല്‍കാതിരിക്കാന്‍ തൊണ്ണൂറുകളില്‍ റഷ്യക്ക് മേല്‍ യു എസ് സമ്മര്‍ദം ചെലുത്തിയിരുന്നു. സാങ്കേതിക വിദ്യ നല്‍കാതെ എന്‍ജിന്‍ പൂര്‍ണമായുമാണ് പിന്നീട് റഷ്യ നല്‍കിയത്. ഇതേത്തുടര്‍ന്ന് 1996ലാണ് സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങിയത്.
മുമ്പുണ്ടായ പരാജയങ്ങള്‍ വിലയിരുത്തി നിരവധി മാറ്റങ്ങള്‍ വരുത്തിയായിരുന്നു ഇത്തവണത്തെ വിക്ഷേപണം. 49.13 മീറ്റര്‍ ഉയരമുള്ള റോക്കറ്റിന് 414.75 ടണ്‍ ഭാരമുണ്ട്. നാല് ടണ്‍ വരെയുള്ള പേലോഡുകള്‍ വഹിക്കാന്‍ ഇവക്ക് ശേഷിയുണ്ടാകും. ഇന്ത്യയുടെ 23-ാമത് ഭൂസ്ഥിര വാര്‍ത്താ വിനിമയ ഉപഗ്രഹമാണ് ജിസാറ്റ് 14. പന്ത്രണ്ട് വര്‍ഷമാണ് ഇതിന്റെ കാലാവധി. 1,982 കിലോഗ്രാം ഭാരം വരുന്ന വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്- 14ല്‍ ആറ് സി ബാന്‍ഡ്, കെ യു ബാന്‍ഡ് ട്രാന്‍സ്‌പോണ്ടറുകളും രണ്ട് കെ എ ബീക്കണുകളും ഉണ്ട്. ടെലി- മെഡിസിന്‍, വിദ്യാഭ്യാസ മേഖലകളില്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ ഇവക്ക് സാധിക്കും. റോക്കറ്റിന് 173 കോടി രൂപയും ഉപഗ്രഹത്തിന് 45 കോടി രൂപയും ചെലവുണ്ട്. 350 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്.
വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ അഭിമാനിക്കുന്നുവെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ പറഞ്ഞു. ശാസ്ത്ര സാങ്കേതിക മേഖലയില്‍ ഇന്ത്യ ഒരു ചുവട് മുന്നോട്ടു വെച്ചതായി ഐ എസ് ആര്‍ ഒയെ അഭിനന്ദിച്ചു കൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു.

Latest