Connect with us

Sports

കറുത്ത മുത്ത് ഓര്‍മയായി

Published

|

Last Updated

ലിസ്ബന്‍: പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസം യുസേബിയോ (71) ഓര്‍മയായി. ഇന്നലെ പുലര്‍ച്ചെ 3.30ഓടെ ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ദീര്‍ഘനാളായി ശ്വാസകോശ, ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന യുസേബിയോ 2012 മുതല്‍ പക്ഷാഘാതത്തെ തുടര്‍ന്നുള്ള ചികിത്സയിലായിരുന്നു. പോര്‍ച്ചുഗീസ് മാധ്യമങ്ങളാണ് മരണ വിവരം പുറത്തുവിട്ടത്. തെക്കുകിഴക്കന്‍ ആഫ്രിക്കന്‍ രാജ്യവും മുമ്പ് പോര്‍ച്ചുഗല്‍ കോളനിയുമായിരുന്ന മൊസാംബിക്കിലെ ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ച അദ്ദേഹം ലിസ്ബനിലേക്ക് കുടിയേറുകയായിരുന്നു. 18ാം വയസില്‍ ബെന്‍ഫിക്ക ക്ലബിലെത്തിയതോടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഫുട്‌ബോളില്‍ നിന്ന് വിരമിച്ച ശേഷം അദ്ദേഹം ബെന്‍ഫിക്കയുടെ കോച്ചായും പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ടീമിന്റെ പ്രചാരകനായും അവസാനകാലം വരെ നിലകൊണ്ടു.
യുസേബിയോക്ക് നിത്യശാന്തികള്‍ നേരുന്നതായി പോര്‍ച്ചുഗീസ് നായകനും റയല്‍ മാഡ്രിഡ് താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു.
ഇന്ന് ദുഃഖകരമായ ദിവസമാണ്. യുസേബിയോ ഇനി അനശ്വരനായിരിക്കുമെന്ന് ചെല്‍സിയുടെ പോര്‍ച്ചുഗല്‍ കോച്ച് ജോസെ മൗറീഞ്ഞ്യോ മരണ വിവരം അറിഞ്ഞപ്പോള്‍ പ്രതികരിച്ചു.

eusebio 2
പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ സംഭാവന ചെയ്ത മികച്ച താരങ്ങളിലൊരാളായിരുന്നു കറുത്ത പുലി, കറുത്ത മുത്ത് എന്ന പേരുകളില്‍ അറിയപ്പെട്ടിരുന്ന യുസേബിയോ ഡാ സില്‍വ ഫെരൈര. അസാമാന്യ വേഗവും മികച്ച പന്തടക്കവും ഏത് വശത്ത് നിന്ന് ഗോള്‍ കണ്ടെത്താനുള്ള മികവും യുസേബിയോയുടെ കളിയുടെ പ്രത്യേകതകളായിരുന്നു. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ ഫോര്‍വേഡുകളില്‍ ഒരാളായിരുന്നു പോര്‍ച്ചുഗല്‍ ഇതിഹാസം. ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളുടെ ഗണത്തില്‍പ്പെടുന്ന യുസേബിയോയുടെ കരുത്തില്‍ 1966ലെ ലോകകപ്പില്‍ പോര്‍ച്ചുഗല്‍ സെമിയിലെത്തിയിരുന്നു. ആ ലോകകപ്പില്‍ ഒമ്പത് ഗോളുകള്‍ നേടി ടൂര്‍ണമെന്റിലെ ഗോള്‍ വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തെത്തിയ അദ്ദേഹം തന്റെ മികവില്‍ ടീമിനെ മൂന്നാം സ്ഥാനത്തുമെത്തിക്കുകയുണ്ടായി. 745 മൊത്തം മത്സരങ്ങളില്‍ നിന്നായി 733 ഗോളുകളാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. രാജ്യത്തിനായി 64 തവണ കളിക്കാനിറങ്ങിയ അദ്ദേഹം 41 ഗോളുകള്‍ നേടി. വിവിധ ക്ലബുകള്‍ക്കായി 430തവണ കളിക്കാനിറങ്ങിയ ഇതിഹാസം 428തവണ വല ചലിപ്പിച്ചു.

figa and eusebio

ലൂയി ഫിഗോയോടൊപ്പം

പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫിക്കക്ക് വേണ്ടിയാണ് അദ്ദേഹം കരിയറില്‍ സിംഹഭാഗവും കളിച്ചത്. 301 മത്സരങ്ങളില്‍ ക്ലബിനായി ഇറങ്ങിയ അദ്ദേഹം ക്ലബിന് 1962ല്‍ യൂറോപ്യന്‍ കപ്പ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. 1965ല്‍ ബാലണ്‍ഡ്യോര്‍ പുരസ്‌കാരവും 1968ലും 1973ലും യൂറോപ്പിലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ടും അദ്ദേഹം സ്വന്തമാക്കിയിരുന്നു.

20ാം നൂറ്റാണ്ട് കണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരങ്ങളുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്ത് യുസേബിയോ തിരഞ്ഞെടുക്കപ്പെട്ടു. വേള്‍ഡ് സോക്കര്‍ മാസിക തിരഞ്ഞെടുത്ത 20ാം നൂറ്റാണ്ടിലെ മികച്ച താരങ്ങളുടെ പട്ടികയില്‍ 10ാം സ്ഥാനത്ത് യുസേബിയോയാണ്. 2004ല്‍ ഫിഫ തിരഞ്ഞെടുത്ത ജീവിച്ചിരിക്കുന്ന 100 മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളായി പെലെ യുസേബിയോയെ നിര്‍ദേശിക്കുകയുണ്ടായി. യുവേഫയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഓണ്‍ലൈന്‍ വോട്ടെടുപ്പ് നടത്തിയപ്പോള്‍ യുസേബിയോ മികച്ച താരങ്ങളുടെ പട്ടികയില്‍ ഏഴാമതായിരുന്നു. പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ സംഭാവന ചെയ്ത കഴിഞ്ഞ 50 വര്‍ഷത്തിനിടെയുള്ള താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയ യുസേബിയോ ആഫ്രിക്കയുടെ ആദ്യ ഇതിഹാസ ഫുട്‌ബോളറായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.