Connect with us

Kannur

ഷൊര്‍ണൂര്‍- മംഗലാപുരം മൂന്നാം പാത: സര്‍വേ നടപടികള്‍ അനിശ്ചിതത്വത്തില്‍

Published

|

Last Updated

കണ്ണൂര്‍: സംസ്ഥാനത്തെ യാത്രാപ്രശ്‌നത്തിന് പ്രധാന പരിഹാരമെന്ന് നിര്‍ദേശിക്കപ്പെട്ട ഷൊര്‍ണൂര്‍- മംഗലാപുരം മൂന്നാം റെയില്‍ പാതയുടെ സര്‍വേ നടപടികള്‍ അനിശ്ചിതത്വത്തിലായി. കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ കേരളത്തിന് ലഭിച്ച മൂന്ന് പ്രധാന നേട്ടങ്ങളിലൊന്നായ മൂന്നാം പാതയുടെ പ്രാരംഭ നടപടികള്‍ക്കാണ് ഒരു വര്‍ഷമാകാറായിട്ടും തുടക്കമാകാത്തത്. പുതിയ റെയില്‍വേ ബജറ്റ് സമ്മേളനം നടക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കേ കേരളം ഏറെ ആഗ്രഹിച്ച സ്വപ്‌ന പദ്ധതിയെയാണ് റെയില്‍വേ അധികൃതര്‍ മറന്നത്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന കവാടം കൂടിയായ ഷൊര്‍ണൂര്‍- മംഗലാപുരം മൂന്നാം പാതയുടെ സര്‍വേ നടത്തിപ്പിനുള്ള പ്രാഥമിക നടപടി പോലും എന്തുകൊണ്ടാണ് നടത്താത്തതെന്ന് വിശദീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യാഗസ്ഥര്‍ തയ്യാറാകുന്നുമില്ല. മൂന്നാം പാത നിര്‍മിക്കുന്നതിനുള്ള നടപടികളൊന്നും അടുത്ത മാസം നടക്കുന്ന ബജറ്റിനു മുമ്പുണ്ടായില്ലെങ്കില്‍ കേരളത്തിന് പുതിയ ട്രെയിനുകളൊന്നും അനുവദിക്കേണ്ടതില്ലെന്ന നിലപാടാണ് റെയില്‍വേ സുരക്ഷാ ബോര്‍ഡും സ്വീകരിക്കുന്നത്. ആവശ്യത്തിന്റെ 150 ശതമാനത്തിലധികം ഉപയോഗിച്ചു കഴിഞ്ഞ നിലവിലുള്ള പാതയിലൂടെ പുതിയ ട്രെയിനുകള്‍ അനുവദിക്കാനാകില്ലെന്ന് നേരത്തെ തന്നെ സുരക്ഷാ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ട്രാക്ക് മാറ്റല്‍ പ്രവൃത്തി നടക്കുന്നുണ്ടെങ്കിലും ഇത് വേഗത്തില്‍ പൂര്‍ത്തിയാക്കാനും കഴിയില്ല. കൂടാതെ ട്രാക്ക് മാറ്റം വലിയ തോതിലുള്ള ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്.
പുതിയ ഏഴ് പാതകളുടെ സര്‍വേക്കാണ് കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ അംഗീകാരം നല്‍കിയിരുന്നത്. മലബാറില്‍ കോട്ടിക്കുളം-കണിയൂര്‍ പാത, ഷൊര്‍ണൂര്‍- മംഗലാപുരം പാത എന്നിവക്കാണ് അനുമതി കിട്ടിയത്. ബജറ്റ് പ്രഖ്യാപനത്തിന് തൊട്ടടുത്ത ദിവസം തന്നെ പാതക്കിരുവശങ്ങളിലുമുള്ള നിര്‍മാണ പ്രവൃത്തികള്‍ റെയില്‍വേ തടഞ്ഞിരുന്നെങ്കിലും ഏതെങ്കിലും തരത്തിലുള്ള സര്‍വേയോ മറ്റേതെങ്കിലും അറിയിപ്പുകളോ ലഭിച്ചിട്ടില്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ആവശ്യത്തിനുള്ള ജീവനക്കാരുടെ അഭാവവും ഫണ്ടിന്റെ തടസ്സവുമാണ് സര്‍വേ തുടങ്ങാതിരിക്കാനുള്ള ഒരു കാരണമായി പറയുന്നത്.
ഷൊര്‍ണൂര്‍- മംഗലാപുരം റെയില്‍വേ വൈദ്യുതീകരണ പ്രവൃത്തി പൂര്‍ത്തീകരണം വൈകുന്നതും ഈ പാതയില്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുന്നതിന് തടസ്സമാകുന്നതായി പറയുന്നു. 2014 മാര്‍ച്ചില്‍ പൂര്‍ത്തിയാകേണ്ട വൈദ്യുതീകരണ പ്രവൃത്തി ഒരു വര്‍ഷം കൂടി നീളുമെന്ന് നിലവിലുള്ള സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നു. ഷൊര്‍ണൂരില്‍ നിന്ന് മംഗലാപുരം വരെയുള്ള 150 കിലോമീറ്ററിലെ വൈദ്യുതീകരണ പ്രവൃത്തന പദ്ധതി 2012 ഏപ്രിലിലാണ് ആരംഭിച്ചത്. സംസ്ഥാനത്ത് മണലും ജല്ലിയുമുള്‍പ്പെടെ നിര്‍മാണ വസ്തുക്കള്‍ ലഭിക്കാത്തതും നടത്തിപ്പിന് ആവശ്യത്തിന് ഉദ്യോഗസ്ഥരെ ലഭിക്കാത്തതുമാണ് വൈദ്യുതീകരണ പ്രവൃത്തി തടസ്സപ്പെടാന്‍ പ്രധാന കാരണമായി പറയുന്നത്.
അതേസമയം, പാത വികസനം ലക്ഷ്യത്തിലെത്തുന്നതുവരെ കാത്തിരിക്കാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്ന് കേരളത്തിലെ റെയില്‍വേ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കൂടുതല്‍ ട്രെയിനുകള്‍ നിലവിലുള്ള ലൈനിലൂടെ ഓടിക്കാന്‍ വഴിയൊരുക്കുന്ന പുതിയ സിഗ്നല്‍ സിസ്റ്റം കേരളത്തില്‍ പൂര്‍ണമായും നടപ്പാക്കേണ്ടിയിരുന്നുവെന്നാണ് ഇവരുടെ നിലപാട്. മുന്നില്‍ പോകുന്ന ട്രെയിന്‍ രണ്ട് സ്റ്റേഷനുകള്‍ പിന്നിട്ടാല്‍ മാത്രം പിറകിലെത്തുന്ന ട്രെയിനിനു പച്ചവിളക്ക് എന്ന ഇപ്പോഴത്തെ അവസ്ഥക്ക് പകരം ആദ്യത്തെ ട്രെയിന്‍ ഒരു സിഗ്നല്‍ പോസ്റ്റ് താണ്ടിയാല്‍ പിന്നിലെ ട്രെയിനിനു യാത്ര തുടങ്ങാന്‍ സഹായിക്കുന്ന പുതിയ സംവിധാനമുള്‍പ്പെടെ (ഇന്റര്‍മീഡിയറ്റ് ബ്ലോക്ക് സിഗ്‌നലിംഗ് സിസ്റ്റം) ആവിഷ്‌കരിക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി