Connect with us

Articles

രണ്ടാം ജെ സി ബി നാടകം

Published

|

Last Updated

മൂന്നാറിലെ ഒന്നാം അസംബന്ധ തേരോട്ടത്തിനു ശേഷം, ജെ സി ബിക്ക് വിമോചനനായകപരിവേഷം ലഭിച്ചത്, ഡല്‍ഹിയിലെ അമേരിക്കന്‍ എംബസിക്കു മുമ്പില്‍ ഇന്ത്യ നടത്തിയ പരിഹാസ്യ നാടകത്തിലൂടെയായിരുന്നു. അമേരിക്കയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥയായ ദേവയാനി ഖൊബ്രഗഡെയെ അപമാനിച്ചതിനു പകരം ചോദിക്കാന്‍, ഡല്‍ഹിയിലെ അമേരിക്കന്‍ എംബസിക്കു മുമ്പിലെ ഡിവൈഡറുകള്‍ ജെ സി ബി കൊണ്ട് എടുത്തു മാറ്റുന്ന ദൃശ്യമായിരുന്നു ഇന്ത്യയിലെമ്പാടുമുള്ള ഏതാനും ദിവസത്തെ ന്യൂസ് അവര്‍ വിരുന്നുകള്‍. ദേശസ്‌നേഹത്താല്‍ വിജൃംഭിതമായ ഇന്ത്യയിലെ മാധ്യമങ്ങളും നേതാക്കളും രണ്ട് കാര്യങ്ങളിലാണ് ശ്രദ്ധ ചെലുത്തിയത്. ദേവയാനിയെ അറസ്റ്റ് ചെയ്തതും വസ്ത്രമഴിച്ച് പരിശോധിച്ചതുമടക്കമുള്ള പീഡനങ്ങള്‍; വിശ്വാസവും പരസ്പരധാരണയും മറന്നുകൊണ്ടുള്ള അമേരിക്കയുടെ ഇന്ത്യാവിരുദ്ധ നീക്കങ്ങള്‍ എന്നിവയാണ് നാം കൊട്ടിഘോഷിച്ചത്. പൊടുന്നനെ എല്ലാവരും —- മന്‍മോഹന്‍ സിംഗ് മുതല്‍ നരേന്ദ്ര മോദി വരെ – അമേരിക്കന്‍വിരുദ്ധ പോരാളികളായി മാറി. സദ്ദാം ഹുസൈനു ശേഷം അമേരിക്കന്‍വിരുദ്ധ യുദ്ധം തന്നെ ഇന്ത്യ ആരംഭിച്ചേക്കുമെന്ന തോന്നല്‍ ഉളവായി. ചരിത്രം ഇപ്പോഴാണ് ആരംഭിച്ചതെന്നും അവസാനിച്ചതെന്നും തോന്നിപ്പിക്കുന്ന തരത്തിലാണ് മിക്കവരും ഇക്കാര്യത്തില്‍ നിറഞ്ഞാടിയത്.
ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളിലെ പൗരജീവിതം തന്നെ അപ്രസക്തമാക്കും വിധത്തില്‍ ഫോണ്‍ സംഭാഷണങ്ങളും ഇമെയിലുകളും വെബ്‌സൈറ്റുകളും ചോര്‍ത്തിയെടുക്കുന്ന അമേരിക്കന്‍ തന്ത്രം ധൈര്യസമേതം വെളിപ്പെടുത്തിയ എഡ്വേര്‍ഡ് സ്‌നോഡന്‍ രാജ്യഭ്രഷ്ടന്‍ മാത്രമല്ല, ലോകഭ്രഷ്ടന്‍ തന്നെയായി അലയുമ്പോഴും നാം കണ്ടില്ലെന്നു നടിച്ചു. ഇന്ത്യയില്‍ അഭയം ചോദിച്ചുള്ള അദ്ദേഹത്തിന്റെ അഭ്യര്‍ഥന നാം പൂര്‍വാധികം ശക്തിയോടെ തള്ളി. ഐക്യരാഷ്ട്രസഭയില്‍ അംഗത്വമുള്ള എല്ലാ ലോകരാജ്യങ്ങള്‍ക്കും അപ്പുറത്ത്, എന്നാല്‍ അതിനൊക്കെയുമുള്ളിലുള്ള “വേറെ” രാജ്യമായ മാനവികതയുടെ ചാരനായിരുന്നു സ്‌നോഡന്‍. അദ്ദേഹത്തിനനുകൂലമായി ഒരു വാക്ക് പോലുമുച്ചരിക്കാന്‍ മര്യാദ കാണിക്കാത്ത ഇന്ത്യന്‍ സര്‍ക്കാറിന്റെ ഇപ്പോഴത്തെ അമേരിക്കന്‍വിരുദ്ധത കാണുമ്പോള്‍ സത്യത്തില്‍ ഓക്കാനമാണ് വരുന്നത്.
തമിഴ്‌നാട്ടിലെ രാമനാഥപുരം സ്വദേശികളായ മീന്‍ പിടിത്തക്കാരുടെ ബോട്ടിന് നേരെ, അമേരിക്കന്‍ നാവിക സേന, കഴിഞ്ഞ ജൂലൈയില്‍ നിറയൊഴിക്കുകയുണ്ടായി. ഒരാള്‍ മരിക്കുകയും മറ്റ് മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മുന്നറിയിപ്പുകളൊന്നും കൊടുക്കാതെ നടത്തിയ ഈ വെടിവെപ്പ് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമാണെങ്കിലും നാം കണ്ടില്ലെന്നു നടിച്ചു. അതില്‍ ഹൈ വോള്‍ട്ടേജ് നാടകങ്ങള്‍ക്കൊന്നും പ്രസക്തിയില്ലായിരുന്നു. മുന്‍ പ്രസിഡന്റുമാരും അംബാസഡര്‍മാരും കലാകാരന്മാരും കായികപ്രതിഭകളും തുടര്‍ച്ചയായി അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ പരിഹാസ്യമാം വിധം അവഹേളിക്കപ്പെട്ടപ്പോഴും നാം വിദഗ്ധമായ മൗനത്തിലൊളിച്ചു.
ഭോപ്പാല്‍ വാതക ദുരന്തത്തില്‍ 5295 നിസ്സഹായരാണ് മരിച്ചുവീണത്. അതിനു കാരണക്കാരായ യൂനിയന്‍ കാര്‍ബൈഡിനെ നമ്മുടെ സര്‍ക്കാറിന് ഒരു ചുക്കും ചെയ്യാനായില്ല. അതിന്റെ ഉടമസ്ഥരും ഡയറക്ടര്‍മാരും ഇന്ത്യക്കകത്തും പുറത്തും സൈ്വരവിഹാരം നടത്തിക്കൊണ്ടിരിക്കുന്നു. സോണി സോറിയെ അപമാനിച്ചപ്പോഴും ഇന്ത്യയിലിപ്പോഴുമുള്ള മലം ചുമപ്പുകാരെ മലം ദേഹത്തേക്ക് എറിഞ്ഞുകൊണ്ടു തന്നെ അവഹേളിച്ചപ്പോഴും നമുക്ക് സൈ്വരക്കേടൊന്നുമുണ്ടായില്ല. മുസഫര്‍നഗറിലെ അഭയാര്‍ഥിക്യാമ്പുകളില്‍ അമ്പതിനായിരത്തിലധികം നിസ്സഹായരായ ന്യൂനപക്ഷ മതസ്ഥരാണ് തണുപ്പില്‍ മരവിച്ച് മരണത്തോട് മല്ലടിക്കുന്നത്. കുട്ടികള്‍ പിറന്ന ഉടനെ മരിച്ചുവീഴുന്നു. ഇന്ത്യക്കതില്‍ അഭിമാനക്ഷതമൊന്നുമില്ലേ? ഡല്‍ഹിയിലെ ജെ സി ബിയുടെ ഒരു മണിക്കൂര്‍ വാടകക്കാശു കൊണ്ട് പത്തു കുട്ടികള്‍ക്ക് പുതക്കാനുള്ള കരിമ്പടം വാങ്ങാമായിരുന്നു.
ഇക്കാര്യങ്ങളിലൊന്നും കാണാത്ത രോഷവും പ്രതിഷേധവും ദേവയാനിയുടെ പ്രശ്‌നത്തില്‍ നാം സ്വീകരിക്കാന്‍ കാരണമെന്താണ്? അമേരിക്കയില്‍ മാത്രമല്ല, ലോകത്തെമ്പാടുമുള്ള ഇന്ത്യന്‍ എംബസികളിലും മറ്റ് ഓഫീസുകളിലും ജോലി ചെയ്യുന്ന ഉന്നതരായ ഉദ്യോഗസ്ഥര്‍ സ്ഥിരമായി ചെയ്തുവരുന്ന ഒരു നിയമലംഘനമാണിവിടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. ഈ നിയമലംഘനത്തിന്റെ പേരില്‍ എല്ലാ എംബസി ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാനും നിയമനടപടികള്‍ക്കു വിധേയരാക്കാനും തുടങ്ങിയാല്‍, എല്ലായിടത്തെയും ഇന്ത്യന്‍ എംബസികള്‍ അടച്ചുപൂട്ടേണ്ടിവരും. കാരണം, വീട്ടുവേലക്ക് നില്‍ക്കുന്നവരെ പീഡിപ്പിക്കുകയും അവര്‍ക്ക് നിയമാനുസൃതവും മാന്യവുമായ വേതനം കൊടുക്കാതിരിക്കുകയും ചെയ്യുക എന്നത് നമ്മുടെ മൗലികാവകാശമാണല്ലോ. ഏതെങ്കിലും ഒരു അമേരിക്കന്‍ കോടതിയില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ വീട്ടുവേലക്കാരോടുള്ള നിയമലംഘനം സംബന്ധിച്ച കൂട്ട പൊതുതാത്പര്യ ഹരജിയോ മറ്റോ കൊടുത്തു എന്നു കരുതുക; ഇന്ത്യന്‍ സര്‍ക്കാര്‍ എല്ലാ നിയമസംവിധാനവുമായി വാഷിംഗ്ടണില്‍ പുതിയ ബഞ്ച് തുറക്കേിവരും, കഷ്ടം തന്നെയാണ് കാര്യങ്ങള്‍.
മാത്രമല്ല, ഇവിടെ പീഡിപ്പിക്കപ്പെട്ടിരിക്കുന്ന വേലക്കാരിയായ സംഗീത റിച്ചാര്‍ഡ്‌സ് ഇന്ത്യക്കാരിയും മലയാളിയുമാണ്. ആസ്‌ത്രേലിയയില്‍ “ഭൂകമ്പം, രണ്ട് മലയാളികള്‍ക്ക് പരുക്ക്; ഡിണ്ടിഗലില്‍ കോഴിവണ്ടിയും മുല്ലവണ്ടിയും കൂട്ടിയിടിച്ചു, മൂന്ന് മലയാളികള്‍ ബോധരഹിതരായി എന്നൊക്കെ വളിപ്പ് വാര്‍ത്തകള്‍ തലക്കെട്ടാക്കുന്ന നമ്മുടെ പത്രപുംഗവന്മാരും ഈ മലയാളിക്ക് നേരെ നടത്തിയ പീഡനത്തെ കണ്ടില്ലെന്നു നടിച്ചു. അല്ലെങ്കില്‍ നിസ്സാരവത്കരിച്ചു. ഈ ഭീകരമായ ഇരട്ടത്താപ്പിനെ നാം എങ്ങനെ വിലയിരുത്തണം എന്നത് വരുംകാലത്ത് ചര്‍ച്ച ചെയ്യപ്പെടേതുണ്ട്. 2011ലെ അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്റെ ഡൊമസ്റ്റിക്ക് വര്‍ക്കേഴ്‌സ് കണ്‍വന്‍ഷന്‍ ഇതുവരെയും ഇന്ത്യ അംഗീകരിച്ചിട്ടില്ല.
കുടുംബാംഗങ്ങള്‍ എന്ന കള്ളപ്പേരിലാണ് പലപ്പോഴും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ വീട്ടുവേലക്കാരെ അമേരിക്കയിലേക്കും മറ്റു സമ്പന്ന രാഷ്ട്രങ്ങളിലേക്കും കടത്തുന്നത്. അവിടെയെത്തിയ ഉടനെ ആ പാവങ്ങളുടെ പാസ്‌പോര്‍ട്ട് വീട്ടുടമ കരസ്ഥമാക്കി കൈവശം വെക്കുന്നു. പിന്നെ വേലക്കാര്‍ക്ക് പുറത്തു കടക്കാനാകില്ല. ചില വാരാന്ത്യങ്ങളിലും മറ്റും ദിവസങ്ങളോളവും മാസങ്ങളോളവും ഈ വേലക്കാരെ അപ്പാര്‍ടുമെന്റുകള്‍ക്കകത്ത് പൂട്ടിയിട്ട് വീട്ടുകാര്‍ ഹോളി ഡേ ആഘോഷിക്കാനായി യാത്ര പോകുകയും പതിവുണ്ട്. ഏതാനും ഉണക്ക റൊട്ടിക്കഷണങ്ങള്‍ മാത്രമായിരിക്കും ജീവന്‍ നിലനിര്‍ത്താനായി അവിടെ വെച്ചിട്ടുണ്ടാകുക.
മിനിമം കൂലി നല്‍കാത്ത പ്രശ്‌നം അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കിടയിലെന്നതു പോലെ, ഇന്ത്യയിലും വ്യാപകമാണെന്നത് നമുക്കറിയാം. വീട്ടുവേലക്കാര്‍ക്ക് ഇന്ത്യയില്‍ നിയമാനുസൃതം കൊടുക്കേണ്ട കൂലി ആരും തന്നെ കൊടുക്കുന്നില്ല. സ്വകാര്യ അണ്‍ എയിഡഡ് കോളജുകളില്‍ യു ജി സി ശമ്പളം ശമ്പള സ്ലിപ്പില്‍ എഴുതുകയും അതിന്റെ പകുതിയോ കാല്‍ “ഭാഗമോ മാത്രം കൊടുക്കുകയും ചെയ്യുന്ന പതിവുണ്ട്. കോളജ് അധ്യാപകരുടെ കാര്യമിതാകുമ്പോള്‍ വേലക്കാരികളുടെ സ്ഥിതി എന്തായിരിക്കും?
യഥാര്‍ഥത്തില്‍, ഈ അവസരം ഒരു അവസരമായെടുത്ത് തെറ്റുകള്‍ തിരുത്തുന്നതിനുള്ള നടപടികള്‍ എടുക്കുകയായിരുന്നു ഇന്ത്യന്‍ സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. ആം ആദ്മി പാര്‍ട്ടി ജയിച്ചപ്പോള്‍ ദ്രുതഗതിയില്‍ ലോക്പാല്‍ ബില്‍ പാസാക്കിയെടുത്തതുപോലെ, മുഖം രക്ഷിക്കാനെങ്കിലും ലോകത്തെമ്പാടുമുള്ള ഇന്ത്യക്കാരായ ശമ്പളദാതാക്കള്‍ നിയമം അനുസരിക്കുന്നുണ്ടെന്ന് ഇത്തരുണത്തില്‍ ഉറപ്പ് വരുത്താമായിരുന്നു. അതിനു പകരം, പരിഹാസ്യമായതും തരം താണതുമായ ജെ സി ബി നാടകങ്ങള്‍ നടത്തി ഇന്ത്യ വിഡ്ഢിവേഷം കെട്ടിയത് തീര്‍ത്തും അപമാനകരമായി. മാത്രമല്ല, നൂറ്റിയിരുപത് കോടി ജനസംഖ്യയുള്ള, സമ്പന്ന പൈതൃകവും ചരിത്രവും കൈമുതലായുള്ള, ഇന്ത്യയാണ് ഇത്തരം അപക്വവും വിലകുറഞ്ഞതുമായ തെരുവുഗുണ്ട പ്രയോഗങ്ങള്‍ നടത്തിയത് എന്നതും അപലപിക്കപ്പെടേണ്ട താണ്.
ഇന്ത്യക്കകത്തുള്ള ഫ്യൂഡല്‍/സവര്‍ണ മേലാള, കീഴാള വര്‍ഗ ബന്ധങ്ങളില്‍ അഭിരമിക്കുകയും അമേരിക്കയിലെ പരിഷ്‌കാര നാഗരിക ജീവിതം സ്വപ്‌നം കാണുകയും ചെയ്യുന്ന മധ്യവര്‍ഗത്തിനു മേല്‍ വീണ ഇടിത്തീ ആയിരുന്നു ഈ സംഭവം എന്നതിനാലാണ് എല്ലാം മറന്നു നാം ഈ വിഡ്ഢിത്തങ്ങളെല്ലാം കാട്ടിയത് എന്നതാണ് യാഥാര്‍ഥ്യം. ദേവയാനി ഖൊബ്രഗഡെ ഒരു ദളിത് സമുദായാംഗമാണ് എന്നത് മറക്കുന്നില്ല. എന്നാല്‍, ചത്ത പശുവിന്റെ മാംസം ഭക്ഷിച്ചതിന്റെ പേരില്‍ ജീവനോടെ തൊലിയുരിക്കപ്പെട്ട ഹരിയാനയിലെ ദളിതരോടൊപ്പം അവരെ ചേര്‍ത്തു ചിന്തിക്കാനാകില്ല എന്നതാണ് സത്യം. എല്ലാ സൗഭാഗ്യങ്ങളോടുമൊപ്പം, അമേരിക്കയില്‍ സുഖജീവിതം നയിച്ചു വരവെയാണ് അവര്‍ക്കീ പീഡനമേറ്റുവാങ്ങേണ്ടിവന്നത് എന്നതിനാലാണ് മധ്യവര്‍ഗത്തിന്റെ സാമൂഹിക മനസ്സില്‍ അത് ഞെട്ടല്‍ സൃഷ്ടിച്ചത്. പാവപ്പെട്ടവര്‍ എന്തെങ്കിലും പീഡനം ഏറ്റുവാങ്ങിയാല്‍ – അത് ഇന്ത്യയിലും ലോകത്തും നിത്യ സംഭവമാണ് – അതില്‍ ആര്‍ക്കും ദുഃഖമില്ല. കാരണം, അത് അവര്‍ക്ക് സഹജമാണ് എന്ന തോന്നല്‍ സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.
ഈ ലേഖനം അമേരിക്കക്കനുകൂലമായും ഇന്ത്യക്കെതിരായും എഴുതപ്പെട്ടതാണെന്ന് വിലയിരുത്തപ്പെടാനും സാധ്യതയുണ്ട്. അമേരിക്ക കഴിഞ്ഞ ദശകങ്ങളിലെമ്പാടുമായി ലോകത്ത് നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ അകമ്പടിയോടെയുള്ള അധിനിവേശങ്ങള്‍ തുറന്നു കാണിക്കുന്ന ആശയപ്രചാരണത്തിന്റെ ജനാധിപത്യ ഉള്ളടക്കം ശക്തിപ്പെടണമെങ്കില്‍ അതിന് ഈ ലേഖനത്തിലെന്നതു പോലെ, ചരിത്രത്തോടും യാഥാര്‍ഥ്യത്തോടും നീതി പുലര്‍ത്തേതുണ്ട്.
Reference:
1.Pride and Parampara in Manhattan by P Sainath (The Hindu/Dec 30,2013)
2. Aam Victim and consular “Service-” by Rajesh Ramachandran(The Economic Times/ Dec 30,2013)
3. Cultures of Servitude and the Khobra-gade Richard Issue by NissimMannathukkaren(K-afila.org/Dec 24,2013)

 

gpramachandran@gmail.com

 

Latest