പുതുവത്സര ഗ്യാസാശംസകള്‍

Posted on: January 6, 2014 6:00 am | Last updated: January 5, 2014 at 11:35 pm

gasപരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ സഹപാഠി ചോദിച്ചു. പരീക്ഷ എങ്ങനെ? അഞ്ചെട്ട് പേപ്പര്‍ എഴുതി. പക്ഷേ ഗ്യാസാ… എന്ന് വെച്ചാല്‍ കഴമ്പ് കുറവാണെന്ന്. പേപ്പര്‍ തീരാന്‍ എന്തൊക്കെയോ എഴുതി. വെറും ഗ്യാസ്!
റോഡരികില്‍ നാടന്‍ മരുന്നുവില്‍പ്പനക്കാരന്‍. നെഞ്ചെരിച്ചില്‍, ഗ്യാസ് ട്രബിള്‍, പുളിച്ചു തികട്ടല്‍ വാങ്ങുവിന്‍ വായുഗുളിക… വില്‍പ്പനക്കാരന്‍ ഇടക്കിടെ ഏമ്പക്കമിടാന്‍ തുടങ്ങിയതോടെ കാര്യം മനസ്സിലായി. സംഗതി ഗ്യാസാ… ഒന്നാന്തരം ഗ്യാസ് തട്ടിപ്പ്.
ടൗണ്‍ ഹാളില്‍ നേതാവിന്റെ പ്രസംഗം. കേള്‍വിക്കാരന്‍ അടക്കം പറയുന്നു. ഒന്നുമില്ല, ഗ്യാസാ… കാമ്പില്ല, നേതാവ് കാട് കയറി വിറകെടുത്ത് കത്തിക്കുന്നു.
ഇന്നത്തെ ഗ്യാസ്. ആരുടെയും ഉറക്കം കെടുത്തുമിത്. സാധാരണക്കാര്‍ക്ക് മുതല്‍ നേതാക്കള്‍ക്ക് വരെ ശരിക്കും ഗ്യാസ് ട്രബിള്‍. സിലിന്‍ഡര്‍ കിട്ടിയില്ലെങ്കില്‍ കാണാം വീട്ടുകാരിയുടെ മുഖം. ഇപ്പോള്‍ പൊട്ടിത്തെറിക്കും എന്ന ഭാവം. അത്യാഹിതം ഉറപ്പ്. കുറ്റി കിട്ടിയില്ലെങ്കില്‍ ഗ്യാസുകാരന്റെ കരണക്കുറ്റിക്ക് പൊട്ടിക്കാന്‍ തോന്നും, വീട്ടുകാരന്.
നീയില്ലാത്ത ജീവിതം ഗ്യാസില്ലാത്ത സ്റ്റൗ പോലെ എന്ന് ന്യൂജനറേഷന്‍ എസ് എം എസ്. മന്ത്രിയില്ലാതായ പിള്ള പറയുന്നു എന്റെ കണക്ഷന്റെ കാര്യം?
പ്രസംഗം മുന്നോട്ട് പോകണമെങ്കില്‍ നേതാക്കള്‍ക്ക് ഗ്യാസ് കൂടിയേ കഴിയൂ. ഗ്യാസുണ്ടെങ്കില്‍ ജയിച്ചുകയറാം എന്ന് കണക്കുകൂട്ടുന്നു. ഉറക്കം വരില്ല ആര്‍ക്കും. ഗ്യാസിന് വില കൂട്ടിയാല്‍ നമ്മുടെ ഗ്യാസ് പോകുമോ?
പ്രതിപക്ഷമാണെങ്കില്‍ ഇങ്ങനെ പറയും. ഗ്യാസിന് വില കൂട്ടിയ ഭരണക്കാരേ… സബ്‌സിഡി സിലിന്‍ഡര്‍ ഒമ്പതാക്കിയ കാലമാടന്‍മാരേ… ഭരണക്കാര്‍ ഇങ്ങനെ: സബ്‌സ്ഡി സിലിണ്ടര്‍ ആറില്‍ നിന്ന് ഒമ്പതാക്കിയില്ലേ… ഇനി അത് പന്ത്രണ്ടാക്കൂം, ഉറപ്പ്. (അടുത്ത തിരഞ്ഞെടുപ്പില്‍ എന്നെ ജയിപ്പിച്ചാല്‍…)
രണ്ട് തരം ഗ്യാസുണ്ട് നാട്ടില്‍. സിലിന്‍ഡര്‍ ഒന്നുതന്നെ. സബ്‌സിഡി ഉള്ളതും ഇല്ലാത്തതും. കത്തലിനും ചൂടിനും വ്യത്യാസമൊന്നുമില്ല. അതേ മണം. ആധാര്‍ ബേങ്കില്‍ കൊടുത്ത് ലിങ്ക് ചെയ്‌തോ? എങ്കില്‍ സബ്‌സിഡി പണമായി ബാങ്കിലെത്തും. ഇല്ലെങ്കില്‍ സബ്‌സിഡി കിട്ടില്ല. ലിങ്ക് ചെയ്യൂ, ഇന്നാണ് അവസാനം.
ഭരണ കേന്ദ്രത്തില്‍ ചര്‍ച്ച, ഫോണ്‍ വിളി. കസ്തൂരിരംഗനല്ല, ഗാഡ്ഗിലല്ല, ഗ്യാസാണ്, ഗ്യാസ്. ശരിക്കും കത്തുകയാണ്. ഒടുവില്‍ മുഖ്യന്‍ പറയുന്നു ലിങ്ക് ചെയ്യാന്‍ രണ്ട് മാസം കൂടി സമയമുണ്ട്. കേന്ദ്രവുമായി ബന്ധപ്പെട്ടു. (ഇല്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഗ്യാസ് പോകും. ഇപ്പോള്‍ തന്നെ സബ്‌സിഡി ഇല്ലാത്ത മുന്നണി ഗ്യാസില്‍ വേവുകയാണ്.)
ഗ്യാസ് വില വീണ്ടും കൂട്ടി. പുതുവത്സര ഗ്യാസാശംസകള്‍! സബ്‌സിഡി ഉള്ളതിന്റെ വില. ഇല്ലാത്തതിന്റെ വില. ആധാര്‍, ലിങ്ക്… ആര്‍ക്കുമറിയില്ല. ആകെ കണ്‍ഫ്യൂഷന്‍. ഗ്യസ് വിതരണം സ്തംഭനത്തില്‍. നേതാക്കള്‍ക്കും നാട്ടുകാര്‍ക്കും ഏമ്പക്കം. ഗ്യാസ്ട്രബിള്‍ അഥവാ കാശ് ട്രബിള്‍!