ലോക ജനപ്രിയ നേതാക്കളില്‍ ശൈഖ് മുഹമ്മദ് ഏഴാം സ്ഥാനത്ത്‌

Posted on: January 5, 2014 11:09 pm | Last updated: January 5, 2014 at 11:09 pm

SheikhMohammedദുബൈ: 2013ല്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടര്‍ന്ന ലോക നേതാക്കളില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഏഴാം സ്ഥാനത്ത്.
ശൈഖ് മുഹമ്മദിനുള്ള ജനപ്രീതിയുടെ മികച്ച ഉദാഹരണമാണിത്. കഴിഞ്ഞ വര്‍ഷം ശൈഖ് മുഹമ്മദിന്റെ ട്വിറ്റര്‍ പേജ് പിന്തുടര്‍ന്നവര്‍ 14 ലക്ഷം കവിഞ്ഞതായാണ് കണക്ക്. 2012ല്‍ ഇത് 10 ലക്ഷമായിരുന്നു.
ദുബൈ ഭരണാധികാരിക്കുള്ള ജനപ്രീതി ഏറിവരുന്നതിന്റെ തെളിവുകൂടയാണ് ഈ കണക്ക്. ലോക രാജ്യങ്ങളിലായി പരന്നുകിടക്കുന്ന വ്യത്യസ്ത സംസ്‌കാരങ്ങളെ ബഹുമാനപൂര്‍വം തന്റെ രാജ്യത്തേക്ക് സ്വീകരിക്കാന്‍ ശൈഖ് മുഹമ്മദ് തയാറായതാണ് ഈ അഭൂതപൂര്‍വമായ ജനപ്രീതിക്കു കാരണമെന്ന്, റാങ്കിംഗ് അടയാളപ്പെടുത്തിയ അമേരിക്കന്‍ ഡിജിറ്റല്‍ പൊളിറ്റിക്കല്‍ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
തന്റെ രാജ്യത്ത് കഴിയുന്ന സ്വദേശികളോടും വിദേശികളോടും ജനങ്ങളുടെയും രാജ്യത്തിന്റെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും ആവശ്യമായ കാര്യങ്ങള്‍ക്ക് വേണ്ടി നേരിട്ട് ഇടപഴകാനും അഭിപ്രായം ആരായാനും ശൈഖ് മുഹമ്മദ് കാണിക്കുന്ന സന്നദ്ധതയെയും കൗണ്‍സില്‍ റാങ്കിംഗില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.
അറബ് മേഖലയിലും അന്തര്‍ദേശീയ തലങ്ങളിലും നടക്കുന്ന പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്ന വിഷയത്തിലും അറബ് ലോകത്ത് ശൈഖ് മുഹമ്മദ് എല്ലാവരെയും പിന്നിലാക്കിയതായും പൊളിറ്റിക്‌സ് കൗണ്‍സില്‍ വിലയിരുത്തുന്നു.
ലോകനേതാക്കളുടെ, കൗണ്‍സില്‍ തയാറാക്കിയ പട്ടികയില്‍ നാല് കോടിയിലധികം ആളുകള്‍ പിന്തുടര്‍ന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയാണ് ഒന്നാമന്‍. റഷ്യന്‍ പ്രസിഡന്റ് (27 ലക്ഷം) അഞ്ചാം സ്ഥാനത്തും ഫ്രഞ്ച്, ബ്രിട്ടീഷ് പ്രധാനമന്ത്രിമാര്‍ യഥാക്രമം 18 ഉം 19 ഉം സ്ഥാനങ്ങളിലും ഉണ്ട്.
ട്വിറ്ററില്‍ ഏറ്റവും കുറവ് ആളുകള്‍ പിന്തുടരുന്ന നേതാവ് സാംബിയയുടെ പ്രസിഡന്റ് മിക്കായില്‍ സാതയാണ്. 46 പേര്‍ മാത്രമാണ് ഇദ്ദേഹത്തെ പിന്തുടരുന്നത്. ട്വിറ്റര്‍ പേജിലൂടെ തന്നെ പിന്തുടര്‍ന്ന് തന്നോടൊപ്പം നിന്ന മുഴുവന്‍ ജനങ്ങള്‍ക്കും ശൈഖ് മുഹമ്മദ് നന്ദി അറിയിച്ചു.