Connect with us

Gulf

ശൈത്യകാല അവധിക്കു ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും

Published

|

Last Updated

ഷാര്‍ജ: മൂന്നാഴ്ചയിലേറെ നീണ്ട ശൈത്യകാല അവധിക്കു ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും. കഴിഞ്ഞ ഡിസംബര്‍ 12നാണ് ഷാര്‍ജയിലെ വിദ്യാലയങ്ങള്‍ അടച്ചത്. ദുബൈയിലെ വിദ്യാലയങ്ങള്‍ 19നും. എന്നാല്‍ എല്ലാ വിദ്യാലയങ്ങളും തുറക്കുന്നത് ഒരേ ദിവസമാണ്. ഷാര്‍ജയിലെ വിദ്യാലയങ്ങള്‍ക്ക് 24 ദിവസമായിരുന്നു അവധി.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരാഴ്ച കൂടുതല്‍ ലഭിച്ചു. അതിനാല്‍ മിക്ക കുടുംബങ്ങളും നാട്ടില്‍ പോയിരുന്നു. ഭീമമായ വിമാന ടിക്കറ്റ് വകവെക്കാതെയാണ് പലരും നാട്ടിലേക്ക് പോയത്. ക്രിസ്മസും പുതുവത്സരവും കുടുബാംഗങ്ങള്‍ക്കൊപ്പം ആഘോഷിച്ചു. നിരവധി കുടുംബങ്ങള്‍ തിരിച്ചെത്തിയിട്ടുണ്ട്.
കടുത്ത ശൈത്യത്തിലാണ് വിദ്യാലയങ്ങള്‍ തുറക്കുന്നത്. ഇത് മാതാപിതാക്കളില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. നഴ്‌സറിയിലും മറ്റു ചെറിയ ക്ലാസുകളിലും പഠിക്കുന്ന കുട്ടികളെ തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രം ധരിപ്പിച്ചേ അയക്കാവൂവെന്ന് സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം വിദ്യാലയങ്ങള്‍ തുറക്കുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്ന ആശങ്കയും വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ നിരത്തുകളില്‍ ഇപ്പോള്‍ ഗതാഗതക്കുരുക്ക് കുറവാണ്. അവധി ദിനങ്ങളില്‍ മാത്രമേ ഗതാഗതം തടസപ്പെട്ടിരുന്നുള്ളൂ.