Connect with us

Gulf

ഫലസ്തീനിയെ കൊന്ന് കത്തിച്ച സംഭവം: പ്രതി പിടിയില്‍

Published

|

Last Updated

അബുദാബി: ഫലസ്തീനിയായ 47 കാരനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി. അബുദാബി മുസഫ്ഫയിലെ ഒരു ബേക്കറി ഉടമസ്ഥനായ 39 കാരനായ ഈജിപ്തുകാരനാണ് പ്രതി. താബൂക്ക് കൊണ്ട് ഫലസ്തീനിയുടെ തലക്കും മുഖത്തും ശക്തമായി ഇടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം അബുദാബി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ ഒരു ഉള്‍പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു. മരണം ഉറപ്പുവരുത്തിയ ശേഷം മൃതദേഹം കത്തിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായി പോലീസ് പറഞ്ഞു.

കഴിഞ്ഞ ഡിസംബര്‍ 30നാണ് ഭാഗികമായി കരിഞ്ഞതും മുറിവേറ്റതുമായ രീതിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തെത്തിയ ഫോറന്‍സിക് വിദഗ്ധരുടെ പ്രാഥമികാന്വേഷണത്തില്‍ തന്നെ, നഗരത്തിലെ ഒരു ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ഫലസ്തീനിയുടേതാണ് മൃതദേഹമെന്ന് പോലീസ് തിരിച്ചറിഞ്ഞു.
പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരവേയാണ് പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. കൊല്ലപ്പെട്ട ഫലസ്തീനിയുമായി പ്രതിക്ക് വ്യാപാര ബന്ധമുണ്ടായിരുന്നു. ഇയാളില്‍ നിന്ന് രണ്ടര ലക്ഷം ദിര്‍ഹം കടമായി വാങ്ങിയത്, പറഞ്ഞ സമയം കഴിഞ്ഞിട്ടും തിരിച്ചു ലഭിക്കാത്തതിലുള്ള വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

കൊല്ലപ്പെട്ട ഫലസ്തീനി സ്വവര്‍ഗരതിക്ക് ആവശ്യപ്പെട്ടതായും എന്നാല്‍ സാമ്പത്തിക ബാധ്യത ഒഴിവാക്കിത്തരാമെന്നു പറഞ്ഞതായും പ്രതി പോലീസിന് മൊഴി നല്‍കി. കൃത്യം നടന്നതിനു സമീപം കാറിലിരുന്ന് പരസ്പരം സംസാരിച്ച് തര്‍ക്കം മൂത്ത് രണ്ടുപേരും പുറത്തിറങ്ങുകയും മല്‍പ്പിടുത്തം നടത്തുന്നതിനിടെ സമീപത്ത് കണ്ട താബൂക്ക് എടുത്ത് പ്രതി ഫലസ്തീനിയുടെ തലക്കും മുഖത്തും ഇടിക്കുകയായിരുന്നുവെന്ന് പോലീസ് വിശദീകരിച്ചു. വ്യക്തിപരമോ സാമ്പത്തികമോ ആയ തര്‍ക്കങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള മതപരവും സാമൂഹികവുമായ സൗകര്യങ്ങള്‍ രാജ്യത്ത് നിലനില്‍ക്കെ, അതുപയോഗപ്പെടുത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നോട്ടു വരണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു.