എസ് ടി യു സംസ്ഥാന പ്രചാരണ യാത്രക്ക് ഇന്ന് ഉപ്പളയില്‍ തുടക്കമാകും

Posted on: January 5, 2014 10:54 pm | Last updated: January 5, 2014 at 10:54 pm

കാസര്‍കോട്: മതേതര ഇന്ത്യയ്ക്കും തൊഴില്‍ സുരക്ഷയ്ക്കും എന്ന സന്ദേശവുമായി എസ് ടി യു സംസ്ഥാന കമ്മിറ്റി നടത്തുന്ന പ്രചാരണ യാത്ര ഇന്ന് ഉപ്പളയില്‍നിന്ന് ആരംഭിച്ച് 22 ന് തിരുവനന്തപുരത്ത് സമാപിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 140 നിയോജക മണ്ഡലങ്ങളിലും യാത്രക്ക് സ്വീകരണങ്ങള്‍ നല്‍കും. എസ് ടി യു സ്ഥാപക നേതാവും നിയമസഭാ സ്പീക്കറുമായിരുന്ന കെ എം സീതി സാഹിബിന്റെ സ്മരണക്കായി കോഴിക്കോട്ട് പണിയുന്ന എസ് ടി യു സെന്ററിന്റെ ഫണ്ട് ശേഖരണവും യാത്രയില്‍ പൂര്‍ത്തീകരിക്കും.
ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ഉപ്പള ടൗണില്‍ പ്രത്യേകം സജ്ജമാക്കുന്ന ബി എം മാഹിന്‍ ഹാജി നഗറില്‍ ചേരുന്ന സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ യാത്ര ഉദ്ഘാടനം ചെയ്യും.
22 ന് തിരുവനന്തപുരത്ത് സമാപനം വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ഭാരവാഹികളായ വണ്ടൂര്‍ ഹൈദരലി, അഡ്വ. എസ് വി ഉസ്മാന്‍ കോയ, എം എം ഹമീദ്, കെ ടി കുഞ്ഞാന്‍, എം എ മുസ്തഫ, അഡ്വ. പി എം ഹനീഫ, സി മൊയ്തീന്‍കുട്ടി, എം പി എം സാലി, പി എസ് അബ്ദുല്‍ ജബ്ബാര്‍, പി എ ഷാഹുല്‍ ഹമീദ്, ആദവനാട് മുഹമ്മദ്കുട്ടി എന്നിവര്‍ യാത്രയില്‍ സ്ഥിരാംഗങ്ങളായിരിക്കും.
പത്രമ്മേളനത്തില്‍ എസ് ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് എ അബ്ദുറഹ്മാന്‍, ജില്ലാ പ്രസിഡണ്ട് കെ പി മുഹമ്മദ് അഷ്‌റഫ്, ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ ആയിറ്റി, ട്രഷറര്‍ എ അഹമ്മദ് ഹാജി, വൈസ് പ്രസിഡണ്ട് ബി കെ അബ്ദുസമദ്, സെക്രട്ടറിമാരായ അബ്ദുറഹ്മാന്‍ ബന്തിയോട്, ശരീഫ് കൊടവഞ്ചി, പ്രചാരണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് എടനീര്‍ സംബന്ധിച്ചു.