പോര്‍ച്ചുഗലിന്റെ ഇതിഹാസ ഫുട്ബാളര്‍ യൂസേബിയോ അന്തരിച്ചു

Posted on: January 5, 2014 5:01 pm | Last updated: January 6, 2014 at 6:00 am

Eusebio

ലിസ്ബണ്‍: പോര്‍ച്ചുഗലിന്റെ ഇതിഹാസ ഫുട്ബാള്‍ താരം ‘കരിമ്പുലി’ എന്നറിയപ്പെടുന്ന യൂസേബിയോ അന്തരിച്ചു. 71 വയസ്സുകാരനായ യൂസേബിയോയുടെ മരണവിവരം പുറത്തുവിട്ടത് പോര്‍ച്ചുഗീസ് മാധ്യമങ്ങളാണ്. അദ്ദേഹം കളിച്ച ക്ലബായ ബെനഫിക്ക മരണം സ്ഥിരീകരിച്ചു. 2012ല്‍ പക്ഷാഘാതം സംഭവിച്ച് കിടപ്പിലായിരുന്ന യൂസേബിയോ ഹൃദയസ്തംഭനം കാരണമാണ് മരണപ്പെട്ടത്.

eusebio 2
യൂസേബിയോ, ഒരു പഴയ ചിത്രം

യൂസേബിയോ ഡാ സില്‍വ ഫെറേറ എന്ന യൂസേബിയോ പോര്‍ച്ചുഗല്‍ ഫുട്ബാളിന് മേല്‍വിലാസം കൊണ്ടുവന്നയാളായാണ് അറിയപ്പെടുന്നത്. 1960കളില്‍ പോര്‍ച്ചുഗലിനും ക്ലബായ ബെനഫിക്കക്കും വേണ്ടി കാഴ്ചവെച്ച കരുത്തുറ്റ പ്രകടനമാണ് യൂസേബിയോക്ക് ഫുട്ബാള്‍ ചരിത്രത്തില്‍ സ്ഥാനം നേടിക്കൊടുത്തത്. ലോകത്തെ എക്കാലത്തേയും മികച്ച പത്തു ഫുട്ബാളര്‍മാരില്‍ ഒരാളായാണ് യൂസേബിയോ അറിയപ്പെടുന്നത്.

figa and eusebio
പോര്‍ച്ചുഗലിന്റെ മുന്‍ ലോക ഫുട്ബാളര്‍ ലൂയി ഫിഗോയുടെ കൂടെ യൂസേബിയോ

1966ലെ ലോകക്കപ്പില്‍ യൂസേബിയോയുടെ പ്രകടനം പോര്‍ച്ചുഗലിനെ മൂന്നാം സ്ഥാനത്തെത്തിച്ചു. ടൂര്‍ണമെന്റില്‍ ഒമ്പത് ഗോളുകള്‍ നേടി യൂസേബിയോ ടോപ്‌സ്‌കോറര്‍ ആവുകയും ചെയ്തു. ഉത്തരകൊറിയക്കെതിരെ നടന്ന കളിയില്‍ 23 മിനുട്ടിനിടെ മൂന്നു ഗോളുകള്‍ തുടര്‍ച്ചയായി സ്‌കോര്‍ ചെയ്തത് ഏവരെയും അമ്പരപ്പിച്ചു. കളിയില്‍ മൊത്തം നാലു ഗോളുകള്‍ ഇതിഹാസതാരം അടിച്ചു. പോര്‍ച്ചുഗലിന്റെ മുന്‍നിര ക്ലബായ ബെനഫിക്കയുടെ താരമായിരുന്നു യൂസേബിയോ.

വിരമിച്ച ശേഷവും ഫുട്ബാളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന യുസേബിയോ പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെ ഫുട്ബാള്‍ അംബാസിഡറായി കുറെക്കാലം പ്രവര്‍ത്തിച്ചു. ഭാര്യ ഫ്‌ലോറയും രണ്ട് പെണ്‍കുട്ടികളുമടങ്ങുന്നതാണ് ഇതിഹാസ താരത്തിന്റെ കുടുംബം.