മഞ്ചേരിയില്‍ ഫുട്‌ബോള്‍ ആവേശം

Posted on: January 5, 2014 9:12 am | Last updated: January 5, 2014 at 9:12 am

ടീം മാനേജര്‍മാര്‍ മഞ്ചേരിയില്‍

മഞ്ചേരി: ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളുടെ മാനേജര്‍മാര്‍ മഞ്ചേരിയിലെത്തി. ടീമുകള്‍ വെള്ളിയാഴ്ചയോടെ എത്തിത്തുടങ്ങും. ടീമംഗങ്ങള്‍, മാനേജര്‍മാര്‍, റഫറിമാര്‍ എന്നിവര്‍ക്ക് താമസിക്കാനുള്ള ത്രീസ്റ്റാര്‍ സൗകര്യമുള്ള ലോഡ്ജുള്‍ ബുക്ക് ചെയ്യാനും പരിശീലന മൈതാനങ്ങള്‍ കണ്ടെത്താനുമായാണ് ടീം മാനേജര്‍മാരില്‍ ചിലര്‍ ഇന്നലെ തന്നെ മഞ്ചേരിയിലെത്തിയത്.
സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് ഗോവ, മുഹമ്മദന്‍സ് എഫ് സി, ഭവാനിപൂര്‍ എഫ് സി എന്നീ മൂന്നു ടീമുകള്‍ 11ന് മഞ്ചേരിയിലെത്തും. ഓര്‍ഗനൈസിംഗ് കമ്മിറ്റി, ടെക്‌നിക്കല്‍ കമ്മിറ്റി എന്നിവയുടെ യോഗങ്ങള്‍ ഇന്നലെ സ്വാഗതസംഘം ഓഫീസില്‍ ചേര്‍ന്നു.
മികച്ച ഹോട്ടലുകള്‍ക്കൊപ്പം പരിശീലന മൈതാനങ്ങള്‍ കൂടിയുള്ള നിലമ്പൂര്‍, മലപ്പുറം, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി എന്നിവിടങ്ങളിലെ സൗകര്യങ്ങള്‍ ടീം മനേജര്‍മാര്‍ വിലയിരുത്തി. ജില്ലാ കലക്ടര്‍ കെ ബിജു, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ ശ്രീകുമാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് സൗകര്യങ്ങള്‍ സജ്ജമാക്കുന്നത്.

ടിക്കറ്റിനായി
പ്രത്യേക
കൗണ്ടറുകള്‍
ഫെഡറേഷന്‍ കപ്പ് ടൂര്‍ണമെന്റ് ടിക്കറ്റിനായി ജില്ലയിലെ പ്രധാന ടൗണുകളില്‍ കനറാ ബേങ്ക് പ്രത്യേക കൗണ്ടറുകള്‍ തുടങ്ങും.
ഉദ്ഘാടന മത്സരത്തിന്റെ തലേ ദിവസം തന്നെ ടിക്കറ്റ് വില്‍പ്പന ക്ലോസ് ചെയ്യാനാണിത്. 20,000 ടിക്കറ്റുകളാണ് പ്രഥമ ദിവസം വില്‍പ്പന നടത്താന്‍ ഫെഡറേഷന്‍ കപ്പ് സംഘാടകരും സ്‌പോര്‍ട്‌സ് കൗണ്‍സിലും ഉദ്ദേശിക്കുന്നത്.
സ്റ്റേഡിയത്തില്‍ ഉദ്ഘാടന ദിവസത്തെ തിരക്കൊഴിവാക്കാനും സുരക്ഷയും പരിഗണിച്ചാണ് അരീക്കോട്, മലപ്പുറം, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ, കോട്ടക്കല്‍, തിരൂര്‍, തിരൂരങ്ങാടി, നിലമ്പൂര്‍ പ്രദേശങ്ങളില്‍ കനറാ ബേങ്ക് പ്രത്യേക ടിക്കറ്റ് കൗണ്ടറുകള്‍ തുറന്ന് ടിക്കറ്റ് വില്‍പ്പന നടത്താന്‍ തീരുമാനിച്ചത്. കനറാ ബേങ്കിന്റെ എല്ലാ ബ്രാഞ്ചുകളിലും ടിക്കറ്റ് ലഭ്യമാകും.

ആഘോഷങ്ങള്‍ക്ക് നിറം പകരാന്‍ കരിമരുന്നും
ജില്ലയിലേക്ക് വിരുന്നെത്തുന്ന ആഘോഷരാവുകള്‍ക്ക് നിറം പകരാന്‍ പയ്യനാട് പിലാക്കല്‍ പ്രദേശവാസികള്‍ ഒരുക്കം തുടങ്ങി. ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന്റെ വേദിയാകുന്ന പയ്യനാട് സ്റ്റേഡിയം പരിസരവാസികള്‍ കരിമരുന്ന് പ്രയോഗം, ബാന്റ്‌വാദ്യം വിവിധ നാടന്‍ കലകള്‍ ഉള്‍പ്പെടുത്തി കളിക്കാരെയും കാണികളെയും മുഖ്യമന്ത്രി അടക്കമുള്ള വിശിഷ്ടാതിഥികളെയും സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ്.
വാര്‍ഡ് കൗണ്‍സിലര്‍ റഹീമിന്റെ നേതൃത്വത്തിലാണ് ആഘോഷ സ്വീകരണ പരിപാടികള്‍ സംഘടിപ്പിക്കുക. കൊടി തോരണങ്ങളാലും കമാനങ്ങളാലും സ്റ്റേഡിയം പരിസരം രാജ്യത്തെ ഏറ്റവും വലിയ ഫുട്‌ബോള്‍ മാമാങ്കത്തെ സ്വീകരിക്കാന്‍ തയ്യാറെടുക്കുന്ന തിരക്കിലാണ്. നവോഡയെ പോലെ അണിഞ്ഞൊരുങ്ങിയ പയ്യനാട് സ്റ്റേഡിയം കണ്‍ കുളിര്‍ക്കെ കാണാനും ഉദ്ഘാടന ചടങ്ങ് ഐതിഹാസിക സംഭവമാക്കാനും മഞ്ചേരി നഗരസഭയും ജനപ്രതിനിധികളും തയ്യാറെടുത്തു കഴിഞ്ഞു. കാണികള്‍ രാവിലെ തന്നെ എത്തി തുടങ്ങുമെന്നാണ് സംഘാടകരുടെ കണക്ക് കൂട്ടല്‍.