കുരുന്നു പ്രതിഭകളുടെ വീറും വാശിയും ഇന്ന് മുതല്‍ വേങ്ങരയില്‍

Posted on: January 5, 2014 9:09 am | Last updated: January 5, 2014 at 9:09 am

വേങ്ങര: ഇരുപത്തി ആറാമത് റവന്യൂ ജില്ലാ കലോത്സവത്തിന് ഇന്ന് വേങ്ങരയില്‍ തിരി തെളിയും. വേങ്ങര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അല്‍ -ഇഹ്‌സാന്‍ ഇംഗ്ലീഷ് സ്‌കൂള്‍ ക്യാമ്പസ്, കുറ്റാളൂര്‍ ജി എല്‍ പി സ്‌കൂള്‍, കുറ്റാളൂര്‍ എ എം എല്‍ പി സ്‌കൂള്‍, വേങ്ങര ടൗണിലെ വ്യാപാര ഭവന്‍, ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ബോയ്‌സ് സ്‌കൂള്‍ പരിസരത്തെ മൈതാനങ്ങള്‍ എന്നിവിടങ്ങളിലായുള്ള 16 വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക.

ജില്ലയിലെ പതിനേഴ് ഉപജില്ലകളില്‍ നിന്നായി 9003 മത്സാര്‍ഥികളാണ് 295 ഇന മത്സരങ്ങളിലായി പങ്കെടുക്കുന്നത്. ഹൈസ്‌കൂള്‍ വിഭാഗം മദ്ദളം, ചാക്ക്യാര്‍കൂത്ത് എന്നീ മത്സരങ്ങളില്‍ മത്സരാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്യാത്തത് കാരണം മത്സരങ്ങളുണ്ടാവില്ല. വിപുലമായ സൗകര്യങ്ങളാണ് സംഘാടക സമിതി ഒരുക്കിയിരിക്കുന്നത്.
എല്ലാ വേദികള്‍ക്കരികിലും സേവനത്തിനായി അഞ്ഞൂറ് വളണ്ടിയര്‍മാരെ നിയമിച്ചിട്ടുണ്ട്. സ്റ്റുഡന്‍സ് പോലീസ്, എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ക്ക് പുറമെ വിവിധ സ്ഥാപനങ്ങളിലെ അധ്യാപക ട്രൈനിംഗ് വിദ്യാര്‍ഥികളും സേവനത്തിനുണ്ടാവും. കുടിവെള്ളം ലഭ്യമാക്കുവാന്‍ എന്‍ എസ് എസിന്റെ പ്രത്യേക പവലിയനുകള്‍ വേദികള്‍ക്കരികെ സ്ഥാപിക്കുന്നുണ്ട്. പ്രധാന വേദിക്കരികെ മെഡിക്കല്‍ വിംഗ്, പോലീസ് വിംഗ്, ഫയര്‍ഫോഴ്‌സ്, മീഡിയ റൂം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
പരിപാടിയുടെ സുഗമമായ നടത്തിപ്പിന് പതിനഞ്ച് ഇനങ്ങളിലായി ഉപസമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സമയ കൃത്യത പാലിച്ച് ഓരോ ദിവസവും രാത്രി പത്ത് മണിയോടെ പരിപാടികള്‍ അവസാനിപ്പിക്കാനാവുമെന്നാണ് സംഘാടകരുടെ കണക്ക് കൂട്ടല്‍. അതേ സമയം അപ്പീലുകളുടെയും കോടതി ഉത്തരവുകളുടെയും പ്രളയം സമയ ക്രമീകരണത്തെ സാരമായി ബാധിക്കും. ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയോടെയാണ് മേളക്ക് തുടക്കമാവുക.
വിവിധ കലാരൂപങ്ങളും വാദ്യമേളങ്ങളും ഘോഷയാത്രക്ക് മാറ്റ് കൂട്ടും. വൈകുന്നേരം അഞ്ച് മണിക്ക് പ്രധാന വേദിയില്‍ നടക്കുന്ന ഉദ്ഘാടന സെഷന്‍ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് അധ്യക്ഷത വഹിക്കും. ദേശീയ അധ്യാപക അവാര്‍ഡ് ജേതാക്കളെ പട്ടികജാതി പിന്നാക്ക ക്ഷേമ ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ ആദരിക്കും. കലോത്സവം വ്യാഴാഴ്ചയാണ് സമാപിക്കുക.