Connect with us

Wayanad

റെയില്‍വേയുടെ പേരില്‍ എം പിയും സര്‍ക്കാറും ജനത്തെ കബളിപ്പിക്കുന്നു: സി പി എം

Published

|

Last Updated

കല്‍പറ്റ: ബത്തേരി- നഞ്ചന്‍കോഡ് റെയില്‍പാതയ്ക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചു എന്നു പറയുന്നത് ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തുന്ന രാഷ്ട്രീയ തട്ടിപ്പാണെന്ന് സി പി എം ജില്ല സെക്രട്ടരി സി കെ ശശീന്ദ്രന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് എം ഐ ഷാനവാസ് നല്‍കിയ വാഗ്ദാനം നടപ്പാക്കാതെ ഉമ്മന്‍ചാണ്ടിയും എം പിയും ചേര്‍ന്ന് നടത്തുന്ന നാടകമാണ് ഇപ്പോഴത്തേത്. കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാത്ത പദ്ധതിക്ക് എങ്ങനെയാണ് സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുക. ശ്രീചിത്തിര ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കേന്ദ്രം വയനാട്ടില്‍ സ്ഥാപിക്കുന്നത് സംബന്ധിച്ചും ഇതേ വഞ്ചന തന്നെയാണ് എം പി നടത്തുന്നത്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി അംഗീകാരം നല്‍കാത്ത സെന്ററിന് വേണ്ടി ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനവും കപടനാടകമാണ്. കേന്ദ്രം അനുവാദം നല്‍കാത്ത പദ്ധതിക്ക് തുക അനുവദിക്കുമെന്ന് സംസ്ഥാനം പറഞ്ഞിട്ട് രണ്ടുവര്‍ഷം കഴിഞ്ഞു. ഇനിയും ഒരിഞ്ചുപോലും മുന്നോട്ടുപോയിട്ടില്ല.
നിലമ്പൂര്‍- നഞ്ചന്‍കോഡ് റെയില്‍പാതയ്ക്കുവേണ്ടിയാണ് വയനാട്ടുകാര്‍ ദീര്‍ഘകാലമായി ആവശ്യം ഉന്നയിക്കുന്നത്. ഈ പാതയ്ക്കുവേണ്ടി നടത്തിയ ദീര്‍ഘകാലപ്രവര്‍ത്തനങ്ങള്‍ മറന്നാണ് ആക്ഷന്‍ കമ്മിറ്റി എന്നപേരില്‍ ചില യുഡിഎഫുകാരും എം പിയും ഇപ്പോള്‍ നടത്തുന്ന പ്രചാരണം. ഒ രാജേഗാപാല്‍ റെയില്‍ സഹമന്ത്രിയായിരുന്നപ്പോഴാണ് 2004ല്‍ പാതയ്ക്കുവേണ്ടി വകുപ്പുതല സര്‍വേ നടന്നത്. 2007-08 വര്‍ഷത്തെ റെയില്‍ ബജറ്റില്‍ അന്നത്തെ മന്ത്രി ലാലുപ്രസാദ് യാദവും സര്‍വേക്ക് തുക വകയിരുത്തി. ഗോള്‍ഡന്‍ ഐ ടി കോറിഡോര്‍ പദ്ധതി എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഹൈദരാബാദ്, ബംഗളൂരു, കൊച്ചി എന്നീ ഐ ടി നഗരങ്ങളെ ബന്ധിപ്പിക്കുന്നതിനായി പാത അനുവദിക്കണമെന്ന എല്‍ഡിഎഫ് സര്‍ക്കാറിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണിത്. ജില്ലയില്‍നിന്നുള്ള അന്നത്തെ ജനപ്രതിനിധികള്‍ ശക്തമായ ഇടപെടലാണ് ഇതിനുവേണ്ടി നടത്തിയതും. അന്തിമറിപ്പോര്‍ട്ട് 2008 ജനുവരി 23 ന് റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചു. 1,742.11 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നതായിരുന്നു എസ്റ്റിമേറ്റ്. ഇത് പിന്നീട് പുതുക്കി 3,384 കോടി രൂപയുടെതാക്കി. 238 കിലോമീറ്ററാണ് ഇതനുസരിച്ചുള്ള ദൂരം. ബന്ദിപ്പൂര്‍, മുതുമല വന്യജീവി സങ്കേതങ്ങളുടെ പ്രധാനഭാഗങ്ങള്‍ ഒഴിവാക്കി നഞ്ചങ്കോടുനിന്ന് തുടങ്ങി യച്ചഗഡ്ഡ്‌ലു, ഹുറ, യശ്വന്ത്പുര, ചിക്കബൈറിഗെ, മാവിനഹള്ള വഴി ബത്തേരിയില്‍ എത്തുകയും തുടര്‍ന്ന് ചീരാല്‍, അയ്യന്‍കൊല്ലി, വടുവന്‍ചാല്‍, വെള്ളാര്‍മല, ചേരങ്കോട്, ഗ്ലൈന്റോക്ക്, വെന്‍തേക്ക്, പൊട്ടിബിര്‍ലാവനം, കഞ്ഞിരക്കടവ്, എടക്കര വഴി നിലമ്പൂരില്‍ എത്തുന്ന വിധത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ പദ്ധതി 2009 ജൂണില്‍ ആസൂത്രണ കമീഷന്‍ അംഗീകരിച്ചതുമാണ്. എന്നാല്‍ ഇതിനുശേഷം എന്തു നടന്നു എന്ന് വ്യക്തമാക്കേണ്ടത് വാഗ്ദാനങ്ങള്‍ നല്‍കുകയും എംപിയാവുകയും ചെയ്ത എം ഐ ഷാനവാസാണ്. ജനപ്രതിനിധിയെന്ന നിലയില്‍ അദ്ദേഹം പരാജയമാണെന്ന് തെളിയിക്കുന്നതാണിത്. ഒരുതവണ കേന്ദ്ര ആസൂത്രണ കമീഷന്‍ അംഗീകരിച്ച പദ്ധതിക്ക്, വീണ്ടും സര്‍വേ നടത്താന്‍ റെയില്‍ബജറ്റില്‍ ഉള്‍പ്പെടുത്തിയതാണ് ഷാനവാസ് വന്നപ്പോഴുണ്ടായ നേട്ടം. ഇതോടെ പദ്ധതി തന്നെ ഇല്ലാതാവുകയായിരുന്നു. ആസൂത്രണ കമീഷന്‍ അംഗീകരിച്ചുകഴിഞ്ഞാല്‍ അടുത്ത നടപടി കേന്ദ്ര കാബിനറ്റ് അംഗീകരിക്കലാണ്. അതിനുവേണ്ടി ഒന്നുംചെയ്യാതെ മാറിനില്‍ക്കുകയായിരുന്നു എംപി. ഷാനവാസ് ഒന്നും ചെയ്യുന്നില്ലെന്ന് യുഡിഎഫിലെ ഘടകകക്ഷികളും ഇപ്പോള്‍ എംപിയെ സ്തുതിക്കുന്ന മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ അഡ്വ. റഷീദിന്റെ നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മിറ്റിയും നേരത്തെതന്നെ പരസ്യമായി പറഞ്ഞതാണ്. എന്നാല്‍ ഈ കമ്മിറ്റിയെ ഇപ്പോള്‍ ഷാനവാസ് തന്റെ പോക്കറ്റിലാക്കിയതായി സംശയിക്കേണ്ടിയിരിക്കുന്നു. റെയില്‍പാത വേണമെന്ന വയനാട്ടുകാരുടെ ആഗ്രഹത്തെ ആക്ഷന്‍ കമ്മിറ്റിയുടെ പേരില്‍ വല്ലാതെ ചൂഷണംചെയ്യുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നുവന്നിട്ടുണ്ട്. നിലവിലുള്ള നിര്‍ദിഷ്ട നഞ്ചന്‍കോഡ്- നിലമ്പൂര്‍ പാത അട്ടിമറിച്ച് ബത്തേരി- നഞ്ചന്‍കോഡ് പാതയെന്ന് ചുരുക്കി പദ്ധതിയാകെ അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ആസൂത്രണ കമീഷന്റെ അംഗീകാരം ലഭിച്ച പദ്ധതിക്കുവേണ്ടി ഇക്കഴിഞ്ഞ അഞ്ചുവര്‍ഷവും ഒന്നുംചെയ്യാത്ത എം ഐ ഷാനവാസ് വീണ്ടും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ റെയില്‍പാതയുമായി വരികയാണ്. ഈ അവഗണനയ്ക്കും രാഷ്ട്രീയ വഞ്ചനയും ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്ന് കാട്ടുമെന്നും സി കെ ശശീന്ദ്രന്‍ പറഞ്ഞു.ജില്ല സെക്രട്ടേറിയറ്റ് അംഗം വി ഉഷാകുമാരിയും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു

Latest