Connect with us

Palakkad

അനധികൃതമായി കൈവശം വെച്ച പത്ത് ലക്ഷംരൂപയുമായി യുവാവ് പിടിയില്‍

Published

|

Last Updated

പാലക്കാട്: അനധികൃതമായി കൈവശം വെച്ച പത്ത് ലക്ഷംരൂപയുമായി ട്രെയിനില്‍ യാത്രചെയ്യാന്‍ ശ്രമിച്ച കൊള്ളപലിശക്കാരനെ ആര്‍ പി എഫ് പിടികൂടി. കോയമ്പത്തൂര്‍ കാളിയ്യപ്പന്‍തെരുവ് കെ കെ പുത്തൂര്‍ സ്വദേശി സെന്തില്‍കുമാര്‍(40) ആണ് പിടിയിലായത്.
ശനിയാഴ്ച പകല്‍ 11. 45നാണ് സംഭവം. പാലക്കാട് റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് സി ഐ ജി വിജയകുമാറും സംഘവും ഒലവക്കോട് ജംഗ്ഷനിലെത്തുന്ന ട്രെയിനുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന മയക്കുമരുന്ന് സംഘത്തെകുറിച്ചുള്ള രഹസ്യാന്വേഷണത്തിനിടയിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ സെന്തില്‍കുമാറിനെ കാണുന്നത്.
പാലക്കാടിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പിരിച്ച പലിശപ്പണം നിറച്ച ബാഗുമായി മൂന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്സില്‍ കയറവെ സെന്തില്‍കുമാറിനെ പിടികൂടുകയായിരുന്നു.
ബാഗിലടങ്ങിയ 10,41,400 രൂപയും, പണം കൊടുത്തവരുടെ പേരുവിവരങ്ങളും, അക്കൗണ്ട്ബുക്കുകളും ആര്‍ പി എഫ് കണ്ടെടുത്തു. പിന്നീട് ഈ തുക അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന് കൈമാറി. സെന്തില്‍കുമാര്‍ പാലക്കാട്ടെ ഒറ്റപ്പാലം, ലക്കിടി, ശ്രീകൃഷ്ണപുരം, ഷൊര്‍ണൂര്‍ ഭാഗങ്ങളില്‍ 24ശതമാനം പലിശക്ക് കോടിക്കണക്കിന് രൂപ നല്‍കിയിട്ടുണ്ടെന്ന് ആര്‍ പി എഫ് അധികൃതര്‍ പറഞ്ഞു. ഇയാള്‍ പണപ്പിരിവ് നടത്തുന്നതിനായി ഒറ്റപ്പാലത്ത് താമസമുറിയുമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ആര്‍ പി എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ സജി അഗസ്റ്റിന്‍, ലേഡി ഹെഡ് കോണ്‍സ്റ്റബിള്‍ ഫ്രാന്‍സി എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.