ഡോക്ടര്‍മാരുടെ ശീതസമരം: ആശുപത്രി പ്രവര്‍ത്തനം താളംതെറ്റുന്നു

Posted on: January 5, 2014 9:02 am | Last updated: January 5, 2014 at 9:02 am

അഗളി: ഡോക്ടര്‍മാരുടെ ശീതസമരത്തെത്തുടര്‍ന്ന് അട്ടപ്പാടിയില്‍ ആശുപത്രി പ്രവര്‍ത്തനം താളം തെറ്റുന്നു. എല്ലാ തസ്തികകളിലും വിദഗ്ധരെ നിയമിക്കണമെന്നും തങ്ങള്‍ക്കുള്ള അധികജോലിഭാരം ഒഴിവാക്കണമെന്നുമാവശ്യപ്പെട്ടാണ് ശീത സമരം.
ദുര്‍ഘടമേഖലയിലെ സേവനത്തിനുള്ള പി ജി ക്വാട്ട പുനഃസ്ഥാപിച്ചിട്ടില്ല. ആരോഗ്യവകുപ്പിന്റെ പുതിയ കാര്യപത്രികയില്‍ പി ജി ക്വാട്ട ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുമില്ല. അതേ സമയം അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ക്കുള്ള ശമ്പളത്തില്‍ 20,000 രൂപയുടെ വര്‍ധനയും പി ജി ക്വാട്ടയും അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുമുണ്ട്. എന്നാല്‍, എന്‍ ആര്‍ എച്ച് എമ്മില്‍നിന്ന് നിയമിക്കപ്പെട്ട ഡോക്ടര്‍മാര്‍ക്ക് മാത്രമാണിതുവരെ ശമ്പളത്തില്‍ അധികബത്ത ലഭിച്ചത്. ജനറല്‍ മെഡിസിന്‍ ഉള്‍പ്പെടെ ഒമ്പത് വിദഗ്ധ ഡോക്ടര്‍മാരുടെ തസ്തികയാണ് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് അനുവദിച്ചത്.
അഗളി സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് നാലും, എന്നാല്‍, കോട്ടത്തറയിലെത്തിയതാവട്ടെ മൂന്ന് സ്‌പെഷ്യലിസ്റ്റുകള്‍ മാത്രം. ഇതില്‍ രണ്ട് പേര്‍ നീണ്ട അവധിയിലുമാണ്. അസി. സര്‍ജന്മാരാണിവിടെ ഈ ജോലികളെല്ലാം ചെയ്യുന്നത്. വാര്‍ഡുകളിലെ പരിശോധന, കാഷ്വാലിറ്റി എന്നിവയിലെ സേവനത്തിനുശേഷം ഇതുവരെ അധികമായി ചെയ്തിരുന്ന സ്‌പെഷ്യല്‍ ഡ്യൂട്ടികള്‍ ഒഴിവാക്കാനാണ് തീരുമാനം. അഗളി, പുതൂര്‍, ഷോളയൂര്‍ ആശുപത്രികളില്‍ ന്യൂട്രീഷ്യന്‍ റിഹാബിലിറ്റേഷന്‍ സെന്ററുകള്‍ തുറന്നെങ്കിലും കോട്ടത്തറ ആശുപത്രിയിലെ അസി. സര്‍ജനാണ് ഈ മൂന്ന് ക്ലിനിക്കുകളുടെയും ചുമതല വഹിക്കുന്നത്. ദിവസങ്ങള്‍ക്കുമുമ്പ് അട്ടപ്പാടിയിലെത്തിയ ആരോഗ്യമന്ത്രി അട്ടപ്പാടിയിലെ സ്ഥിതിഭദ്രമെന്ന് പ്രഖ്യാപിച്ച് മടങ്ങിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ആശുപത്രിയിലെത്തി മണിക്കൂറുകള്‍ കാത്തിരുന്നശേഷം ആദിവാസികളുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലെ രോഗികള്‍ നിരാശരായി സ്വകാര്യ ആശുപത്രികളിലേക്ക് പോകുന്ന സ്ഥിതിയാണിപ്പോഴുള്ളത്.അഗളിയില്‍ ചേര്‍ന്ന ഡോക്ടര്‍മാരുടെ യോഗത്തില്‍ അധികജോലികളോ നിര്‍ബന്ധിത ജോലികളോ ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നു.