ഈജിപ്തില്‍ ബ്രദര്‍ഹുഡ് ആക്രമണം തുടരുന്നു; 11 മരണം

Posted on: January 5, 2014 1:05 am | Last updated: January 5, 2014 at 1:10 am

കൈറോ: ഈജിപ്തില്‍ ബ്രദര്‍ഹുഡിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രകടനം അക്രമാസക്തം. പോലീസുമായി ഏറ്റുമുട്ടിയ 11 പേര്‍ കൊല്ലപ്പെട്ടു. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 17 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ബ്രദര്‍ഹുഡ് നേതാക്കള്‍ പറയുന്നത്. കൊല്ലപ്പെട്ടവരില്‍ പോലീസുകാരുമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
പോലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കൈറോ, അലക്‌സാന്‍ഡ്രിയ, ഫയോം, ഇസ്മാലിയ എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബ്രദര്‍ഹുഡിനെ ഭീകരവാദ ഗ്രൂപ്പാണെന്ന് നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
വെള്ളിയാഴ്ചയാണ് സംഘര്‍ഷം തുടങ്ങിയത്. പോലീസും പ്രക്ഷോഭകരും തെരുവില്‍ ഏറ്റുമുട്ടി. കല്ലേറും, കൊള്ളിവെപ്പും നടന്നു. പോലീസ് വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. നിരവധി ജില്ലാ ആസ്ഥാനങ്ങളിലും അക്രമങ്ങള്‍ അരങ്ങേറി. 122 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. 52 പേര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം രണ്ട് ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് അക്രമം വ്യാപിച്ചത്. അക്രമങ്ങളുടെ ഉത്തരവാദിത്വം ബ്രദര്‍ഹുഡ് നിഷേധിച്ചു.