ഇസ്‌റാഈല്‍ – ഫലസ്തീന്‍: പ്രശ്‌നം പരിഹരിക്കാനാകാതെ കെറി

Posted on: January 5, 2014 1:08 am | Last updated: January 5, 2014 at 1:08 am

THSRN_KERRY_1709257fവാഷിംഗ്ടണ്‍: പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കന്‍ സെക്രട്ടറി ജോണ്‍ കെറി വിഷമവൃത്തത്തില്‍. ഇസ്‌റാഈല്‍ – ഫലസ്തീന്‍ നേതാക്കള്‍ പരസ്പരം വാക്‌പോര് തുടങ്ങിയതാണ് കെറിയുടെ ഉദ്യമങ്ങള്‍ക്ക് തടസ്സമായത്. ഇസ്‌റാഈല്‍ ഈയിടെ മോചിപ്പിച്ച ഫലസ്തീന്‍ തടവുകാര്‍ക്ക് ഉജ്ജ്വല സീകീരണം നല്‍കിയതിനെതിരെ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശക്തമായി പ്രതികരിച്ചിരുന്നു. യു എസുമായുള്ള ഉടമ്പടിയുടെ അടിസ്ഥാനത്തിലായിരുന്നു ഫലസ്തീന്‍ പൗരന്‍മാര്‍ക്ക് ഇസ്‌റാഈല്‍ മോചനം നല്‍കിയത്. നിഷ്‌കളങ്ക സ്ത്രീയെ കൊലപ്പെടുത്തിയവരെ നായകന്‍മാരെ പോലെ ആനയിക്കുന്നത് പരിധിവിട്ടതാണെന്ന് കെറിയുമായുള്ള വാര്‍ത്താ സമ്മേളനത്തില്‍ നെതന്യാഹു കുറ്റപ്പെടുത്തി. വെള്ളിയാഴ്ച ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും കെറി കൂടിക്കാഴ്ച നടത്തിയിരുന്നു.
മഹ്മൂദ് അബ്ബാസ് മദര്‍ തെരേസയെ പോലെ പ്രവര്‍ത്തിച്ചാലും ഇസ്‌റാഈല്‍ അദ്ദേഹത്തില്‍ തീവ്രവാദം ആരോപിക്കുമെന്നും അതിനാല്‍ ഫലസ്തീനികളുടെ രാഷ്ട്രമെന്ന ആവശ്യം ഇസ്‌റാഈലിന് ഒരിക്കലും സ്വീകരിക്കാന്‍ കഴിയില്ലെന്നും ഫലസ്തീന്‍ കൂടിയാലോചനാ മേധാവി സഈബ് എരകത്ത് ഇതിന് മുറുപടിയെന്നോണം പ്രതിരികരിച്ചു. കെറിയുടെ ഇടപെടലില്‍ സംശയം പ്രകടിപ്പിച്ച് ഫലസ്തീനില്‍ റാലിയും നടന്നിരുന്നു.
കെറിയുടെ ഉദ്യമത്തിലൂടെയാണ് മൂന്ന് വര്‍ഷമായി നിലച്ചുപോയ സമാധാന ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ കഴിഞ്ഞത്. അവസാന വട്ട സമാധാന ചര്‍ച്ചകളിലേക്ക് കാര്യങ്ങള്‍ എത്തിയപ്പോഴാണ് ഇരു രാജ്യങ്ങളും വീണ്ടും ഇതിന് കരിനിഴല്‍ വീഴ്ത്തുന്ന രീതിയിലുള്ള പ്രതികരണങ്ങളുമായി രംഗത്ത് വന്നത്.