അണ്ടര്‍-19 ഏഷ്യാകപ്പ്: ഇന്ത്യ ചാമ്പ്യന്‍മാര്‍

Posted on: January 5, 2014 12:57 am | Last updated: January 5, 2014 at 12:57 am

solഷാര്‍ജ: അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ചാമ്പ്യന്‍മാര്‍. ഫൈനലില്‍ പാക്കിസ്ഥാനെ നാല്‍പത് റണ്‍സിന് തോല്‍പ്പിച്ചു. കഴിഞ്ഞ തവണ മത്സരം ടൈ ആയതിനെ തുടര്‍ന്ന് പാക്കിസ്ഥാനും ഇന്ത്യയും സംയുക്ത ചാമ്പ്യന്‍മാരായിരുന്നു.
ക്യാപ്റ്റന്‍ വിജയ് സോളിന്റെയും (100) വൈസ് ക്യാപ്റ്റന്‍ സഞ്ജു വി സാംസണിന്റെയും (100) സെഞ്ച്വറി മികവില്‍ ഇന്ത്യ അമ്പത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സ് ലക്ഷ്യം വെച്ചു. പാക്കിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 274. ഇടങ്കൈയ്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റും പേസര്‍ ചാമ മിലിന്ദ്, മീഡിയം പേസര്‍ ഹൂഡ, ഓഫ് സ്പിന്നര്‍ സര്‍ഫറാസ് ഖാന്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തിയത് നിര്‍ണായകമായി.
89 പന്തില്‍ പുറത്താകാതെ 102 റണ്‍സടിച്ച കമ്രാന്‍ ഗുലാം പാക് നിരയില്‍ പോരാട്ടം കാഴ്ചവെച്ചു. ഇന്ത്യക്ക് വേണ്ടി വിജയ് സോള്‍ 120 പന്തില്‍ 100 റണ്‍സെടുത്തപ്പോള്‍ സഞ്ജുവിന്റെ ശതകം 87 പന്തിലായിരുന്നു. ഏഴ് ഫോറും രണ്ട് സിക്‌സറും സോള്‍ പറത്തിയപ്പോള്‍ സഞ്ജു എട്ട് ഫോറും നാല് സിക്‌സറുമായി പാക് ബൗളര്‍മാരെ ആക്രമിച്ചു. 59 റണ്‍സില്‍ നില്‍ക്കുമ്പോള്‍ ലൈഫ് ലഭിച്ചത് സഞ്ജുവിന് തുണയായി. കരാമതിനെ ലോംഗ് ഓണിലേക്ക് തൂക്കിയ സഞ്ജുവിന് ചെറുതായൊന്ന് പിഴച്ചു. ബൗണ്ടറിക്കരികില്‍ സഫര്‍ ഗൊഹറിന്റെ കൈകളിലേക്ക്. പക്ഷേ, ക്യാച്ച് വഴുതി. പന്ത് ബൗണ്ടറിയുമായി. പാക്കിസ്ഥാന്റെ കിരീടനഷ്ടമായിരുന്നു ആ ക്യാച്ച് ഡ്രോപ്.
നേരത്തെ, ടോസ് നേടിയ പാക്കിസ്ഥാന്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പാക് നായകന്‍ സമി അസ്‌ലമിന്റെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചു. സെമിഫൈനലിലെ ഹീറോ അങ്കുഷ് ബെയിന്‍സും ഹെര്‍വാദ്കറും മിന്നല്‍ വേഗത്തില്‍ സ്‌കോര്‍ നീക്കി. അങ്കുഷ് ആയിരുന്നു അപകടകാരി. സിയാ ഉല്‍ ഹഖിന്റെ ആദ്യ പന്തില്‍ മൂന്ന് റണ്‍സെടുത്താണ് ബെയിന്‍സ് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് തുറന്നത്. മൂന്നാം പന്തില്‍ ഹെര്‍വാദ്കറിന്റെ ബൗണ്ടറിയും. രണ്ടാം ഓവറില്‍ സല്‍മാന്‍ സഈദിനെ രണ്ട് തവണ ബൗണ്ടറി കടത്തി അങ്കുഷ് റണ്‍വേട്ടയുടെ സൂചന നല്‍കി. മൂന്നാം ഓവറില്‍ ഹെര്‍വാദ്കര്‍ ഒരു ഫോര്‍ നേടിയപ്പോള്‍ നാലാം ഓവറില്‍ അങ്കുഷ് സഈദിനെ ഒരു ഫോറിനും സിക്‌സറിനും ശിക്ഷിച്ചു.
ആറാം ഓവറില്‍ സഫര്‍ ഗൊഹറിന്റെ ആദ്യ മൂന്ന് പന്തും ബൗണ്ടറി കടത്തിയാണ് അങ്കുഷ് എതിരേറ്റത്. ആറ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 60. ഏഴാം ഓവറില്‍ സിയാ ഉല്‍ ഹഖിനെ ബൗണ്ടറി കടത്തിയതിന് പിന്നാലെ ഹെര്‍വാദ്കര്‍ മിഡ്‌വിക്കറ്റില്‍ മുഹമ്മദ് ഉമയറിന് ക്യാച്ചായി. അമിതാവേശം കാണിച്ചാല്‍ ആപത്താണെന്ന് ബോധ്യമായതുകൊണ്ടാകം ക്യാപ്റ്റന്‍ വിജയ് സോളും അങ്കുഷും ശ്രദ്ധിച്ചു കളിക്കാന്‍ ശ്രമിച്ചു. റണ്‍റേറ്റ് കുത്തനെ കുറഞ്ഞു.
പതിമൂന്നാം ഓവറില്‍ അങ്കുഷ് പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 85 മാത്രം. ഹെര്‍വാദ്കര്‍ പുറത്തായതിന് ശേഷം അങ്കുഷ് പുറത്താകുന്നതു വരെ ബൗണ്ടറിയില്ലാതെ സിംഗിളുകളിലായിരുന്നു ഇന്ത്യന്‍ സ്‌കോര്‍ നീങ്ങിയത്. അമിത പ്രതിരോധം ശരിയല്ലെന്ന നിലപാടുമായി സഞ്ജു വി സാംസണ്‍ ക്രീസിലെത്തിയതോടെ സ്‌കോര്‍ ബോര്‍ഡ് ഉണര്‍ന്നു. കരാമതിനെയും സഫറിനെയും ബൗണ്ടറി കടത്തിയ വിജയ് സോള്‍ മികവിലേക്കുയര്‍ന്നു. പതിനേഴാം ഓവറില്‍ കരാമതിനെ ബൗണ്ടറി കടത്തിയ സ ഞ്ജു പത്തൊമ്പതാം ഓവറില്‍ അതേ ബൗളറെ സിക്‌സര്‍ പറത്തിയാണ് ഇന്ത്യന്‍ പവലിയനില്‍ ആരവത്തിന് വഴിയൊരുക്കിയത്. അപ്പോഴേക്കും ഇന്ത്യന്‍ സ്‌കോര്‍ മൂന്നക്കം കടന്നിരുന്നു. ഇരുപതാം ഓവറില്‍ കമ്രാന്‍ ഗുലാമിനെ ബൗണ്ടറി കടത്തിയ സഞ്ജു ഇരുപത്തിരണ്ടാം ഓവറിലെ അവസാന പന്തില്‍ മുഹമ്മദ് ഉമയറിനെ സിക്‌സര്‍ പറത്തി അഗ്രസീവ്‌നെസ് നിലനിര്‍ത്തി.
വിജയ് സോളിന്റെ ആദ്യ സിക്‌സര്‍ പിന്നെയും ഏറെ വൈകിയാണ് പിറന്നത്. മുപ്പത്തിരണ്ടാം ഓവറില്‍ സല്‍മാന്‍ സഈദ് എറിഞ്ഞ ആദ്യ പന്തൊരു ഫുള്ളറായിരുന്നു. അതാ സിക്‌സര്‍, ലോംഗ് ഓണിന് മുകളിലൂടെ. സോളിന്റെ രണ്ടാം സിക്‌സര്‍ മുപ്പത്താറാം ഓവറില്‍. കരാമത് എറിഞ്ഞ ആ ഓവറില്‍ ഒരു ഫോറിന് പിറകെയാണ് സോള്‍ സിക്‌സര്‍ പറത്തിയത്. ഇതേ ഓവറിലെ രണ്ടാം പന്തില്‍ സഞ്ജുവും ഫോറടിച്ചിരുന്നു. 36 ഓവറില്‍ 228ന് രണ്ട് വിക്കറ്റ് എന്ന ഭേദപ്പെട്ട നിലയിലായിരുന്നു ഇന്ത്യ. 41 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ട് വിക്കറ്റിന് 260 എന്ന ശക്തമായ നിലയില്‍ ഇന്ത്യ. 42താം ഓവറിലാണ് വിജയ് സോള്‍ പുറത്താകുന്നത്. മൂന്നാം പന്ത് മിഡ് ഓണിലേക്ക് ഷോട് ഓവര്‍ കളിച്ചു. പക്ഷേ, ഗൊഹറിന്റെ കൈകളില്‍. എന്നാല്‍, അടുത്ത രണ്ട് പന്തും സിക്‌സറടിച്ചു കൊണ്ടാണ് സഞ്ജു കരാമതിന്റെ മുഖത്തെ ചിരി മായ്ച്ചത്. ഇതോടെ, സഞ്ജുവിന്റെ സ്‌കോര്‍ 96 ലെത്തി.
കമ്രാന്‍ ഗുലാം എറിഞ്ഞ നാല്‍പ്പത്തിനാലാം ഓവറിലെ അഞ്ചാം പന്ത് ബാക് ഫൂട്ടില്‍ മിഡ് ഓണിലേക്ക് പഞ്ച് ചെയ്ത് സഞ്ജു തന്റെ തകര്‍പ്പന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി.
അടുത്ത ഓവറിലെ ആദ്യ പന്തില്‍ സഞ്ജു പുറത്തായി.സഫര്‍ ഗൊഹറിന്റെ പന്തില്‍ ഉമയറിന് ക്യാച്ച്. 286/4 എന്ന നിലയില്‍ നിന്ന് ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച നേരിട്ടു. 350ന് മുകളില്‍ വരുമെന്ന് തോന്നിച്ച സ്‌കോരിംഗ് പാക്കിസ്ഥാന്‍ 314 ല്‍ ഒതുക്കി. സര്‍ഫറാസ് ഖാന്‍ (5), ഹൂഡ (13), റിക്കി ബുയി (6), ആമിര്‍ ഗനി (5) എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. കുല്‍ദീപ് യാദവ് (2), അവേഷ് ഖാന്‍ (1) എന്നിവര്‍ നോട്ടൗട്ട്.
പാക് നിരയില്‍ ഓപണറും ക്യാപ്റ്റനുമായി സമി അസ്‌ലം 87 റണ്‍സെടുത്ത് മികച്ച അടിത്തറയൊരുക്കാന്‍ പരിശ്രമിച്ചു. എന്നാല്‍, മധ്യനിര തീര്‍ത്തും നിറം മങ്ങിയത് തിരിച്ചടിയായി. മുഹമ്മദ് ഉമയിര്‍ (17), ഇമാം ഉല്‍ ഹഖ് (18), ഹസന്‍ റാസ (1), സെയ്ഫുല്ല ഖാന്‍ (3) പരാജയപ്പെട്ടു. കമ്രാന്‍ ഗുലാം (102 നോട്ടൗട്ട്) നടത്തിയ പോരാട്ടം വേറിട്ട കാഴ്ചയായി. സഊദ് ഷക്കീല്‍ (8), സഫര്‍ ഗൊഹര്‍ (18), കരാമത് അലി (2), സിയാ ഉല്‍ ഹഖ് (5) എന്നിവരെല്ലാം ഗുലാമിന് പിന്തുണ നല്‍കാന്‍ പോലും നിന്നില്ല.