തെലങ്കാന: 23ന് കിരണ്‍ റെഡ്ഢി രാജിവെച്ചേക്കും

Posted on: January 5, 2014 12:38 am | Last updated: January 5, 2014 at 12:38 am

telangana-mapഹൈദരാബാദ്: തെലങ്കാന വിഷയത്തിലുള്ള ചര്‍ച്ച കഴിഞ്ഞാലുടന്‍ ആന്ധ്രാപ്രദേശ് നിയമസഭ പിരിച്ചുവിടാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഈ മാസം 23ന് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഢി രാജിക്കത്ത് നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്.
പുതിയ രാഷ്ട്രീയ നീക്കത്തിനുള്ള പുറപ്പാടിലാണ് കിരണ്‍ കുമാര്‍ റെഡ്ഢിയെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. കൃത്യസമയത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിന് വേണ്ടി ഇപ്പോള്‍ നിയമസഭ പിരിച്ചുവിടാനും ആലോചനയുണ്ട്. ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ നിന്ന് സീമാന്ധ്രയില്‍ നിന്നുള്ള എം എല്‍ എമാരെ കൂട്ടമായി രാജിവെപ്പിച്ച്, സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ ചെയ്യുക എന്നതാണ് കിരണ്‍കുമാര്‍ റെഡ്ഢിയുടെ പദ്ധതി.
സീമാന്ധ്രയില്‍ നിന്നുള്ള 50 എം എല്‍ എമാരും ചില മന്ത്രിമാരും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് മറ്റു പാര്‍ട്ടികളില്‍ ചേരുമെന്നും വിഭജനത്തിനെതിരെ എന്തെങ്കിലും പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ എന്ന കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രിക്ക് ഉറപ്പ് കിട്ടിയ സാഹചര്യത്തിലാണ് പുതിയ നീക്കം ആരംഭിച്ചിരിക്കുന്നത്. അതുകൊണ്ടാണ് തെലങ്കാന വിഷയത്തിലുള്ള ചര്‍ച്ച അവസാനിച്ചയുടന്‍ രാജിവെക്കാനും നിയമസഭ പിരിച്ചുവിടാനും അദ്ദേഹം ആലോചിക്കുന്നത്. എന്നാല്‍ കാബിനറ്റ് പദവിയിലുള്ള മന്ത്രിമാരില്‍ ചിലര്‍ നിയമസഭ പിരിച്ചുവിടുന്നതിന് അനുകൂലമല്ലെങ്കില്‍ മുഖ്യമന്ത്രി മുന്നോട്ട് വെക്കുന്ന നിര്‍ദേശം ഗവര്‍ണര്‍ തള്ളുകയും ചെയ്യും.