Connect with us

Kerala

കുളമ്പു രോഗം പടരുമ്പോഴും തമിഴ്‌നാട്ടില്‍ നിന്ന് കാലിക്കടത്ത് സജീവം

Published

|

Last Updated

തൊടുപുഴ: കേരളാ-തമിഴ്‌നാട് അതിര്‍ത്തി ചെക്ക് പോസ്റ്റുകളായ ബോഡിമെട്ട്, ചിന്നാര്‍, കമ്പംമെട്ട്, കുമളി എന്നിവ നോക്കുകുത്തിയായതോടെ കുളമ്പുരോഗം ബാധിച്ച കാലികളെ കടത്തുന്നത് വ്യാപകമാകുന്നു. നൂറ് കണക്കിന് കാലികളാണ് കുളമ്പുരോഗം ബധിച്ച് ചത്തത്. നിരോധം നിലനില്‍ക്കുമ്പോഴും അനധികൃത കാലികടത്ത് സജീവമാണ്. കാലികളെ കടത്തുന്നതിനിടെ തിങ്കളാഴ്ച മൂന്ന്‌പേരെ വണ്ടിപ്പെരിയാറില്‍ പിടികൂടിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് എത്തുന്ന സ്വകാര്യ കമ്പനികളുടെ പാലില്‍ ഏറേയും സംശയത്തിന്റെ നിഴലിലാണ്. ഫോര്‍മാലിന്‍, സോഡിയം കാര്‍ബണേറ്റ് എന്നിവ ചേര്‍ത്തപാല്‍ വന്‍തോതില്‍ കേരളത്തിലെത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുകയാണ്.

ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കുന്നതിനാണ് ഇത്തരം മാരകമായ രാസവസ്തുക്കള്‍ പാലില്‍ ചേര്‍ക്കുന്നത്. സാധാരണ പാല്‍ കേടാകാതെ സൂക്ഷിക്കുന്നതിന് ശാസ്ത്രീയമായി സംസ്‌കരിക്കുമ്പോള്‍ ഒരു ലിറ്ററിന് രണ്ട് രൂപവരെ ചെലവ് വരുമെങ്കില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള സംസ്‌കരണത്തിന് പരിമിതമായ ചെലവെ ഉണ്ടാകാറുള്ളു. പതിനായിരം ലിറ്ററിന്റെ ഒരു ടാങ്കര്‍ പാല്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് 20,000 രൂപ ചെലവാകുമെങ്കില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചാല്‍ ഇത് വെറും 250 രൂപയായി കുറയും. ഇത്തരത്തില്‍ കൊള്ളലാഭം ഉണ്ടാക്കു ന്നതിന് സ്വകാര്യ കമ്പനികള്‍ ശ്രമിക്കുമ്പോള്‍ കഥയറിയാതെ പാല്‍വാങ്ങി ഉപയോഗിക്കുന്നവര്‍ സ്വയം അപകടത്തിലേക്ക് നടന്നടുക്കുകയാണ്.
അടുത്ത കാലത്ത് ഫോര്‍മാലിന്‍ ഉപയോഗിച്ചതായി കണ്ടെത്തിയ മൂന്ന് കമ്പനികളുടെ പാല്‍ കേരളത്തില്‍ വില്‍പ്പന നിരോധിച്ചിരുന്നു. എന്നാല്‍ ഇത്തരം നിരോധനങ്ങളും ഫലപ്രദമല്ലെന്നാണ് ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കാരണം കഴിഞ്ഞവര്‍ഷം രാസവസ്തുക്കള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരു കമ്പനിയുടെ പ്രത്യേകബ്രാന്‍ഡിലുള്ള പാല്‍ നിരോധിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം മുതല്‍ ഇതേ കമ്പനി മറ്റൊരു പേരില്‍ പാല്‍ വിപണിയില്‍ എത്തിച്ചു. അടുത്തിടെ ഭക്ഷ്യ വിഷബാധയുണ്ടായ കുട്ടിക്കാനത്തെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഉള്‍പ്പടെ ഈ കമ്പനിയുടെ പാലാണ് ഉപയോഗിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് എത്ര കമ്പനികള്‍ കേരളത്തില്‍ പാലെത്തിക്കുന്നുണ്ടെന്നോ, ഈ കമ്പനികളുടെ വിശ്വസ്തത എന്തെന്നോ പരിശോധിക്കാന്‍ മതിയായ സംവിധാനങ്ങളില്ല. നിരവധി തവണ ബ്ലാക്ക് ലിസ്റ്റില്‍പ്പെടുത്തിയ കമ്പനികള്‍ വീണ്ടും പുനരവതരിച്ച അനുഭവങ്ങള്‍ മുമ്പുണ്ടായിട്ടുണ്ട്. കമ്പനികളെ കണ്ടെത്തി നിരോധിക്കാമെന്നു വെച്ചാലും അതിര്‍ത്തി ഗ്രാമങ്ങളിലെ ചെറുകിട കച്ചവടക്കാരുടെ ഇടപെടല്‍ അവസാനിപ്പിക്കാന്‍ പ്രയാസമാണെന്നും ക്ഷീരവികസന വകുപ്പ് പറയുന്നു.
ഫോര്‍മാലിന്‍ അല്ലെങ്കില്‍ സോഡിയം കാര്‍ബണേറ്റ് കലര്‍ന്ന പാല്‍ സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ മനുഷ്യരുടെ ദഹനപ്രക്രിയയെ തകിടം മറിക്കുകയും കുടലിലെ കാന്‍സറിന് കാരണമാകുകയും ചെയ്യുമെന്ന് ക്ഷീരവികസന വകുപ്പ് അധി കൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം ഹാനികരമായ വസ്തു ക്കള്‍ അടങ്ങിയ പാല്‍ വാങ്ങി ഉപയോഗിക്കാതിരിക്കാന്‍ ജനങ്ങള്‍ സ്വയം ബോധവാന്മാരാവുക മാത്രമാണ് പരിഹാരം. മായം കലര്‍ത്തിയ ആയിരക്കണക്കിന് ലിറ്റര്‍ പാല്‍ ചെക്ക് പോസ്റ്റിലൂടെ നിത്യവും എത്തുമ്പോഴും അധികൃതരുടെ കര്‍ശന പരിശോധനയും പ്രഹസനമാകുകയാണ്. ടാങ്കറുകളിലും അല്ലാതെയും എത്തുന്ന പാലിനെക്കുറിച്ച് പരാതി ഉയര്‍ന്നിട്ട് പതിറ്റാണ്ടുകളായി.

Latest