ഡെയ്‌സി ജേക്കബ് പാര്‍ട്ടി വൈസ് ചെയര്‍പേഴ്‌സന്‍

Posted on: January 5, 2014 12:20 am | Last updated: January 5, 2014 at 12:26 am

daisyകോട്ടയം: മുന്‍ മന്ത്രി ടി എം ജേക്കബിന്റെ ഭാര്യയും മന്ത്രി അനൂപ് ജേക്കബിന്റെ മാതാവുമായ ഡെയ്‌സി ജേക്കബ് സജീവ രാഷ്ട്രീയത്തിലേക്ക്. പാര്‍ട്ടി വൈസ് ചെയര്‍പേഴ്‌സനായി ഡെയ്‌സിയെ തിരഞ്ഞെടുത്തു. കോട്ടയത്ത് ഇന്നലെ ചേര്‍ന്ന കേരള കോണ്‍ഗ്രസ് ജേക്കബിന്റെ സംസ്ഥാന നേതൃ യോഗത്തിലാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്.
പാര്‍ട്ടി വൈസ് ചെയര്‍പേഴ്‌സന്‍ ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ ഏതെങ്കിലും ഡെയ്‌സി ജേക്കബിനു ലഭിക്കുമെന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നത്. ഡെയ്‌സിയെ പാര്‍ട്ടി നേതൃ സ്ഥാനത്ത് കൊണ്ടുവരണമെന്ന് പാര്‍ട്ടി അംഗങ്ങള്‍ നേരത്തെ മുതല്‍ ആവശ്യമുന്നയിച്ചിരുന്നു.
അതേസമയം, ഡെയ്‌സി ജേക്കബിനു വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനം നല്‍കിയാല്‍ മതിയെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ തീരുമാനം അന്തിമമാണെന്നും പാര്‍ട്ടി നയങ്ങള്‍ എല്ലാവരും പാലിക്കണമെന്നും ചെയര്‍മാന്‍ ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടു. ഇതോടെ ഒരുഭാഗം പ്രവര്‍ത്തകര്‍ ബഹളംവെച്ച് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ബേങ്ക് ഉദ്യോഗസ്ഥയായിരുന്ന ഡെയ്‌സി ജേക്കബ് നേരത്തെ മുതല്‍ പാര്‍ട്ടി അംഗമായിരുന്നു.
പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ പിറവം നിയോജകമണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയായി എറണാകുളം ജില്ലാ കമ്മിറ്റിയിലെത്തി. തുടര്‍ന്ന് സംസ്ഥാന കമ്മിറ്റിയില്‍ പ്രവേശിച്ചു. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്നും പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏതു ചുമതലയും സ്വീകരിക്കുമെന്നും ഡെയ്‌സി ജേക്കബ് പറഞ്ഞു. ഡെയ്‌സിയുടെ പ്രവേശം പാര്‍ട്ടിക്കു ഗുണം ചെയ്യുമെന്ന് ജോണി നെല്ലൂര്‍ അറിയിച്ചു.